
ഡബ്ലിൻ: അയർലൻഡിൽ വംശീയാധിക്ഷേപങ്ങളും ആക്രമണങ്ങളും വർധിച്ചുവരുന്നതായി റിപ്പോർട്ട്. അടുത്തിടെ മൂന്ന് കൗമാരക്കാരുടെ ആക്രമണത്തിനിരയായ 22 വയസ്സുള്ള ഇന്ത്യൻ യുവാവാണ് എൻഡിടിവിയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. തൻ്റെ താമസസ്ഥലത്തേക്ക് ബസ്സിറങ്ങി നടന്നുപോകുമ്പോൾ മൂന്ന് കൗമാരക്കാർ വളയുകയും, കഴുത്തിൽ കത്തിവെച്ച് പണം ആവശ്യപ്പെടുകയും ചെയ്തതായി യുവാവ് പറഞ്ഞു.
പണം കൈവശമില്ലെന്ന് പറഞ്ഞപ്പോൾ അവർ മോശമായി സംസാരിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. പിടിവലിക്കിടെ പ്രധാന അക്രമി കത്തികൊണ്ട് കോളർബോണിൽ കുത്തി പരിക്കേൽപ്പിച്ചതായും, കത്തിക്ക് മൂർച്ച കുറവായതിനാൽ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. അവര്‍ 16മുതൽ 19 വരെ വയസുള്ള കുട്ടികളാണെന്നും സാധാരണ സുരക്ഷിതമായ പ്രദേശമായി കണക്കാക്കുന്ന സ്ഥലത്താണ് ഈ ആക്രമണമുണ്ടായതെന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറയുന്നു.
ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, ഇത് ഇന്ത്യക്കാർക്ക് നേരെ നടക്കുന്ന തുടർച്ചയായ ആക്രമണങ്ങളുടെ ഭാഗമാണെന്ന് യുവാവ് പറഞ്ഞു. അടുത്തിടെ വാട്ടർഫോർഡ് നഗരത്തിൽ ആറ് വയസ്സുകാരിയായ ഇന്ത്യൻ വംശജയായ പെൺകുട്ടിക്ക് നേരെയും സമാനമായ ആക്രമണമുണ്ടായിരുന്നു. കൗമാരക്കാരായ കുട്ടികൾ അവളെ വംശീയമായി അധിക്ഷേപിക്കുകയും ഇന്ത്യയിലേക്ക് തിരിച്ചുപോകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ആക്രമണങ്ങൾ വർധിക്കുമ്പോഴും, പൊലീസ് ഇതിനെ നിസ്സാരമായി കാണുകയാണെന്ന യുവാവ് ആരോപിച്ചു. താൻ ഡബ്ലിനിലെ സ്ഥിതിഗതികൾ ശ്രദ്ധിക്കുന്നുണ്ടെന്നും, ഓരോ ദിവസവും രണ്ടോ മൂന്നോ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിദ്യാർഥികൾ നിയമവിരുദ്ധമായി കുടിയേറിയവരല്ലെന്നും, ഉയർന്ന ഫീസ് നൽകിയാണ് ഇവിടെ പഠിക്കുന്നതെന്നും, അതിനാൽ സുരക്ഷ ഉറപ്പാക്കേണ്ടത് അയർലൻഡ് സർക്കാരിൻ്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഇത്തരം ആക്രമണങ്ങൾ ഐറിഷ് സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് അയർലൻഡ്-ഇന്ത്യ കൗൺസിൽ ചെയർമാൻ പ്രശാന്ത് ശുക്ല പറഞ്ഞു. തീവ്രവാദ ഗ്രൂപ്പുകളുടെ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും, സാമൂഹിക മാധ്യമങ്ങളിലെ വിദ്വേഷ പ്രചാരണവും കുടിയേറ്റ വിരുദ്ധ വികാരം വർദ്ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിദ്വേഷ പ്രചാരണത്തിൻ്റെ ഉറവിടം കൂടുതൽ അന്വേഷിക്കണം, കാരണം ഇത്തരം ചില ഫോൺ കോളുകൾ വിദേശ നമ്പറുകളിൽ നിന്നാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൻ്റെ ഗൗരവം ബോധ്യപ്പെടുത്തിക്കൊണ്ട് നീതിന്യായ, വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ചെന്നും, അവർ പിന്തുണ അറിയിച്ചതായും നിയമങ്ങളിൽ മാറ്റം വരുത്താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.