
വാഷിങ്ടണ്‍: അമേരിക്കയിലെ മോട്ടലിൽ ഇന്ത്യക്കാരനെ തലയറുത്തു കൊന്നു. കർണാടക സ്വദേശിയായ മോട്ടൽ മാനേജർ ചന്ദ്ര നാഗമല്ലയ്യ (50) ആണ് കൊല്ലപ്പെട്ടത്. മോട്ടലിലെ ജീവനക്കാരനായ യോർദാനിസ് കോബോസ്-മാർട്ടിനെസ് (39) ആണ് കൊലയാളി. ഡാലസിലെ മോട്ടലിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. കേടായ വാഷിങ് മെഷീനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് ക്രൂരമായ സംഭവം നടന്നത്.
യോർദാനിസ് കോബോസ്-മാർട്ടിനെസും മറ്റൊരു ജീവനക്കാരിയും മോട്ടലിലെ മുറി വൃത്തിയാക്കുന്നതിനിടെ നാഗമല്ലയ്യ അവിടെയെത്തി. കേടായ വാഷിങ് മെഷീൻ ഉപയോഗിക്കരുതെന്ന് മാർട്ടിനെസിനോട് പറയണമെന്ന് നാഗമല്ലയ്യ ജീവനക്കാരിയോട് പറഞ്ഞു. തന്നോട് നേരിട്ട് പറയാതെ മറ്റൊരു ജീവനക്കാരിയോട് ഇക്കാര്യം പറഞ്ഞതിനെ മാർട്ടിനെസ് ചോദ്യംചെയ്തു. വാക്കുതർക്കത്തിനിടെ മാർട്ടിനെസ് നാഗമല്ലയ്യയെ പലതവണ കുത്തി. തുടർന്ന് നാഗമല്ലയ്യ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മാർട്ടിനെസ് പിന്തുടർന്നു.
നാഗമല്ലയ്യയുടെ ഭാര്യയും 18കാരനായ മകനും മാർട്ടിനെസിനെ തടയാൻ ശ്രമിച്ചെങ്കിലും അയാൾ അവരെ തള്ളിമാറ്റി. തുടർന്ന് മാർട്ടിനെസ് നാഗമല്ലയ്യയുടെ തലയറുത്ത് മാറ്റുകയും ചെയ്തു. അരിശം തീരാതെ അറുത്തിട്ട തലയിൽ മാർട്ടിനെസ് ചവിട്ടി. എന്നിട്ട് അറുത്തെടുത്ത തല ചവറ്റുകുട്ടയിൽ ഇടുകയും ചെയ്തു. ഇയാളെ ഉടൻ പൊലീസെത്തി അറസ്റ്റ് ചെയ്തു. പൊലീസ് വരുമ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു പ്രതി.
ജോലി സ്ഥലത്ത് ഇന്ത്യക്കാരൻ അതിക്രൂരമായി കൊല്ലപ്പെട്ടെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. നാഗമല്ലയ്യയുടെ കുടുംബത്തെ ഇന്ത്യൻ കോൺസുലേറ്റ് അനുശോചനം അറിയിച്ചു. കുടുംബവുമായി ബന്ധപ്പെടുകയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രതി നിലവിൽ ഡാലസ് പൊലീസിന്‍റെ കസ്റ്റഡിയിലാണെന്നും ഇന്ത്യൻ കോണ്‍സുലേറ്റ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam