
കുവൈത്ത് സിറ്റി: തായ്ലൻഡിൽ നിന്ന് എയർ കാർഗോ വഴി കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച ഏകദേശം 10 കിലോഗ്രാം കഞ്ചാവ് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പാഴ്സൽ കൈപ്പറ്റാനെത്തിയ ഒരു ഇന്ത്യൻ പൗരനെ സുരക്ഷാസേന അറസ്റ്റ് ചെയ്തു.
മേശയും അലങ്കാര വിളക്കുകളുമാണ് പാഴ്സലിലുള്ളതെന്നാണ് രേഖകളിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. അലങ്കാര വിളക്കുകൾ അടങ്ങിയ കാർട്ടൺ ബോക്സിനുള്ളിൽ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് വളരെ പ്രൊഫഷണലായി അടിഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് ശേഖരം.
മയക്കുമരുന്ന് നിയന്ത്രണ വിഭാഗവുമായി ഏകോപിച്ച് നടത്തിയ നീക്കത്തിനൊടുവിലാണ് പാഴ്സൽ സ്വീകരിക്കാനെത്തിയ ഇന്ത്യക്കാരനെ അധികൃതർ വലയിലാക്കിയത്. പിടിച്ചെടുത്ത മയക്കുമരുന്നും പ്രതിയെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. രാജ്യത്തിന്റെ അതിർത്തികളിലും പോർട്ടുകളിലും പരിശോധന കൂടുതൽ കർശനമാക്കുമെന്നും മയക്കുമരുന്ന് കടത്ത് ശ്രമങ്ങൾക്കെതിരെ ശക്തമായ നിലപാട് തുടരുമെന്നും കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam