
ഒട്ടാവ : കാനഡയിൽ സന്ദർശക വിസയിലെത്തിയ ഇന്ത്യൻ പൗരൻ, സ്കൂളിന് പുറത്തുവെച്ച് രണ്ട് സ്കൂൾ പെൺകുട്ടികളെ ശല്യം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ടു. ജഗ്ജിത് സിങ് എന്ന 51 കാരനാണ് പിടിയിലായത്. പേരക്കുട്ടിയെ കാണാനായി കഴിഞ്ഞ ജൂലൈയിലായിരുന്നു കാനഡയിലെത്തിയത്. കേസിൽ ശിക്ഷക്കപ്പെട്ട ഇയാളെ ഉടൻ ഇന്ത്യയിലേക്ക് നാടുകടത്തും. കാനഡയിലേക്ക് തിരികെ വരുന്നതിന് ഇയാൾക്ക് വിലക്കും ഏർപ്പെടുത്തിയതായി കോടതി ഉത്തരവിട്ടു.
കഴിഞ്ഞ ജൂലൈയിൽ കാനഡിയിൽ ജനിച്ച തന്റെ പേരക്കുട്ടിയെ കാണാൻ ആറു മാസത്തെ സന്ദർശക വിസയിലാണ് ജഗ്ജിത് സിങ് ഒന്റാരിയോയിലെത്തിയത്. സിംഗ് പ്രദേശത്തെ പ്രാദേശിക ഹൈസ്കൂളിന് പുറത്തുള്ള പുകവലി കേന്ദ്രത്തിൽ പതിവായി എത്തുകയും ഇവിടെ വെച്ച് പെൺകുട്ടികളെ ശല്യപ്പെടുത്തുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് ആരോപണം. സെപ്റ്റംബർ 8 മുതൽ 11 വരെ ഇയാൾ നിരവധി തവണ യുവതികളെ സമീപിക്കുകയും അവരോടൊപ്പം ഫോട്ടോയെടുക്കാൻ ശ്രമിക്കുകയും മയക്കു മരുന്നിനെക്കുറിച്ചും മദ്യത്തെക്കുറിച്ചും സംസാരിക്കുകയും ചെയ്തുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്ത സിംഗ്, സ്കൂളിൽ നിന്ന് വിദ്യാർത്ഥിനികൾ പുറത്തുവരുമ്പോൾ അവരെ പിന്തുടരുകയും ചെയ്തിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സെപ്റ്റംബർ 16-ന് അറസ്റ്റിലായ ഇയാൾക്കെതിരെ ലൈംഗിക അതിക്രമം, ലൈംഗിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി. ദിവസങ്ങൾക്കകം ജാമ്യം ലഭിച്ചെങ്കിലും അതേ ദിവസം തന്നെ ലഭിച്ച പുതിയ പരാതിയെ തുടർന്ന് വീണ്ടും അറസ്റ്റിലായി. സ്വന്തം പേരക്കുട്ടിയൊഴികെ 16 വയസ്സിന് താഴെയുള്ള ആരുമായും ഇടപഴകുന്നതിനും, സ്വിമ്മിംഗ് പൂൾ, സ്കൂൾ, കളിസ്ഥലം, പാർക്ക്, കമ്മ്യൂണിറ്റി സെന്റർ എന്നിവയുടെ 100 മീറ്റർ ചുറ്റളവിൽ പ്രവേശിക്കുന്നതിനും ഇയാൾക്ക് വിലക്കുണ്ട്.