അമേരിക്കയിൽ ഇന്ത്യാക്കാരനായ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ; അഞ്ച് വയസുകാരിക്ക് ഗുരുതര പരിക്കേറ്റ 2024 ലെ അപകടത്തിന് കാരണക്കാരനെന്ന് പൊലീസ്

Published : Sep 26, 2025, 01:01 PM IST
Indian Truck Driver Arrested in US

Synopsis

കാലിഫോർണിയയിൽ 2024 ൽ അഞ്ച് വയസുകാരിക്ക് അതീവ ഗുരുതരമായി പരിക്കേറ്റ ട്രക്ക് അപകടവുമായി ബന്ധപ്പെട്ട് ഇന്ത്യാക്കാരനായ പർതാപ് സിംഗ് പൊലീസിൻ്റെ പിടിയിലായി. അപകടത്തിന് കാരണം പർതാപ് ട്രക്ക് അശ്രദ്ധയോടെ ഓടിച്ചതാണെന്ന് കണ്ടെത്തി.

കാലിഫോർണിയ: കഴിഞ്ഞ വർഷം കാലിഫോർണിയയിൽ അഞ്ച് വയസുകാരിക്ക് അതീവ ഗുരുതരമായി പരിക്കേൽക്കാൻ കാരണമായ വൻ അപകടത്തിന് കാരണക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇന്ത്യാക്കാരനായ ട്രക്ക് ഡ്രൈവർ അറസ്റ്റിലായി. പർതാപ് സിംഗ് എന്നയാളാണ് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിൻ്റെ പിടിയിലായത്. ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാകുന്നത് വരെ ഇയാൾ ഇവിടെ തുടരും. അതിനിടെ പർതാപ് സിംഗ് നിയമപരമായ മാർഗത്തിലൂടെയല്ല അമേരിക്കയിലെത്തിയതെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്.

കാലിഫോർണിയ ഹൈവേ പട്രോൾ (CHP) ട്രാഫിക് ക്രാഷ് റിപ്പോർട്ട് പ്രകാരം പർതാപ് സിംഗ് ഓടിച്ച ട്രക്കിൻ്റെ അമിത വേഗമാണ് അപകടത്തിന് കാരണമായത്. അഞ്ച് വയസ്സുകാരി ഡാലീല കോൾമാൻ്റെ ജീവിതം മാറ്റിമറിച്ച അപകടമാണിത്. തലയോട്ടിയിലും തുടയെല്ലിലും പൊട്ടലുണ്ടായി അത്യാസന്ന നിലയിലായ പെൺകുട്ടിയെ അപകടസ്ഥലത്ത് നിന്ന് എയർലിഫ്റ്റ് ചെയ്താണ് ആശുപത്രിയിലേക്ക് മാറ്റിയത്. ആഴ്ചകളോളം കോമയിൽ കഴിഞ്ഞ പെൺകുട്ടിയെ തുടർശസ്ത്രക്രിയകളിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും ജീവിതം ഇനി പൂർവ സ്ഥിതിയിലാകുമോയെന്ന് ഉറപ്പില്ല. ആജീവനാന്ത ചികിത്സ കുട്ടിക്ക് ആവശ്യമായി വരുമെന്നാണ് വൈദ്യ സംഘത്തിൻ്റെ വിലയിരുത്തൽ. 

അനധികൃതമായി അമേരിക്കയിലെത്തിയ പർതാപ് സിംഗിന് കാലിഫോർണിയ മോട്ടോർ വാഹന വകുപ്പാണ് ലൈസൻസ് അനുവദിച്ചതെന്നാണ് വിവരം. സമീപകാലത്ത് അപകടവുമായി ബന്ധപ്പെട്ട് അമേരിക്കയിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ ഇന്ത്യൻ ട്രക്ക് ഡ്രൈവറാണ് പർതാപ് സിംഗ്. ഓഗസ്റ്റിൽ അശ്രദ്ധമായി ട്രക്ക് യു ടേൺ എടുത്തപ്പോഴുണ്ടായ അപകടവുമായി ബന്ധപ്പെട്ട് ഹർജീന്ദർ സിംഗ് എന്നയാൾ അറസ്റ്റിലായിരുന്നു. മൂന്ന് പേരാണ് അന്ന് അപകടത്തിൽ മരിച്ചത്. ഇയാളും അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ ആളായിരുന്നു. ഈ അപകടത്തെ തുടർന്ന് വിദേശികളായ വാണിജ്യ ട്രക് ഡ്രൈവർമാർക്ക് പുതുതായി തൊഴിൽ വിസ അനുവദിക്കുന്നത് നിർത്തിയിരുന്നു. അന്ന് ഗതാഗത വകുപ്പിന്റെ ഫെഡറൽ മോട്ടോർ കാരിയർ സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (എഫ്എംസിഎസ്എ) അന്വേഷണം നടത്തിയപ്പോൾ ഹർജീന്ദർ സിംഗിൻ്റെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം (ELP) വിലയിരുത്തിയിരുന്നു. എന്നാൽ 12 ഇംഗ്ലീഷ് വാക്കുകളിൽ രണ്ടെണ്ണത്തിന് മാത്രമാണ് ഇദ്ദേഹം ശരിയുത്തരം നൽകിയത്. നാല് ഹൈവേ ട്രാഫിക് അടയാളങ്ങളിൽ ഒന്ന് മാത്രമാണ് ഇയാൾക്ക് കൃത്യമായി തിരിച്ചറിയാൻ സാധിച്ചത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിട്ടുവീഴ്ചയില്ലാതെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സമാധാന ചർച്ചകളും പരാജയപ്പെട്ടു, അതിർത്തികളിൽ കനത്ത വെടിവെപ്പ്
'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്