
കോടികൾ ആസ്തിയുള്ള ഒരു ടെക് കമ്പനി സിഇഒ തന്റെ ഔദ്യോഗിക ജീവിതവും വ്യക്തിജീവിതവും ഒരുപോലെ ബാലൻസ് ചെയ്യുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തുന്ന ഒരു കുറിപ്പ് വൈറലാവുകയാണ്. യുഎസ് ടെക് കമ്പനിയുടെ സിഇഒ ആയ ഇന്ത്യൻ വംശജ ഞായറാഴ്ചകളിലും ജോലി ചെയ്തിട്ടും തന്റെ ജീവിതം സന്തുലിതമായി കൊണ്ടുപോകുന്നത് എങ്ങനെയെന്നാണ് അവര്‍ കുറിപ്പിൽ വിശദീകരിക്കുന്നത്. 34 ബില്യൺ ഡോളർ സോഫ്റ്റ്‌വെയർ കമ്പനിയായ ഹബ്‌സ്‌പോട്ടിന്റെ സിഇഒ യാമിനി രംഗനാണ് തന്റെ അനുഭവം പറയുന്നത്.
ദ ഗ്രിറ്റ് പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അവര്‍. താൻ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ചകളിലും ജോലിയിൽ നിന്ന് അവധിയെടുത്ത് മാറിനിൽക്കും. ഈ സമയത്ത് ഓഫീസുമായി ബന്ധപ്പെട്ട യാതൊരു കാര്യങ്ങളിലും പ്രതികരിക്കാറില്ല. ഗോൾഡ്മാൻ സാച്ച്സിൽ മാനേജിംഗ് ഡയറക്ടറായ ഭർത്താവിനോടൊപ്പം ഈ സമയം അവർ ചെലവഴിക്കും. അതേസമയം, തന്റെ ആഴ്ച തുടങ്ങുന്ന ഞായറാഴ്ചയാണ്. ഞായറാഴ്ച് തന്റെ വ്യക്തിപരമായ ജോലി ദിവസമായി ഉപയോഗിക്കും.
ഞായറാഴ്ച ജോലി ചെയ്യുന്നതിൽ എനിക്ക് വിഷമം തോന്നാറില്ല, ഞാൻ അത് ആസ്വദിക്കുന്നുണ്ട്.ജോലിയിൽ നിന്ന് മാറിനിൽക്കാനാണ് എനിക്ക് ബുദ്ധിമുട്ട്. എങ്കിലും വെള്ളി രാത്രിയും ശനിയാഴ്ച മുഴുവനും അവധിയെടുക്കും. ഈ സമയത്ത്, അവർ ഭർത്താവിനോടൊപ്പം നടക്കാനും യോഗ ചെയ്യാനും ധ്യാനിക്കാനും വായിക്കാനും സമയം ചെലവഴിക്കുന്നു. 'എന്താണ് ഞാൻ പഠിക്കുന്നത്, എന്താണ് ചെയ്യുന്നത്, എന്താണ് ചിന്തിക്കുന്നത്, എന്താണ് എഴുതുന്നത് എന്ന് തീരുമാനിക്കാൻ എനിക്ക് സാധിക്കുന്നു. അത് പൂർണ്ണമായും എന്റെ ഷെഡ്യൂളാണ്".
ഇടവേളകളെടുക്കാതിരുന്നപ്പോൾ, എനിക്ക് തളർച്ച അനുഭവപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ശനിയാഴ്ചകൾ തനിക്ക് വിലപ്പെട്ടതാണ്. താൻ ഞായറാഴ്ചകളിൽ ജോലി ചെയ്യുമെങ്കിലും, തന്റെ ജീവനക്കാർ മെയിലുകൾക്ക് മറുപടി നൽകണമെന്ന് താൻ ആഗ്രഹിക്കുന്നില്ല. തിങ്കളാഴ്ച അതിരാവിലെ ഇൻബോക്സുകളിലേക്ക് എത്തേണ്ട ഇമെയിലുകൾ ഷെഡ്യൂൾ ചെയ്യാനാണ് ഞായറാഴ്ചകളിൽ സമയം ചെലവഴിക്കുന്നത്. സാധാരണ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 6 മണിയോടെ ജോലി തുടങ്ങും, ഏഴ് മണിയോടെ കോൺഫറൻസ് കോളുകളിൽ പങ്കെടുക്കും. രാത്രി 11 മണി വരെയും താൻ ജോലി തുടരുമെന്നും അവര്‍ പറയുന്നു.
കൊവിഡിന് തൊട്ടുമുന്‍പാണ് യാമിനി മാർക്കറ്റിംഗ് സോഫ്റ്റ്‌വെയർ കമ്പനിയിൽ ചേർന്നത്. 2021 സെപ്റ്റംബറിൽ അവർ ഹബ്‌സ്‌പോട്ടിന്റെ സിഇഒ ആയി. ഡ്രോപ്പ്ബോക്സ്, വർക്ക്ഡേ, എസ്എപി തുടങ്ങിയ മറ്റ് വലിയ കമ്പനികളിലും അവർ നേതൃസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.ദക്ഷിണേന്ത്യയിലാണ് ജനിച്ചതും വളർന്നതും. ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ നിന്ന് കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പഠിച്ച ശേഷം 21-ാം വയസ്സിൽ യുഎസിലേക്ക് പോയി. കാലിഫോർണിയ സർവകലാശാലയിലെ ബെർക്ക്‌ലിയിലെ ഹാസ് സ്കൂൾ ഓഫ് ബിസിനസ്സിൽ നിന്ന് എംബിഎ നേടി. 26 മില്യൺ ഡോളർ ശമ്പളത്തോടെ, യുഎസിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ വംശജരായ സിഇഒമാരിൽ ഒരാളാണ് ഇപ്പോൾ അവർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam