
എഡ്മോണ്ടൻ: കാനഡയിൽ വീണ്ടും ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടു. 20 വയസുകാരനായ ഹർഷൻദീപ് സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ ഇവാൻ റെയിൻ, ജൂഡിത്ത് സോൾട്ടോക്സ് എന്നിവരാണ് അറസ്റ്റിലായത്. കാനഡയിലെ എഡ്മണ്ടനിലാണ് സംഭവം.
വെള്ളിയാഴ്ച പുലർച്ചെ 12:30 ഓടെയാണ് ഹർഷൻദീപ് സിംഗ് കൊല്ലപ്പെട്ടത്. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്ന ഹർഷൻദീപിനെ മൂന്നംഗ സംഘം ചേർന്ന് ആക്രമിക്കുകയും വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഒരാൾ ഹർഷൻദീപിനെ കോണിപ്പടിയിൽ നിന്ന് താഴേക്ക് തള്ളിയിടുകയും മറ്റൊരാൾ പിന്നിൽ നിന്ന് വെടിയുതിർക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഹർഷൻദീപ് സിംഗിനെ കോണിപ്പടിയിൽ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തി. ഉടൻ തന്നെ ഹർഷൻദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതികൾ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇന്ത്യൻ വംശജനായ ഒരാൾ കൊല്ലപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. അടുത്തിടെ കാനഡയിലെ ഒൻ്റാറിയോ പ്രവിശ്യയിൽ 22കാരനായ ഇന്ത്യൻ വിദ്യാർത്ഥിയെ റൂംമേറ്റ് കുത്തിക്കൊലപ്പെടുത്തിയിരുന്നു. ലാംബ്ടൺ കോളേജിലെ ഒന്നാം വർഷ ബിസിനസ് മാനേജ്‌മെൻ്റ് വിദ്യാർത്ഥിയായിരുന്ന ഗുറാസിസ് സിംഗാണ് കൊല്ലപ്പെട്ടത്.
READ MORE: കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ റൂംമേറ്റ് കുത്തിക്കൊന്നു; പ്രതി അറസ്റ്റിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam