ന്യൂയോർക്കിൽ മേയർ സൊഹ്റാൻ മംദാനിയുടെ വസതിക്ക് പുറത്ത് നടന്ന ഇസ്‌ലാം വിരുദ്ധ പ്രതിഷേധത്തിനിടെ സ്ഫോടക വസ്തു എറിഞ്ഞു. പോലീസ് ബാരിക്കേഡിൽ തട്ടി വീണതിനാൽ വൻ അപകടം ഒഴിവായി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, തീവ്രവലതുപക്ഷ ഇൻഫ്ലുവൻസറായ ജെയ്‌ക്ക് ലാങ്ങിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ന്യൂയോർക്ക്: ന്യൂയോർക്കിൽ നടന്ന ഇസ്‌ലാം വിരുദ്ധ പ്രതിഷേധത്തിനിടെ മേയർ സൊഹ്റാൻ മംദാനിയുടെ വസതിക്ക് പുറത്ത് സ്‌ഫോടക വസ്തു എറിഞ്ഞു. പൊലീസ് ബാരിക്കേഡിൽ തട്ടി വീണ സ്ഫോടക വസ്‌തു പൊട്ടിയില്ല. ഇതിനാൽ വലിയ അപകടം ഒഴിവായി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം നടക്കുമ്പോൾ മേയർ സൊഹ്റാൻ മംദാനി വസതിയിൽ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

തീവ്രവലതുപക്ഷ ഇൻഫ്ലുവൻസറായ ജെയ്‌ക്ക് ലാങ്ങിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 'സ്റ്റോപ്പ് ഇസ്‌ലാമിക് ടേക്ക് ഓവർ ഓഫ് ന്യൂയോർക്ക് സിറ്റി' എന്ന പേരിലായിരുന്നു പ്രതിഷേധ പ്രകടനം. ന്യൂയോർക് നഗരത്തിൽ നടക്കുന്ന ഇസ്‌ലാമികവൽക്കരണം അവസാനിപ്പിക്കുകയെന്ന ആവശ്യമാണ് പ്രതിഷേധക്കാർ മുന്നോട്ട് വച്ചത്. എന്നാൽ പ്രതിഷേധക്കാരല്ല സ്ഫോടക വസ്തു എറിഞ്ഞതെന്നും പ്രതിഷേധക്കാർക്ക് നേരെ മറ്റൊരു വ്യക്തിയാണ് സ്ഫോടക‌ വസ്‌തു എറിഞ്ഞതെന്നും പൊലീസ് പറയുന്നു. ബോൾട്ടുകളും സ്ക്രൂകളും നിറച്ചതായിരുന്നു സ്ഫോടകവസ്തു. ഇതിന് പിന്നാലെ പ്രതിഷേധക്കാർക്കിടയിൽ നിന്ന ആരോ പെപ്പർ സ്പ്രേ ഉപയോഗിച്ചു. തുടർന്ന് പ്രതിഷേധം അക്രമാസക്തമായി.

അമേരിക്കയിൽ നടന്ന ജനുവരി 6-ലെ കലാപക്കേസിൽ പ്രതിയാണ് ജെയ്‌ക്ക് ലാങ്. ഇതേ തുടർന്ന് ജയിലിലായിരുന്ന ഇയാൾ വീണ്ടും ഡോണൾഡ് ട്രംപ് അധികാരത്തിലേറിയ ശേഷം യുഎസ് പ്രസിഡൻ്റിൻ്റെ പ്രത്യേക ഇളവ് ലഭിച്ചാണ് ജയിൽ മോചിതനായത്. നിലവിൽ ഫ്ലോറിഡയിൽ നിന്ന് സെനറ്റിലേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്ന ജെയ്‌ക് ലാങ് തൻ്റെ ജനസാധ്വീനം ശക്തിപ്പെടുത്താൻ കൂടി ലക്ഷ്യമിട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നാണ് വിലയിരുത്തൽ. ഈ സംഭവം ന്യൂയോർക്കിൽ വലിയ സുരക്ഷാ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്.