
ന്യൂയോർക്ക്: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനോടുള്ള മിസ്സിസിപ്പി യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ വംശജയായ വിദ്യാർഥിനിയുടെ ചോദ്യവും ഉത്തരവും സോഷ്യൽ മീഡിയയിൽ വൈറലായി. ടേണിംഗ് പോയിന്റ് യു എസ് എ സംഘടിപ്പിച്ച സംവാദത്തിനിടെയായിരുന്നു ഇന്ത്യൻ വംശജയായ വിദ്യാർഥിനി അമേരിക്കൻ വൈസ് പ്രസിഡന്‍റിനോട് ചോദ്യം ചോദിച്ചത്. ട്രംപ് ഭരണകൂടത്തിന്റെ കർശന കുടിയേറ്റ നയങ്ങളെയും വാൻസിന്റെ വിശ്വാസപരമായ പരാമർശങ്ങളെയും ചോദ്യം ചെയ്യുകയായിരുന്നു വിദ്യാർഥിനി. 'നിങ്ങൾ പറയുന്നത് ഇവിടെ കുടിയേറ്റക്കാർ അധികം ഉണ്ടെന്നാണ്. എപ്പോഴാണ് നിങ്ങൾ ആ എണ്ണം തീരുമാനിച്ചത്? നിങ്ങൾ ഞങ്ങൾക്ക് ഒരു സ്വപ്നം വിറ്റു, ഞങ്ങളുടെ യൗവനവും സമ്പത്തും ഈ രാജ്യത്ത് ചെലവഴിക്കാൻ പ്രേരിപ്പിച്ചു. നിങ്ങൾ ഞങ്ങൾക്ക് ഒന്നും കടപ്പെട്ടിട്ടില്ല, ഞങ്ങൾ കഠിനാധ്വാനം ചെയ്തു, അങ്ങനെയാണ് യു എസിൽ ജീവിക്കുന്നത്' - എന്നായിരുന്നു വിദ്യാർഥിനി പറഞ്ഞത്. 'പിന്നെ എങ്ങനെയാണ് ഇപ്പോൾ യു എസിൽ കുടിയേറ്റക്കാർ ഒരുപാടുണ്ട്, അവരെ പുറത്താക്കും എന്ന് വൈസ് പ്രസിഡന്റ് എന്ന നിലയിൽ നിങ്ങൾ പറയുന്നത്' എന്നും വിദ്യാർഥിനി ചോദിച്ചു. നിങ്ങൾ ആവശ്യപ്പെട്ട പണം നൽകി നിയമപരമായി ഇവിടെ എത്തിയവരെ പുറത്താക്കുന്നതിലെ നീതിയും വിദ്യാർഥിനി ചോദ്യമാക്കി. വലിയ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ ഈ ചോദ്യത്തിന് ലഭിക്കുന്നത്. അമേരിക്കൻ വൈസ് പ്രസിഡന്‍റിനെ വിറപ്പിച്ച ചോദ്യം എന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ വംശജയായ വിദ്യാർഥിനിയുടെ ചോദ്യത്തിന് വാൻസ് തന്റെ ഉറച്ച് നിലപാടിൽ നിന്നുകൊണ്ടുള്ള മറുപടിയാണ് നൽകിയത്. 'ഒരാൾ, പത്ത് പേർ അല്ലെങ്കിൽ നൂറ് പേർ നിയമപരമായി വന്ന് അമേരിക്കയ്ക്ക് സംഭാവന നൽകിയെന്ന് കരുതി, അതിനർഥം ഭാവിയിൽ ഒരു മില്യൺ, പത്ത് മില്യൺ അല്ലെങ്കിൽ നൂറ് മില്യൺ പേരെ കൊണ്ടുവരാൻ ബാധ്യസ്ഥരാണെന്നല്ല' - എന്നായിരുന്നു വൈസ് പ്രസിഡന്‍റിന്‍റെ മറുപടി. 'യു എസ് വൈസ് പ്രസിഡന്റ് എന്ന നിലയിൽ ലോകത്തിന്റെ മൊത്തം താൽപ്പര്യങ്ങൾ നോക്കേണ്ടതില്ല, അമേരിക്കൻ ജനതയുടെ താൽപ്പര്യങ്ങൾ മാത്രമാണ് സംരക്ഷിക്കേണ്ടത്' - എന്നും ജെ ഡി വാൻസ് വ്യക്തമാക്കി.
വിദ്യാർഥിനിയുടെ മൂർച്ചയുള്ള ചോദ്യങ്ങൾക്ക് പലരും അഭിനന്ദനം അറിയിച്ചപ്പോൾ, ട്രംപ് ഭരണകൂട അനുകൂല അക്കൗണ്ടുകൾ അവരെ 'ഭ്രാന്തിയായ ഹിന്ദു എച്ച് -1 ബി അധിനിവേശക്കാരി' എന്ന് ആക്രമിച്ചു. എച്ച് 1 ബി വിസ ഫീസ് 1 ലക്ഷം ഡോളറായി ഉയർത്തിയതും തൊഴിൽ അനുമതികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും ഉൾപ്പെടെയുള്ള യു എസ് ഇമിഗ്രേഷൻ നയങ്ങൾ കർശനമാക്കുന്ന പശ്ചാത്തലത്തിൽ വീഡിയോ വലിയ തോതിൽ വൈറലായിട്ടുണ്ട്.
ഭാര്യ ഉഷയുടെ മതം മാറ്റ പരാമർശം
ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷയുടെ മതം സംബന്ധിച്ച പരാമർശത്തിൽ ജെ ഡി വാൻസിന് രൂക്ഷ വിമർശനം. സംഭവം വിവാദമായതോടെ അദ്ദേഹം നിലപാട് മാറ്റി. ഭാര്യ ഉഷാ വാൻസിന് മതം മാറാൻ പദ്ധതിയില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ വിഷയത്തിൽ തനിക്കെതിരെയുള്ള വിമർശനം വെറുപ്പുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ ക്രിസ്തീയ വിശ്വാസം സത്യമാണെന്നും മനുഷ്യർക്ക് നല്ലതാണെന്നും എന്നോട് പറയുന്നു. എന്റെ ഭാര്യ എന്റെ ജീവിതത്തിൽ എനിക്ക് ലഭിച്ച ഏറ്റവും അത്ഭുതകരമായ അനുഗ്രഹമാണ്. വർഷങ്ങൾക്ക് മുമ്പ്, എന്നെ മതവിശ്വാസത്തിലേക്ക് തിരിച്ചെത്തിക്കാൻ അവൾ പ്രോത്സാഹിപ്പിച്ചു. അവൾ ഒരു ക്രിസ്ത്യാനിയല്ല, മതം മാറാൻ പദ്ധതിയുമില്ല. പക്ഷേ ഒരു മിശ്രവിവാഹത്തിലോ ഏതെങ്കിലും മിശ്രവിശ്വാസ ബന്ധത്തിലോ ഉള്ള പലരെയും പോലെ. ഒരു ദിവസം ഞാൻ കാണുന്നതുപോലെ അവളും കാര്യങ്ങൾ മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വാൻസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam