ജമൈക്കയെ പിടിച്ചുലച്ച് 'മെലിസ'; ചരിത്രത്തെ വിറപ്പിച്ച കൊടുംചുഴലികൾ

Published : Oct 31, 2025, 08:31 PM IST
Melissa

Synopsis

ജമൈക്കയിൽ വൻ ദുരന്തം വിതച്ചിരിക്കുകയാണ് മെലിസ ചുഴലിക്കാറ്റ്. ഈ വർഷത്തെ ഏറ്റവും തീവ്രമായ ചുഴലിക്കാറ്റായാണ് മെലിസ ചുഴലിക്കാറ്റിനെ അടയാളപ്പെടുത്തുന്നത്. 

മണിക്കൂറിൽ 295 കിലോമീറ്റർ വേഗതയിലെത്തി ജമൈക്കയിൽ വൻ ദുരന്തം വിതച്ചിരിക്കുകയാണ് മെലിസ ചുഴലിക്കാറ്റ്. ഈ വർഷത്തെ ഏറ്റവും തീവ്രമായ ചുഴലിയായിട്ടാണ് മെലിസയെ അടയാളപ്പെടുത്തുന്നത്. സ്റ്റോം ഓഫ് ദ സെഞ്ച്വറി എന്നാണ് വേൾഡ് മെറ്റ്യീരോളജിക്കൽ ഓർഗനൈസേഷൻ തന്നെ മെലിസയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതുവരെ ഉണ്ടായിട്ടുള്ള ഏറ്റവും വിനാശകാരികളായ ചുഴലിക്കാറ്റുകൾ ഏതെല്ലാമാണെന്ന് നോക്കാം.

സഫിർ-സിംപ്സൺ ഹരികെയ്ൻ വിൻഡ് സ്കെയിൽ ഉപയോഗിച്ചാണ് ചുഴലിക്കാറ്റുകളെ തരം തിരിക്കാറുള്ളത്. കാറ്റിന്റെ വേഗതയുടെ അടിസ്ഥാനത്തിലാണ് ഈ തരംതിരിക്കൽ. ഇങ്ങനെ അഞ്ച് വിഭാഗങ്ങളായിട്ടാണ് ചുഴലിക്കാറ്റുകളെ തരംതിരിച്ചിട്ടുള്ളത്. ഇതിൽ ഏറ്റവും ശക്തിയേറിയതാണ് അഞ്ചാം കാറ്റഗറി.

1780ലെ ദ ഗ്രേറ്റ് ഹരികെയ്ൻ ആണ് ഏറ്റവുമധികം ആളപായമുണ്ടാക്കിയത്. കരീബിയൻ ദ്വീപ് രാജ്യമായ ബാർബഡോസിലായിരുന്നു 1780 ഒക്ടോബർ ഒമ്പതിന്റെ അർധരാത്രിയിൽ ചുഴലിക്കാറ്റ് വീശിയടിച്ചത്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും രൂക്ഷമായ അത്‍ലാന്റിക് ചുഴലിക്കാറ്റാണ് ഇത്. മഹാ ചുഴലി എന്നറിയപ്പെടുന്ന ഈ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും മുപ്പതിനായിരത്തോളം പേർ മരിച്ചു. മണിക്കൂറിൽ 322 കിലോമീറ്റർ വേഗതയിലായിരുന്നു അന്ന് കാറ്റ് വീശിയത്. ആളുകൾക്ക് സ്വന്തം ശബ്ദം കേൾക്കാൻ പോലും കഴിയാത്തത്ര ശബ്ദത്തിലായിരുന്നു കാറ്റ്. ചുഴലിക്കൊടുവിൽ ചെളിയിൽ പുതഞ്ഞ അവശിഷ്ടങ്ങളും മൃതദേഹങ്ങളും മാത്രമാണ് അവശേഷിച്ചത്. 25 അടി ഉയരത്തിലെത്തിയ തിരമാലകൾ തീരദേശത്തെ വിഴുങ്ങി. ബ്രിട്ടീഷ്-ഫ്രഞ്ച് നാവിക കപ്പലുകളും ആയിരക്കണക്കിന് ആളുകളും കടലിലേക്ക് ഒഴുകിപ്പോയി.

യുഎസിന്റെ ചരിത്രത്തിൽ ഏറ്റവുമധികം മരണങ്ങളുണ്ടാക്കിയത് 1900ത്തിലെ ഗാൽവെസ്റ്റോൺ ചുഴലിക്കാറ്റാണ്. ആ സെപ്തംബറിൽ മെക്സിക്കോ ഉൾക്കടലിന് മുകളിലൂടെ കടന്നുപോയ ചുഴലി ടെക്സസിലെ ഗാൽവെസ്റ്റണിൽ ആഞ്ഞടിച്ചു. കാറ്റഗറി നാലിൽ ഉൾപ്പെടുന്ന ചുഴലിയായിരുന്നു ഇത്. 6000ത്തിനും 8000ത്തിനും ഇടയിൽ ആളുകൾ അന്ന് മരിച്ചെന്നാണ് റിപ്പോർട്ട്.

അത്‍ലാന്റിക് തടത്തിന് പുറത്തും വമ്പൻ ചുഴലികൾ വീശിയിട്ടുണ്ട്. അതിൽ ഏറ്റവുമധികം ആളപായമുണ്ടായത് ബോല ചുഴലിക്കാറ്റിലായിരുന്നു. നോർത്ത് ഇന്ത്യൻ ഓഷ്യൻ സൈക്ലോൺ സീസണിലെ ഏറ്റവും ശക്തിയേറിയ ചുഴലിയായിരുന്നു ഭോല. 1970ലായിരുന്നു ബംഗ്ലാദേശിലും പശ്ചിമ ബംഗാളിലുമായി ഭോല വീശിയടിച്ചത്. 35 അടി ഉയരത്തിലാണ് അന്ന് തിരമാലകൾ ഉയർന്നുപൊങ്ങിയത്. ഭോല ചുഴലിക്കാറ്റിൽ 5 ലക്ഷം പേർ മരിച്ചെന്നാണ് കരുതപ്പെടുന്നത്. ഇതുവരെ രേഖപ്പെടുത്തപ്പെട്ടതിലെ ഏറ്റവും മാരകമായ ഉഷ്ണമേഖല ചുഴലിക്കാറ്റും രേഖപ്പെട്ടതിലെ ഏറ്റവും വലിയ മനുഷ്യ ദുരന്തവുമായിരുന്നു ഇത്. ഗംഗാ ഡെൽറ്റയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്കമുണ്ടായി.

ചുഴലിക്കാറ്റുകൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ കണക്കാക്കുന്നത് എന്നത് പല തരത്തിൽ വ്യത്യാസപ്പെട്ടിരിക്കും. മനുഷ്യജീവൻ മാറ്റിവെച്ചുണ്ടായ നഷ്ടങ്ങൾ പരിശോധിക്കുകയാണെങ്കിൽ കത്രീന ചുഴലിക്കാറ്റും മിച്ചും വേറിട്ട് നിൽക്കും. 2005 ഓഗസ്റ്റിൽ വീശിയടിച്ച കത്രീന ഉണ്ടാക്കിയ നാശനഷ്ടം 125 ബില്യൺ ഡോളറിന്റേതാണ്. ആതായത് ഏകദേശം 11 ലക്ഷം കോടി. തെക്കുകിഴക്കൻ അമേരിക്കയിലുനീളം കത്രീന നാശനഷ്ടങ്ങളുണ്ടാക്കി. 3 ലക്ഷത്തോളം വീടുകൾ തകർന്നു. മണിക്കൂറിൽ 225 കിലോമീറ്റർ വേഗതയിലായിരുന്നു തെക്കുകിഴക്കൻ ലൂസിയാനയിലേക്ക് കത്രീന അടിച്ചുകയറിയത്. 

മിസിസിപ്പിയിലും ലൂസിയാനയിലും സാധരണത്തേതിനേക്കാൾ 28 അടിവരെ ഉയരത്തിൽ തിരമാലകളെത്തി. ന്യൂ ഓർലിയാൻസിലും നഷ്ടങ്ങൾ നിരവധിയായിരുന്നു. നഗരത്തിന്റെ 80 ശതമാനവും വെള്ളത്തിൽ മുങ്ങി. കത്രീനയുടെ ഭാഗമായി രൂപപ്പെട്ട ടൊർണാഡോകളിൽ എട്ട് സംസ്ഥാനങ്ങൾ തകർന്നു. യുഎസിൽ രേഖപ്പെടുത്തിയ ഏറ്റവും നാശമുണ്ടാക്കിയ ചുഴലിയായി കത്രീന മാറി. അമേരിക്കൻ സാമ്പത്തിക സ്ഥിതിയെപ്പോലും പിടിച്ചുലച്ചു ഈ കത്രീന. അത്‍ലാന്റിക് തടത്തിലെ ഏറ്റവും വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയ ചുഴലികൂടിയാണ് ഇത്.

2017 ഓഗസ്റ്റിലെ ഹാർവി ചുഴലിക്കാറ്റാണ് ഈ ലിസ്റ്റിൽ രണ്ടാമതുള്ളത്. അതിനും ഇരയായത് ടെക്സസും ലൂസിയാനയുമായിരുന്നു. 118 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഹാർവി ഉണ്ടാക്കിയത്. അമേരിക്കയിൽ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ശക്തിയേറിയ മഴയോടുകൂടിയ ചുഴലിക്കാറ്റായിരുന്നു ഹാർവി. ലക്ഷക്കണക്കിന് വീടുകളിൽ വെള്ളം കയറി, 30,000 ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. കത്രീനയ്ക്ക് തുല്യമായ നാശനഷ്ടങ്ങൾ ഹാർവിയുമുണ്ടാക്കി.

1998 ഒക്ടോബറിൽ മെക്സിക്കോയിലെ യുകാറ്റൻ പെനിൻസുലയിൽനിന്ന് മെക്സിക്കൻ ഉൾക്കടലിലൂടെ ആഞ്ഞടിച്ച മിച്ച് ചുഴലിക്കാറ്റാണ് മറ്റൊന്ന്. ഫ്ലോറിഡയെ തകർത്തെറിയാൻ ശേഷിയുള്ളതായിരുന്നു ഈ ചുഴലി. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും മാരകമായ രണ്ടാമത്തെ അത്‍ലാന്റിക് ചുഴലിക്കാറ്റായിരുന്നു ഇത്. 11,000 പേരാണ് അന്ന് മരിച്ചത്. മധ്യ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ ചുഴലിയായി മിച്ച്. കാറ്റഗറി അഞ്ചിൽ ഉൾപ്പെട്ടതായിരുന്നു ഈ ചുഴലിയും. മന്ദഗതിയിലുള്ള ചുഴലിയുടെ നീക്കം ഹോണ്ടുറാസ്, നിക്കരാഗ്വ, ഗ്വാട്ടിമാല തുടങ്ങിയ പ്രദേശങ്ങളിൽ പ്രളയത്തിനും വലിയ മണ്ണിടിച്ചിലുകൾക്കും കാരണമായി. രണ്ട് ലക്ഷത്തോളം വീടുകൾ തകർന്നു. നദികൾ ഗ്രാമങ്ങളെ വിഴുങ്ങി. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും തീവ്രമായ പത്താമത്തെ അറ്റ്ലാന്റിക് ചുഴലിക്കാറ്റാണ് മിച്ച്. 200 വർഷത്തിൽ ഏറ്റവുമധികം പ്രത്യാഘാതമുണ്ടാക്കിയ അത്‍ലാന്റിക് ചുഴലി. ഹോണ്ടുറാസിൽ മാത്രം ഏകദേശം 50 വർഷത്തെ സാമ്പത്തിക വികസനങ്ങൾക്ക് തിരിച്ചടിയായി. രാജ്യത്തെ ജനസംഖ്യയുടെ 20 ശതമാനം പേരെ ഭവന രഹിതരാക്കി. കൃഷിഭൂമികളായിരുന്നു നശിച്ചതിൽ കൂടുതലും. ഇത് നാണ്യവിളകളുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു. 70 ശതമാനം റോഡുകളും ഹൈവേകളും പാലങ്ങളും തകർന്നു. ജലവിതരണ മാർഗങ്ങൾ പാടെ തകർന്നു.

കാറ്റിന്റെ ശക്തികൊണ്ട് മാത്രമല്ല ചുഴലികൾ ദുരിതം വിതയ്ക്കാറുള്ളത്. 2015ൽ വീശിയടിച്ച പട്രീഷ്യ ചുഴലിക്കാറ്റ് ഇതിന് ഒരു ഉദാഹരണമാണ്. 2015 ലെ ചുഴലിക്കാറ്റ് സീസണിലെ 24-ാമത്തെ കൊടുങ്കാറ്റായിരുന്നു പട്രീഷ്യ. മെക്സിക്കോയുടെ തെക്കൻ തീരത്ത് തെഹുവാന്റെപെക് ഉൾക്കടലിന് സമീപത്താണ് ചുഴലി രൂപപ്പെട്ടത്. വളരെ പതിഞ്ഞ ന്യൂനമർദ്ദമായി ഉത്ഭവിച്ച പട്രീഷ്യ 24 മണിക്കൂറിനുള്ളിലാണ് ശക്തിപ്രാപിച്ച് കാറ്റഗറി അഞ്ചിൽപെടുന്ന ചുഴലിക്കാറ്റായി വളർന്നത്. കാറ്റിന്റെ പ്രഷറുകൊണ്ട് ഏറ്റവും പവർഫുള്ളായ ചുഴലിക്കാറ്റായാണ് ഇത് കണക്കാക്കപ്പെടുന്നത്. 

പത്ത് സെക്കന്റിൽ മണിക്കൂറിൽ 356 കിലോമീറ്റർ എന്ന വേഗതയായിരുന്നു പട്രീഷ്യയുടെ ഏറ്റവും ഉയർന്ന വേഗത. പടിഞ്ഞാറൻ അർധഗോളത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിലെ ഏറ്റവും ഉയർന്ന വേഗതയാണിത്. ഒരു ഉഷ്ണമേഖലാ ചുഴലിക്കാറ്റ് എന്ന നിലയിൽ, മെക്സിക്കോയിൽ പട്രീഷ്യയുടെ പ്രത്യാഘാതങ്ങൾ വളരെ വലുതായിരുന്നു. ഗ്രാമപ്രദേശങ്ങളെയായിരുന്നു ഇത് അധികവും ബാധിച്ചത്. ആളപായത്തേക്കാളും കനത്ത നാശനഷ്ടങ്ങളാണ് പട്രീഷ്യയുണ്ടാക്കിയത്.

അമേരിക്കയുടെ നാഷണൽ വെതർ സർവീസ് അനുസരിച്ച് 24 മണിക്കൂറിൽ കുറഞ്ഞത് 30 നോട്ട് വേഗതയിലേക്കെത്തുന്ന ട്രോപിക്കൽ ചുഴലിക്കാറ്റുകളിൽ അപകടകാരികളാണ്. ചുഴലിക്കാറ്റിനെ കരുതിയിരിക്കാനും മുൻകരുതലുകൾ സ്വീകരിക്കാനും ഇത്തരം സാഹചര്യങ്ങളിൽ കഴിയാറില്ല. അത്തരത്തിൽ ഒന്നായിരുന്നു 2025 ഓഗസ്റ്റിൽ വീശിയ എറിൻ ചുഴലിക്കാറ്റ്. ഒന്നാം കാറ്റഗറിയിൽപ്പെടുന്ന ചുഴലിക്കാറ്റായി ഉത്ഭവിച്ച എറിച്ച 24 മണിക്കൂറിൽ അതിവേഗം ശക്തിപ്രാപിച്ച് അഞ്ചാം കാറ്റഗറി ചുഴലിയായി. പിന്നീട് ദുർബലമായി. 2024ലെ മിൽറ്റൺ ചുഴലിക്കാറ്റും ബെറിൽ ചുഴലിക്കാറ്റും ഇതിന് സമാനമായിരുന്നു. ഇത്തരത്തിൽ ചുഴലിക്കാറ്റുകൾ അതിവേഗം ശക്തിപ്രാപിക്കുന്നത് ആഗോള താപനം ഒരു കാരണമാണെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. അത്‍ലാന്റിക് തടത്തിൽ രൂപപ്പെട്ട് കൂടുതൽ പ്രത്യാഘാതങ്ങളുണ്ടാക്കിയ ചുഴലിക്കാറ്റുകളെയാണ് ഇവിടെ ലിസ്റ്റ് ചെയ്തത്. ഇവയ്ക്ക് പുറമെയും വർഷം തോറും ചുഴലികൾ ഉണ്ടാകാറുണ്ട്

PREV
Read more Articles on
click me!

Recommended Stories

ദാരുണം, സഹജക്ക് പിന്നാലെ അൻവേഷും; വീടിന് തീപിടിച്ചുണ്ടായ അപകടത്തിൽ യുഎസിൽ രണ്ടാമത്തെ ഇന്ത്യക്കാരൻ മരിച്ചു
പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ചു, സിറിയക്ക് സൗദി സമ്മാനിച്ച ആ പെട്ടിയിലെന്തായിരുന്നു? ഒടുവിൽ ഉത്തരമായി