ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു; അറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

Published : Jun 16, 2025, 02:43 AM IST
Israeli airstrikes in Iran

Synopsis

ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ മറ്റ് മാർഗങ്ങളും പരിഗണിക്കുന്നുണ്ട്. ഇസ്രയേൽ-ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ടെഹ്റാൻ: ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ രാജ്യത്തിനുള്ളിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു. എംബസി ഇതിനുള്ള സൗകര്യം ചെയ്യുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മറ്റ് സാധ്യമായ മാർഗങ്ങൾ പരിഗണനയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. വിദ്യാർത്ഥികളെ അർമേനിയ വഴി ഒഴിപ്പിക്കുന്നത് പരിഗണനയിലെന്നാണ് സൂചന. ഇസ്രയേൽ - ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

"ടെഹ്‌റാനിലെ ഇന്ത്യൻ എംബസി സുരക്ഷാ സാഹചര്യം നിരന്തരം നിരീക്ഷിക്കുകയും ഇറാനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയെടുക്കുകയും ചെയ്യുന്നു. എംബസിയുടെ സഹായത്തോടെ വിദ്യാർത്ഥികളെ ഇറാനിലെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റുന്നുണ്ട്. മറ്റ് സാധ്യമായ മാർഗങ്ങളും പരിഗണനയിലാണ്"- വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

1500-ലധികം ഇന്ത്യൻ വിദ്യാർത്ഥികൾ ഇറാനിൽ കുടുങ്ങിക്കിടക്കുകയാണ്. അവരിൽ ഭൂരിഭാഗവും ജമ്മു കശ്മീരിൽ നിന്നുള്ളവരാണ്. ഇറാനിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി സംസാരിച്ചിരുന്നു.

ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷിതമായ തിരിച്ചുവരവിന് ഇടപെടാനും സൗകര്യമൊരുക്കാനും വിദ്യാർത്ഥികളുടെ മാതാപിതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനോടും അഭ്യർത്ഥിച്ചു. ഇറാനിലെ ടെഹ്‌റാൻ, ഷിറാസ്, കോം നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളിൽ ഭൂരിഭാഗവും എംബിബിഎസ് പോലുള്ള പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്നവരാണ്.

ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

അതിനിടെ ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി വീണ്ടും മുന്നറിയിപ്പ് നൽകി. ടെൽ അവീവിലെ ഇന്ത്യൻ എംബസിയാണ് ജോലിക്കാർ, വിദ്യാർത്ഥികൾ, വ്യാപാരികൾ അടക്കമുള്ള ഇസ്രയേലിലെ ഇന്ത്യൻ സമൂഹത്തിന് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശം നൽകി. നിരന്തരമായി പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളെ എംബസി നിരീക്ഷിക്കുന്നുണ്ടെന്നും ഇസ്രയേൽ അധികാരികളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും എംബസി വാർത്താ കുറിപ്പിൽ വിശദമാക്കി.

ഇസ്രയേൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും വ്യോമാതിർത്തി അടയ്ക്കുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യക്കാർ ജാഗ്രത പാലിക്കണം. അനാവശ്യമായി സഞ്ചരിക്കരുതെന്നും നൽകിയ നി‍ർദേശങ്ങൾ സൂക്ഷ്മമായി പാലിക്കണമെന്നും എംബസി എക്സിലൂടെ പുറത്ത് വിട്ട വാർത്താ കുറിപ്പിൽ വിശദമാക്കി. ഇന്ത്യക്കാരുടെ സുരക്ഷിതത്വമാണ് എംബസിയുടെ പ്രഥമ പരിഗണനയെന്നും എന്ത് സഹായത്തിനും ബന്ധപ്പെടാമെന്നും എംബസിഅറിയിച്ചു. സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പറുകളും എംബസി വിശദമാക്കി. 24 മണിക്കൂറും ലഭ്യമായ രണ്ട് ഹെൽപ് ലൈൻ നമ്പറുകളാണ് എംബസി നൽകിയിട്ടുള്ളത്. +972547520711/ +972543278392

PREV
Read more Articles on
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു