
ടെഹ്‍റാൻ: ഇറാൻ കപ്പലുകൾക്കെതിരെ അമേരിക്ക നാവിക ഉപരോധം തുടരുന്നതിനിടെ ഹോർമുസിൽ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇറാൻ. ഹോർമുസിലൂടെ പോയ കപ്പലുകൾക്ക് നേരെ ഇറാൻ വെടിയുതിർത്തു. ഇത്തരത്തിൽ ആക്രമിക്കപ്പെട്ട കപ്പലുകളിൽ ഇന്ത്യൻ കപ്പലുകളുമുണ്ട്. ആക്രമണ സമയത്ത് സൻമാർ ഹെറാൾഡ് എന്ന കപ്പലിലെ ജീവനക്കാരൻ പരിഭ്രാന്തനായി ഇറാൻ നാവികസേനയുമായി ആശയവിനിമയം നടത്തുന്നതിൻ്റെ ഓഡിയോ പുറത്തുവന്നു. 30 സെക്കന്‍റ് മാത്രമുള്ള ഓഡിയോ ആണ് കപ്പലുകളെ ട്രാക്ക് ചെയ്യുന്ന ടാങ്കർ ട്രാക്കേഴ്‌സ് പുറത്തുവിട്ടത്.
"ഇത് സൻമാർ ഹെറാൾഡിൽ നിന്നാണ്. കടന്നുപോകാൻ നേരത്തെ അനുമതി നൽകിയിരുന്നതാണ്. ലിസ്റ്റിൽ രണ്ടാമതായി പേരുണ്ട്. എന്നിട്ടും വെടിയുതിർക്കുകയാണ്. ഞാൻ തിരിച്ചുപോകട്ടെ"- എന്നാണ് ഉദ്യോഗസ്ഥൻ പറഞ്ഞത്. കടലിടുക്കിലെ സുരക്ഷിതമായ മേഖലയിലൂടെ സഞ്ചരിക്കുമ്പോഴാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിൽ വെച്ച് രണ്ട് ഇന്ത്യൻ ടാങ്കറുകൾക്ക് നേരെയാണ് ഇറാൻ്റെ സായുധ ബോട്ടുകൾ വെടിയുതിർത്തത്. സൻമാർ ഹെറാൾഡിന് പുറമെ ജഗ് അർണവ് എന്ന കപ്പലിന് നേരെയും ആക്രമണമുണ്ടായി. വെടിവയ്പ്പിനെ തുടർന്ന് കപ്പലുകൾ യാത്ര ഉപേക്ഷിച്ചു പിന്തിരിഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ കപ്പലുകൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് ഇന്ത്യയിലെ ഇറാൻ അംബാസഡറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഇന്ത്യൻ കപ്പലുകളുടെയും നാവികരുടെയും സുരക്ഷയിൽ ഇന്ത്യക്കുള്ള കടുത്ത ആശങ്ക വിദേശകാര്യ സെക്രട്ടറി ഇറാനെ ബോധിപ്പിച്ചു. നേരത്തെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കുന്നതിൽ ഇറാൻ കാണിച്ച സഹകരണം ചൂണ്ടിക്കാട്ടിയ ഇന്ത്യ, നിലവിലെ സാഹചര്യം അടിയന്തരമായി പരിശോധിക്കണമെന്നും ഇന്ത്യൻ കപ്പലുകൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ സൗകര്യമൊരുക്കണമെന്നും അഭ്യർത്ഥിച്ചു.
ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കുമെന്ന് ഇറാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അമേരിക്ക ഇറാന്‍റെ കപ്പലുകൾക്കെതിരായ ഉപരോധം തുടർന്നതോടെ ഇറാൻ പെട്ടെന്ന് നിലപാട് മാറ്റുകയായിരുന്നു. ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം വീണ്ടും സായുധ സേന പൂർണമായും ഏറ്റെടുത്തതായും മേഖലയിലേക്ക് പ്രവേശിക്കുന്ന കപ്പലുകളെ ശത്രുപക്ഷത്തുള്ളവരായി കണക്കാക്കി ആക്രമിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam