
തെഹ്റാൻ: രണ്ട് മാസത്തോളമായി തുടരുന്ന സംഘർഷങ്ങൾക്കിടയിൽ ഹോർമൂസ് കടലിടുക്കിൽ ആധിപത്യം ഉറപ്പിക്കാൻ ഇറാൻ തങ്ങളുടെ രഹസ്യ ആയുധമായ 'മൊസ്കിറ്റോ ഫ്ലീറ്റ്' പുറത്തെടുത്തിരിക്കുകയാണ്. റവല്യൂഷണറി ഗാർഡ് കോർപ്സിന്റെ കീഴിലുള്ള ഈ ബോട്ടുകൾ ആഗോള എണ്ണക്കപ്പൽ ഗതാഗതത്തിന് വൻ ഭീഷണിയാണ് ഉയർത്തുന്നത്. എന്താണ് ഈ 'മൊസ്കിറ്റോ ഫ്ലീറ്റ്'? ചെറിയ വലിപ്പമുള്ളതും എന്നാൽ അസാമാന്യ വേഗതയുള്ളതുമായ ബോട്ടുകളുടെ കൂട്ടമാണിത്. ഇതിന്റെ പ്രത്യേകതകൾ അതിശയകരമാണ്.
ഇവയിൽ ചില ബോട്ടുകൾക്ക് മണിക്കൂറിൽ ഏകദേശം 185 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. വിനോദയാത്രയ്ക്കുള്ള ബോട്ടുകളെപ്പോലും പരിഷ്കരിച്ച് അതിൽ റോക്കറ്റ് പ്രോപ്പൽഡ് ഗ്രനേഡുകൾ, മെഷീൻ ഗണ്ണുകൾ എന്നിവ ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ ചെറിയ അന്തർവാഹിനികളും ഡ്രോണുകളും ഈ വ്യൂഹത്തിന്റെ ഭാഗമാണ്. വലിയ നാവിക യുദ്ധങ്ങൾക്ക് പകരം 'ആക്രമിക്കുക, ഒളിക്കുക' എന്ന തന്ത്രമാണ് ഇവർ പയറ്റുന്നത്. റഡാറുകൾക്ക് പിടികൊടുക്കില്ലെന്നതാണ് വലിയൊരു കാര്യം. വലിപ്പം കുറവായതിനാൽ ഉപഗ്രഹ സംവിധാനങ്ങൾക്കോ റഡാറുകൾക്കോ ഇവയെ എളുപ്പത്തിൽ കണ്ടെത്താനാവില്ല.
ഇറാന്റെ തീരപ്രദേശത്തെ പാറക്കെട്ടുകൾക്കിടയിലുള്ള ഗുഹകളിലാണ് ഈ ബോട്ടുകൾ സൂക്ഷിച്ചിരിക്കുന്നത്. പത്തോളം രഹസ്യ താവളങ്ങളിൽ നിന്നായി മിനിറ്റുകൾക്കുള്ളിൽ ഇവയെ വിന്യസിക്കാൻ ഇറാന് സാധിക്കും. അമേരിക്കൻ യുദ്ധക്കപ്പലുകൾ വലിയ പീരങ്കികൾ ഉപയോഗിച്ച് ഇവയെ നേരിടാൻ ശ്രമിക്കുന്നുണ്ടെങ്കിലും, പ്രതിരോധ സംവിധാനങ്ങളില്ലാത്ത ചരക്ക് കപ്പലുകൾ ഈ 'കൊതുക് പട'യ്ക്ക് മുന്നിൽ നിസ്സഹായരാണ്.
അന്താരാഷ്ട്ര മാരിടൈം ഏജൻസിയുടെ കണക്ക് പ്രകാരം ഈ സംഘർഷത്തിനിടയിൽ 20 ഓളം കപ്പലുകൾ ഇതിനകം ആക്രമിക്കപ്പെട്ടു കഴിഞ്ഞു. നൂറുകണക്കിന് കപ്പലുകൾ കടലിടുക്കിന്റെ ഇരുവശങ്ങളിലുമായി കുടുങ്ങിക്കിടക്കുകയാണ്. യുഎസ്, ഇസ്രായേൽ ആക്രമണങ്ങളിൽ പല നാവിക ആസ്തികളും തകർക്കപ്പെട്ടെങ്കിലും ആയിരക്കണക്കിന് ഇത്തരം ചെറു ബോട്ടുകൾ ഇപ്പോഴും ഇറാന്റെ പക്കലുണ്ടെന്നാണ് നിഗമനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam