
ദില്ലി: ഹോർമുസ് കടലിടുക്കിൽ പ്രതിസന്ധി തുടരവെ ഇന്ത്യയുടെ ഒരു എൽ പി ജി ടാങ്കർ ഹോർമുസ് കടന്നു. 'സർവ്വ ശക്തി' എന്ന ഇന്ത്യൻ ടാങ്കറാണ് ഹോർമൂസ് കടന്നത്. 45000 മെട്രിക് ടൺ എൽ പി ജിയുമായാണ് 'സർവ്വ ശക്തി' എത്തുന്നത്. അമേരിക്കൻ ഉപരോധം തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ ടാങ്കർ ഹോർമുസ് കടക്കുന്നത്. അതേസമയം ഇന്ധന പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് പെട്രോൾ ഡീസൽ വില വർദ്ധനവിൽ കേന്ദ്ര സർക്കാർ തീരുമാനം വൈകാതെ ഉണ്ടായേക്കും. സ്ഥിതി പരിശോധിക്കുകയാണ് പെട്രോളിയം മന്ത്രാലയ വൃത്തങ്ങൾ വാർത്താ ഏജൻസിയോട് പറഞ്ഞു. കഴിഞ്ഞ പത്ത് കൊല്ലത്തിൽ പെട്രോളിയം ഉത്പന്നങ്ങൾ ശേഖരിക്കാനടക്കം അടിസ്ഥാന സൗകര്യം കൂട്ടിയത് കൊണ്ടാണ് വില ഇത്രയും നാൾ പിടിച്ചു നിറുത്താനായതെന്ന് പെട്രോളിയം മന്ത്രി ഹർദീപ് പുരി വ്യക്തമാക്കി.
അതേസമയം ആഗോള ഇന്ധന പ്രതിസന്ധിക്കിടെ എണ്ണയുൽപ്പാദനം കൂട്ടുമെന്ന് ഒപക് പ്ലസിലെ 7 രാഷ്ട്രങ്ങൾ പ്രഖ്യാപിച്ചു. ഒരു ലക്ഷത്തി എൺപത്തി എട്ടായിരം ബാരൽ ഓരോ ദിവസവും അധികം ഉൽപാദിപ്പിക്കാനാണ് തീരുമാനം. യു എ ഇ കൂട്ടായ്മ വിട്ടതിന് ശേഷമുള്ള ആദ്യ പ്രഖ്യാപനമാണ്. സൗദിയും റഷ്യയുമാണ് കൂടുതൽ ഉൽപാദിപ്പിക്കുക. അറുപതിനായിരം ബാരൽ വീതമാകും ഇരു രാജ്യങ്ങളും ഉത്പാദനം വർധിപ്പിക്കുക. യു എ ഇയും ഉൽപാദനം കൂട്ടാനൊരുങ്ങുകയാണ്. ഉൽപാദനം കൂട്ടിയാലും നിലവിലെ ഹോർമൂസ് പ്രതിസന്ധി തീരാതെ വിപണിക്ക് ഉടനെ ആശ്വാസമാകില്ല.
ഒപകും ഒപക് പ്ലസും വിട്ട യു എ ഇ തീരുമാനത്തിന് ശേഷമുള്ള ആദ്യ യോഗത്തിലാണ് 7 രാഷ്ട്രങ്ങൾ വൻ വർധനവ് പ്രഖ്യാപിച്ചത്. ഒരു ലക്ഷത്തി എൺപത്തി എട്ടായിരം ബാരൽ പ്രതിദിന അധിക ഉൽപാദനം നിലവിലെ വില വർധനവിനെ തടയുമെന്ന പ്രതീക്ഷയില്ല. സൗദിയും റഷ്യയുമാണ് കൂടുതൽ ഉൽപാദിപ്പിക്കുക. അറുപതിനായിരം ബാരൽ വീതം. ഇറാക്ക്, കുവൈത്ത്, കസഖ്സ്ഥാൻ, അൾജീരിയ, ഒമാൻ എന്നിവയാണ് മറ്റ് രാഷ്ട്രങ്ങൾ. അതേസമയം യു എ ഇയും ഉൽപാദനം സ്വതന്ത്രമായി കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. 36 ലക്ഷം ബാരൽ ഓരോ ദിവസവും നിലവിൽ ഉൽപാദിപ്പിക്കുന്നുണ്ട്. അടുത്ത വർഷത്തിനുള്ളിൽ ഉൽപാദനം യു എ ഇ അൻപത് ലക്ഷമാക്കും എന്നാണ് പ്രതീക്ഷ. ഉൽപാദനം കൂട്ടിയാലും നിലവിലെ ഹോർമൂസ് പ്രതിസന്ധി തീരാതെ വിപണിക്ക് ഉടനെ ആശ്വാസമാകില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam