
ന്യൂയോർക്ക്: യുഎസിലെ സ്റ്റോറിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കാൻ ഇന്ത്യൻ യുവതി ശ്രമിച്ചതായി ആരോപണം. കടയിൽ നിന്ന് മോഷണം നടത്തിയെന്നാരോപിച്ച് പിടിക്കപ്പെട്ട ഇന്ത്യൻ സ്ത്രീ യുഎസ് പൊലീസ് ഉദ്യോഗസ്ഥരോട് കണ്ണീരോടെ അപേക്ഷിക്കുന്ന വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. സാധനങ്ങൾക്ക് പണം നൽകാൻ മറന്നുപോയതാണെന്നും ഇവർ പൊലീസിനോട് പറഞ്ഞു. സ്ത്രീ കരച്ചിൽ തുടർന്നെങ്കിലും പൊലീസ് വകവെക്കാതെ സ്ത്രീയെ ബന്ധിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഭർത്താവിനെ വിളിക്കാനുള്ള അപേക്ഷയും പൊലീസ് നിരസിച്ചു. റിപ്പോർട്ടുകൾ പ്രകാരം, അവർക്കെതിരെ ചില്ലറ മോഷണ കുറ്റം ചുമത്തിയേക്കാം.
സ്ത്രീയുടെ പേര് വിവരങ്ങളോ മോഷ്ടിച്ച വസ്തുക്കളുടെ വിവരങ്ങളോ സ്റ്റോറിന്റെ പേരോ പൊലീസ് പുറത്തുവിട്ടിട്ടില്ല. നിലവിൽ അധികൃതർ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി ഉപയോക്താക്കൾ നാണക്കേട് പ്രകടിപ്പിക്കുകയും വിദേശത്തുള്ള ഇന്ത്യൻ സമൂഹത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നുവെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ഇത്തരം പ്രവൃത്തികൾ മുഴുവൻ പ്രവാസികളുടെയും സൽപ്പേരിന് കോട്ടം വരുത്തുന്നുവെന്നും കുറ്റകൃത്യം കുറ്റകൃത്യമാണെന്നും ശിക്ഷാ നടപടി ഏറ്റുവാങ്ങണമെന്നും അഭിപ്രായമുയർന്നു.
മെയ് മാസത്തിൽ, ഇല്ലിനോയിസിലെ ഒരു ടാർഗെറ്റിൽ നിന്ന് ഏകദേശം 1.1 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചതിന് മറ്റൊരു ഇന്ത്യൻ സ്ത്രീയെ യുഎസിൽ പിടികൂടിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam