
മെൽബൺ: വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്ന ഇന്ത്യക്കാര്‍ അവിടെയെത്തിയ ശേഷം തങ്ങളുടെ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് വ്ലോഗുകള്‍ ചെയ്യുന്നത് സാധാരണയാണ്. ഇത്തരം വ്ലോഗുകള്‍ സോഷ്യൽ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഇത്തരത്തില്‍ വിദേശത്തേക്ക് കുടിയേറുന്നതിനെക്കുറിച്ച് സ്വപ്നം കാണുന്നവർക്കായി ഒരു ഇന്ത്യൻ യുവതി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. വെറും ആറു മാസം കൊണ്ട് ഓസ്‌ട്രേലിയയിലെ ജീവിതം തന്നെ എങ്ങനെയൊക്കെ മാറ്റിമറിച്ചു എന്ന് അൽപ്പം പരിഹാസവും എന്നാൽ അങ്ങേയറ്റം സത്യസന്ധവുമായ രീതിയിൽ വിവരിക്കുകയാണ് ആകാൻക്ഷ എന്ന യുവതി. "ഓസ്‌ട്രേലിയ ഒരു കെണിയാണ്" എന്നാണ് ആകാൻക്ഷ തന്റെ വീഡിയോയിൽ പറയുന്നത്.
തമാശ രൂപേണയാണ് ആകാൻഷ ഓസ്ട്രേലിയയിലെ ജീവിതത്തെ ‘കെണി’ എന്ന് വിശേഷിപ്പിച്ചത്. ഉയർന്ന ശമ്പളമുള്ള ജോലിയും ആഡംബര ജീവിതവും സ്വപ്നം കണ്ടാണ് താൻ ഓസ്‌ട്രേലിയയിലേക്ക് വന്നതെന്ന് ആകാൻക്ഷ പറയുന്നു. എന്നാൽ വെറും ആറുമാസം കൊണ്ട് തന്റെ ജീവിതശൈലി തന്നെ മാറിപ്പോകുമെന്ന് താൻ കരുതിയില്ല. ഇന്ത്യയിലായിരുന്നപ്പോൾ വൈകി എഴുന്നേറ്റിരുന്ന താൻ ഇപ്പോൾ രാവിലെ 6 മണിക്ക് എഴുന്നേൽക്കുന്നു. ജിമ്മിൽ പോകുന്നു. പങ്കാളിയോടൊപ്പം വെറുതെ വിനോദത്തിനായി 10 കിലോമീറ്റർ ഹൈക്കിംഗിന് പോകുന്നു. പണ്ട് ആഗ്രഹിച്ചിരുന്ന അലസമായ വിശ്രമ ദിനങ്ങൾ തനിക്ക് നഷ്ടപ്പെട്ടുവെന്ന് അവൾ തമാശയായി പരിഭവപ്പെടുന്നു.
ഇന്ത്യയിൽ ജോലിക്ക് പോകാൻ മടിച്ചിരുന്ന തനിക്ക് ഇപ്പോൾ ജോലിക്ക് പോകാൻ വലിയ താൽപ്പര്യമാണെന്ന് ആകാൻക്ഷ സമ്മതിക്കുന്നു. ഇവിടുത്തെ ആരോഗ്യകരമായ തൊഴിൽ സംസ്കാരം തന്നെ അതിശയിപ്പിക്കുന്നു. ഇന്ത്യയിൽ താൻ ആഡംബരമായി കണ്ടിരുന്ന പല കാര്യങ്ങളും ഓസ്‌ട്രേലിയയിൽ സാധാരണമായി മാറിയെന്ന് വീഡിയോയിൽ അവർ വ്യക്തമാക്കുന്നു. രാത്രി ഭയമില്ലാതെ നടക്കാൻ കഴിയുന്ന സുരക്ഷ, ശുദ്ധവായു, നല്ല ഭക്ഷണം, ആഴ്ചയിലെ ഏത് ദിവസവും സൂര്യാസ്തമയം ആസ്വദിക്കാനുള്ള സമയം എന്നിവയൊക്കെ തന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയതായി ആകാൻഷ പറയുന്നു.
"സമാധാനം, ജോലിയും -ജീവിതവും തമ്മിലുള്ള ബാലൻസ്, പ്രകൃതിയുമായുള്ള അടുപ്പം, സുരക്ഷിതത്വം എന്നിവയുമായി ഞാൻ പൊരുത്തപ്പെട്ടു കഴിഞ്ഞു. ഈ സന്തോഷത്തിൽ നിന്ന് എങ്ങനെ പുറത്തുകടക്കണമെന്ന് എനിക്കറിയില്ല. അതുകൊണ്ടാണ് ഇതൊരു കെണിയാണെന്ന് ഞാൻ പറയുന്നത്," ആകാൻക്ഷ വിവരിക്കുന്നു.
ഒരു പകല്‍ മുഴുവന്‍ ജോലി ചെയ്താലും വൈകുന്നേരും ആസ്വദിക്കാനുള്ള ഊര്‍ജം ബാക്കിയുണ്ട്. അവധി ദിവസങ്ങളില്‍ ജോലി ചെയ്യേണ്ടതില്ലെന്നും അസുഖം ബാധിച്ചാൽ അധികൃതരോട് വിശദീകരണം നല്‍കേണ്ടതില്ലെന്നതും തന്നെ അത്ഭുതപ്പെടുത്തുന്നതായി യുവതി പറയുന്നു. കഠിനാധ്വാനവും പോരാട്ടങ്ങളും നിറഞ്ഞ ജീവിതം പ്രതീക്ഷിച്ച് ഓസ്ട്രേലിയയിലെത്തിയ തന്നെ കാത്തിരുന്നത് സമാധാനവും സാമ്പത്തിക സ്ഥിരതയുമുള്ള നല്ല ജീവിതം ആണെന്നും അവര്‍ വീഡിയോക്ക് ക്യാപ്ഷനായി കുറിച്ചു. വിദേശത്ത് കുടിയേറിയ നിരവധി പേരാണ് വീഡിയോക്ക് കമന്‍റുകള്‍ പങ്കുവെച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam