
ദില്ലി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിൽ ഇനിയും സമവായം ആയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. വ്യാപാര കരാറിൽ പല കാര്യങ്ങളിലും തർക്കം തുടരുകയാണെന്നും പലതും ചുവന്ന വരയ്ക്കപ്പുറം തന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യയുടെ 'ചുവന്ന വരകൾ' അമേരിക്ക മാനിക്കണമെന്നും ഇരു രാജ്യങ്ങൾക്കും എല്ലാത്തരത്തിലും അംഗീകരിക്കാനാകുന്ന കരാർ യാഥാർത്ഥ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി വിവരിച്ചു. ഇന്ത്യയുടെ കാർഷിക, ക്ഷീരോത്പാദന മേഖലകളിൽ കടന്നുകയറാനുള്ള അമേരിക്കൻ താൽപര്യം ഒരു തരത്തിലും അംഗീകരിക്കാനാവില്ല. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇടപെടാനുള്ള അമേരിക്കൻ നീക്കത്തെ ഇന്ത്യ ചെറുക്കുമെന്ന് എസ് ജയശങ്കർ വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിലെ ചോദ്യത്തര പരിപാടിയിലായിരുന്നു വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.
യു എസിന്റെ തീരുവ നയങ്ങളെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെയധികം മോശമായ അവസ്ഥയിലൂടെ കടന്നുപോകുന്നതിനിടെയാണ് ജയശങ്കറിന്‍റെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. അമേരിക്കയുമായുള്ള ബന്ധത്തിലെ ഉലച്ചിൽ തുറന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. ഇന്ത്യയും യു എസും തമ്മിൽ വ്യാപാര കരാറിന്റെ കാര്യത്തിൽ ഒരു ധാരണയിലെത്താൻ കഴിയാത്തതാണ് പല പ്രശ്നങ്ങൾക്കും കാരണമെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും വലിയ വിപണിയാണ് യു എസ്, അതിനാൽ വ്യാപാരത്തിൽ ഒരു ധാരണ വേണം. പക്ഷേ, ഇന്ത്യയുടെ ചുവന്ന വരകൾ മാനിക്കപ്പെടണം. വ്യാപാര ചർച്ചകളിൽ ഒരു പൊതു നിലപാട് കണ്ടെത്താൻ കഴിയാത്തതുകൊണ്ട് കൂടിയാണ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ യു എസ് അധിക തീരുവ ചുമത്തിയതെന്നും എസ് ജയശങ്കർ വിവരിച്ചു.
റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിന്‍റെ പേരിലുള്ള യു എസ് നടപടികളെയും വിദേശകാര്യ മന്ത്രി കടുത്ത ഭാഷയിൽ വിമർശിച്ചു. റഷ്യൻ എണ്ണയുടെ പേരിൽ യു എസ് ഇന്ത്യയ്ക്ക് മേൽ ചുമത്തിയ അധിക തീരുവ 'നീതിരഹിതം' എന്നാണ് ജയശങ്കർ വിശേഷിപ്പിച്ചത്. അമേരിക്കൻ നടപടി 'അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവും' എന്നും അദ്ദേഹം വിമർശിച്ചു. റഷ്യയുമായി ഇന്ത്യക്ക് വർഷങ്ങളായി മികച്ച ബന്ധമാണുള്ളത്. എത്രയോ കാലമായി ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നുണ്ട്. ഇന്ത്യയെക്കാൾ കൂടുതൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരെയൊന്നും ഇത്തരം തീരുവ അമേരിക്ക ചുമത്തിയിട്ടില്ല. അതുകൊണ്ടുതന്നെ അമേരിക്കൻ നടപടി ഒരു തരത്തിലും ന്യായീകരിക്കാനാകാത്തതാണെന്നും ജയശങ്കർ കൂട്ടിച്ചേർത്തു.