
ദില്ലി: ജെഎഫ്-17 തണ്ടർ ബ്ലോക്ക് -III യുദ്ധവിമാനങ്ങളിൽ സംയോജിപ്പിക്കുന്നതിനായി റഷ്യ പാകിസ്ഥാന് ആർഡി-93എംഎ എഞ്ചിനുകൾ നൽകുമെന്ന വാർത്ത റഷ്യ തള്ളിയതായി റിപ്പോർട്ട്. അഭ്യൂഹങ്ങൾ ഇന്ത്യയിൽ രാഷ്ട്രീയ പ്രശ്‌നമായി മാറിയിരുന്നു. പ്രധാനമന്ത്രി മോദിയുടെ വ്യക്തിപരമായ നയതന്ത്ര പരാജയമായി റഷ്യയുടെ നീക്കത്തെ കോൺഗ്രസ് ചൂണ്ടിക്കാട്ടി. എന്നാൽ റഷ്യയ്ക്ക് അത്തരമൊരു പദ്ധതിയില്ലെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നു. റഷ്യയും ഇന്ത്യയും തമ്മിലുള്ള വലിയ ഇടപാടുകൾ പിന്തുടരുന്ന പ്രൊഫഷണലുമായ നിരീക്ഷകർക്ക് ഇത് യുക്തിരഹിതമാണെന്ന് തോന്നുന്നുവെന്നും പാകിസ്ഥാനുമായി ഇത്രയും വലിയ സഹകരണമുണ്ടാകുന്നത് ഇന്ത്യയ്ക്ക് അസ്വസ്ഥത ഉണ്ടാക്കുമെന്ന് പേര് വെളിപ്പെടുത്താത്ത റഷ്യൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വിയോൺ റിപ്പോർട്ട് ചെയ്തു. ഡിസംബറിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായാണ് റിപ്പോർട്ട് വന്നത്.
ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ലെങ്കിലും, അഭ്യൂഹം കോൺഗ്രസ് ആയുധമാക്കി. പാകിസ്ഥാന്റെ ചൈനീസ് നിർമ്മിത JF-17 യുദ്ധവിമാനങ്ങളുടെ കൂട്ടത്തിലേക്ക് നൂതന RD-93MA എഞ്ചിനുകൾ വിതരണം ചെയ്യാനുള്ള പദ്ധതികളുമായി റഷ്യ മുന്നോട്ട് പോകുന്നുണ്ടെന്നായിരുന്നു റിപ്പോർട്ട്. 2025 ജൂണിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന്റെ നേരിട്ട് ഇടപെട്ടിട്ടും കരാർ മുന്നോട്ട് പോകുകയായിരുന്നുവെന്ന് കോൺഗ്രസ് വക്താവ് ജയറാം രമേശ് ആരോപിച്ചിരുന്നു. ഔദ്യോഗിക സ്ഥിരീകരണമോ വിശ്വസനീയമായ ഉറവിടമോ ഇല്ലെന്ന് ബിജെപി നേതാവ് അമിത് മാളവ്യ മറുപടി നൽകി. ജെഎഫ്-17 തണ്ടർ ബ്ലോക്ക് III യുദ്ധവിമാനങ്ങളിൽ സംയോജിപ്പിക്കുന്നതിനായി പാകിസ്ഥാന് ആർഡി-93എംഎ എഞ്ചിനുകൾ വിതരണം ചെയ്യുന്നതുമായി മുന്നോട്ട് പോകുന്നുവെന്ന റിപ്പോർട്ടുകൾ റഷ്യ തള്ളിക്കളഞ്ഞു. പാകിസ്ഥാൻ അനുകൂല പ്രചാരണം നടത്തുന്നതിൽ കുപ്രസിദ്ധമായ വെബ്‌സൈറ്റിനെ ഉദ്ധരിച്ച് എൻബിടി പ്രസിദ്ധീകരിച്ച ഒരു വാർത്തയെയാണ് ജയറാം രമേശ് ആശ്രയിച്ചതെന്നും മാളവ്യ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam