
ന്യൂയോർക്ക്: ആയിരക്കണക്കിന് കിലോമീറ്ററുകൾ യാത്ര ചെയ്യുന്ന രാജശലഭത്തിന് (മൊണാർക്ക്), ഒടിഞ്ഞ ചിറക് നന്നാക്കി വീണ്ടും പറക്കാൻ അവസരമൊരുക്കി ന്യൂയോർക്ക് ആസ്ഥാനമായുള്ള സ്വീറ്റ്‌ബ്രിയർ നേച്ചർ സെന്റര്‍. സംഭവത്തിന്റെ ഹൃദയസ്പർശിയായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. നൂതന സംവിധാനങ്ങൾ ഉപയോഗിച്ച് തകർന്ന ചിറക് തുന്നിച്ചേര്‍ത്താണ് ചിത്രശലഭത്തെ രക്ഷിച്ചത്. പരിക്കേറ്റ നിലയിൽ ലഭിച്ച ശലഭത്തെ പുനരധിവസിപ്പിക്കാനായാണ് സെന്ററിൽ എത്തിച്ചതെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ വിശദീകരിച്ചു. "ചിറകൊടിഞ്ഞ ഒരു രാജശലഭത്തെയാണ് ഇവിടെ കൊണ്ടുവന്നത്. ഞങ്ങൾ അതിന് ചികിത്സ നൽകി പൂർവ്വസ്ഥിതിയിലാക്കി," എന്നും അവര്‍ കുറിക്കുന്നു.
സെന്ററിൻ്റെ പരിശ്രമം ഫലം കാണുകയും, പരിക്ക് ഭേദമായ ശലഭം ചിറകുകൾ സ്വതന്ത്രമായി ചലിപ്പിച്ച് ആകാശത്തേക്ക് പറന്നുയരുകയും ചെയ്തു. "ഇത് ഫലം കണ്ടു. ഇനി ശലഭത്തിന് മെക്സിക്കോയിലേക്കുള്ള തൻ്റെ ദേശാടനം തുടരാൻ സാധിക്കും. ഇത് ഏറെ സന്തോഷകരമാണ്," എന്ന് വീഡിയോയുടെ അവസാനം ജീവനക്കാരി പ്രതികരിച്ചു. ഈ ചെറിയ കാരുണ്യപ്രവൃത്തി കാഴ്ചക്കാരിൽ വലിയ കൗതുകവും മതിപ്പും ഉണ്ടാക്കി.
പ്രകൃതിയുടെ ഏറ്റവും അസാധാരണമായ യാത്രകളിലൊന്നാണ് രാജശലഭങ്ങളുടെ ദേശാന്തരഗമനം എന്ന് നേച്ചർ സെന്റർ കുറിച്ചു. "ഈ ശലഭങ്ങൾ ആയിരക്കണക്കിന് മൈലുകൾ താണ്ടി മെക്സിക്കോയിലേക്കും പടിഞ്ഞാറൻ യു.എസ്സിലേക്കുമുള്ള താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നുവെന്നും പോസ്റ്റിൽ പറയുന്നു. സൂര്യൻ്റെ സ്ഥാനം ഉപയോഗിച്ച് ദിശ കണ്ടെത്താനും, ദേശാടനത്തിനിടെ ദിശ തെറ്റാതിരിക്കാൻ മാഗ്നെറ്റിക് കോമ്പസ് ഉപയോഗിക്കാനും കഴിയുന്ന അപൂർവ്വയിനം ശലഭങ്ങളിൽ ഒന്നാണ് രാജശലഭം. ഈ കാരുണ്യത്തിൻ്റെ കഥയ്ക്ക് വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam