
മോസ്കോ: ഇന്‍സ്റ്റഗ്രാമില്‍ 85000 ഫോളോവേഴ്സുള്ള യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി സ്യൂട്കേസില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.മോസ്കോ നഗരത്തിലെ സ്വന്തം ഫ്ലാറ്റിലെ റൂമിനുള്ളിലെ സ്യൂട്ട്കേസിലാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്. റഷ്യന്‍ പൗരയായ ഏകതറീന കരാഗ്ലനോവയാണ്(24) കൊല്ലപ്പെട്ടത്. ഈയടുത്താണ് ഏകതറീന ഡോക്ടര്‍ ബിരുദം നേടിയത്. ഏകതറീനയുടെ പ്രശസ്തിയില്‍ അസൂയയുള്ള ആരെങ്കിലുമാകാം കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
സുഹൃത്തുമൊത്ത് നെതര്‍ലന്‍ഡ്സിലേക്ക് ജന്മദിനാഘോഷത്തിനായി യാത്ര പുറപ്പെടാനിരിക്കെയാണ് കൊലപാതകം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏകതറീനയെ ബന്ധപ്പെടാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പരാതിപ്പെട്ടതോടെയാണ് ഫ്ലാറ്റില്‍ തെരച്ചില്‍ നടത്തിയത്. സ്യൂട്കേസിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. കഴുത്തറുത്താണ് കൊലപാതകം നടത്തിയത്.
ഫ്ലാറ്റിനുള്ളില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഏകതറീനയെ കാണാതാകുന്നതിന് മുമ്പ് മുന്‍ കാമുകന്‍ ഫ്ലാറ്റില്‍ വന്നിരുന്നതായി സൂചനയുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം ഫോട്ടോ പോസ്റ്റ് ചെയ്തതാണ് ഏകതറീന പ്രശസ്തയായത്. സിനിമാ താരം ഓഡ്രി ഹെപ്ബേണുമായിട്ടാണ് ആരാധകര്‍ ഏകതറീനയെ താരതമ്യം ചെയ്തിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam