പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരർ ഉപയോഗിച്ച ചൈനീസ് നിർമ്മിത ഗോപ്രോ ക്യാമറയുടെ ഉറവിടം കണ്ടെത്താൻ എൻഐഎ അന്വേഷണം ചൈനയിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിനായി ചൈനീസ് അധികൃതരുടെ സഹായം തേടാൻ ജമ്മുവിലെ എൻഐഎ കോടതി അന്വേഷണ സംഘത്തിന് അനുമതി നൽകി. 

ദില്ലി: പഹൽ​ഗാം ഭീകരാക്രമണത്തിലെ ചൈനീസ് ബന്ധം കണ്ടെത്താൻ എൻഎഐ. ഭീകരർ ഉപയോ​ഗിച്ച ​ഗോപ്രോ ക്യാമറ ചൈനീസ് നിർമ്മിതമെന്ന് കണ്ടെത്തി. കൂടുതൽ അന്വേഷണത്തിനായി ചൈനീസ് അധികൃതരിൽ നിന്നും വിവരം തേടാൻ അന്വേഷണ സംഘത്തിന് ജമ്മു കോടതി അനുമതി നൽകി.

ജമ്മുവിലെ എൻഐഎ കോടതിയാണ് പഹൽ​ഗാം ഭീകരാക്രമണം അന്വേഷിക്കുന്ന എൻഐഎ ഉദ്യോ​ഗസ്ഥനായ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സന്ദീപ് ചൗധരിയുടെ അപേക്ഷ അനുവദിച്ചത്. വിവരങ്ങൾ തേടി അധികൃതർക്ക് നൽകാനുള്ള കത്ത് ഭാരതീയ നാ​ഗരിക് സുരക്ഷാ സം​ഹിതയുടെ 112-ാം വകുപ്പ് പ്രകാരം അന്വേഷണ സംഘത്തിന് കോടതി തയാറാക്കി നൽകും. പഹൽ​ഗാം ഭീകരാക്രമണത്തിൽ ഉൾപ്പെട്ട ഭീകരർ ഉപയോ​ഗിച്ച ​ഗോപ്രോ കേന്ദ്രീകരിച്ചാണ് അന്വേഷണം ചൈനയിലേക്ക് എൻഐഎ വ്യാപിപ്പിക്കുന്നത്. ​ഗോപ്രോ ​ഹീറോ 12 ബ്ലാക്ക് സീരീസ് ക്യാമറ ഭീകരർ ആക്രമണം ആസൂത്രണം ചെയ്യുമ്പോൾ ഉപയോ​ഗിച്ചതാണ്. അന്വേഷണത്തിൽ നിർണായകമാകുന്ന ക്യാമറ ആര് വാങ്ങിയതാണെന്നറിയാൻ നെതർലാൻഡ്സിലെ ​ഗോപ്രോ അധികൃതരെ എൻഐഎ ബന്ധപ്പെട്ടിരുന്നു. 2020 ജനുവരി 30 ന് ആക്ടിവേറ്റ് ചെയ്യപ്പെട്ട ക്യാമറ ചൈനയിലെ ദോങ്​ഗ്വാനിലെ എഇ ​ഗ്രൂപ്പ് ഇന്റർനാഷണൽ ലിമിറ്റഡാണ് വിതരണം ചെയ്തതെന്ന് ​ഗോപ്രോ അറിയിച്ചു.

എന്നാൽ ആർക്കാണ് വിറ്റതെന്ന വിവരം കമ്പനിയിലില്ല. ഇത് കണ്ടെത്താനാണ് ചൈനീസ് അധികൃതരെ ബന്ധപ്പെടുന്നത്. ഇന്ത്യക്കും ചൈനയ്ക്കും തമ്മിൽ ഇത്തരം കേസുകളിലെ വിവരങ്ങൾ കൈമാറാൻ നിലവില്‍ കരാറില്ല. അതുകൊണ്ടുതന്നെ അന്തർ ദേശീയ കുറ്റകൃത്യങ്ങൾ തടയാനുള്ള യുഎൻ ചട്ടപ്രകാരമായിരിക്കും വിവരങ്ങൾ തേടുക. ക്യാമറ വാങ്ങിയവരെയും ഭീകരർക്ക് കൈമാറിയവരെയും കണ്ടെത്തേണ്ടത് അന്വേഷണത്തിൽ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാവും എൻഐഎ വിവരങ്ങൾ തേടുക. 2025 ഏപ്രിൽ 22 നാണ് ലഷ്കർ ഇ ത്വയബ ഭീകരർ പഹൽ​ഗാമിലെ ബൈസരൻ വാലിയിലെത്തിയ 25 വിനോദ സഞ്ചാരികളെയും ആക്രമണം തടയാൻ ശ്രമിച്ച ഒരു നാട്ടുകാരനെയും ക്രൂരമായി കൊലപ്പെടുത്തിയത്.

YouTube video player