- Home
- News
- International News
- Inside Story : ഇറാന്‍ യുദ്ധം സംഭവിച്ചത് എങ്ങനെ; ആണവചര്‍ച്ചയ്ക്കിടെ ട്രംപ് എങ്ങനെ യുദ്ധത്തിലേക്കെത്തി
Inside Story : ഇറാന്‍ യുദ്ധം സംഭവിച്ചത് എങ്ങനെ; ആണവചര്‍ച്ചയ്ക്കിടെ ട്രംപ് എങ്ങനെ യുദ്ധത്തിലേക്കെത്തി
സമാധാന ചര്‍ച്ച നടക്കുന്നതിനിടെ എങ്ങനെയാണ് ഇറാന്‍ യുദ്ധം സംഭവിച്ചത്? 2025 ഡിസംബര്‍ അവസാനം മുതല്‍ 2026 ഫെബ്രുവരി 27 വരെ ഇറാനും അമേരിക്കയ്ക്കും ഇസ്രായേലിനും ഇടയില്‍ സംഭവിച്ചത് എന്തൊക്കെയാണ്?

ആര്‍ക്കുമറിയാത്ത ആ കഥ അതറിയുന്ന പലരോടും സംസാരിച്ചശേഷം വിശദമായി പറയുന്ന ഒരു റിപ്പോര്‍ട്ട് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ചു. സിനിമപോലെ ഉദ്വേഗജനകവും ഫിക്ഷന്‍പോലെ വിചിത്രവുമാണ് ആ സംഭവങ്ങള്‍. ട്രംപിനെ യുദ്ധത്തിലേക്ക് തള്ളിയിട്ടത് നെതന്യാഹുവാണെന്നാണ് ആ റിപ്പോര്‍ട്ട് പറയുന്നത്. ആണവചര്‍ച്ച പൊളിയണമെന്നും യുഎസ് യുദ്ധത്തിനിറങ്ങണമെന്നും ആഗ്രഹിച്ച നെതന്യാഹു അവസാനം കാര്യം സാധിച്ചെടുക്കുകയായിരുന്നു.
എല്ലാറ്റിന്റെയും തുടക്കം കഴിഞ്ഞ ഡിസംബറിലായിരുന്നു. 28-ന് ഇറാനില്‍ വ്യാപാരികള്‍ പ്രക്ഷോഭമാരംഭിച്ചു. തൊട്ടുപിറ്റേന്ന് ട്രംപിന്റെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ ട്രംപിനെത്തേടി നെതന്യാഹു വന്നു. ഇറാന്റെ മിസൈല്‍ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ നെതന്യാഹു ട്രംപിന്റെ അനുമതി തേടി. സമയമായില്ല എന്നു പറഞ്ഞ് ട്രംപ് ഉഴപ്പി. ഇറാന്‍ സമരം ജനുവരിയോടെ കത്തിപ്പിടിച്ചു. പ്രക്ഷോഭങ്ങളെ പിന്തുണച്ച് ട്രംപ് രംഗത്തുവന്നു. പ്രക്ഷോഭകരെ തൊട്ടാല്‍ തൊട്ടവരെ തട്ടും എന്നമട്ടില്‍ ഭീഷണി. എന്നാല്‍ ഒന്നും നടന്നില്ല. ട്രംപിന്റെ പല ഷോകളില്‍ ഒന്നായി ലോകം അതിനെ കണ്ടു. സത്യത്തില്‍ അതിന്റെ കാരണം മറ്റൊന്നായിരുന്നു. ഒട്ടും യുദ്ധസജ്ജമായിരുന്നില്ല അമേരിക്കയും ഇസ്രായേലും. അവര്‍ക്ക് സമയം വേണമായിരുന്നു.
ജനുവരി 14. നെതന്യാഹു ട്രംപിനെ വിളിച്ച്, ആക്രമണം ജനുവരി അവസാനത്തേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. ട്രംപ് സമ്മതിച്ചു. പിന്നീടുള്ള ആഴ്ചകളില്‍ ഇരുവരും പലവട്ടം സംസാരിച്ചു. നെതന്യാഹു മറ്റ് യുഎസ് ഉന്നതരുമായി ബന്ധപ്പെട്ടു. ഉന്നത ഇസ്രായേലി ഉദ്യോഗസ്ഥര്‍ യുഎസിലേക്ക് പറന്നു. ഇസ്രായേല്‍ ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍, യുഎസ് സെന്‍ട്രല്‍ കമാന്‍ഡിലെ അഡ്മിറല്‍ ബ്രാഡ് കൂപ്പറുമായി നിരന്തരം ബന്ധപ്പെട്ടു. ജനുവരി അവസാനത്തോടെ ഇറാന്‍ പ്രതിഷേധങ്ങള്‍ ക്രൂരമായി അടിച്ചമര്‍ത്തപ്പെട്ടു. ട്രംപ് ഭീഷണി തുടര്‍ന്നു. സിഐഎ ഗ്രൗണ്ട് വര്‍ക്കില്‍ മുഴുകി. ഇറാനകത്തുകയറി മിന്നലാക്രമണം നടത്തുന്നത് ഉള്‍പ്പടെ പല സാധ്യതകള്‍ യുഎസ് സൈന്യം ട്രംപിന് മുന്നില്‍വെച്ചു. അപ്പുറം ഇസ്രായേല്‍ നിശ്ശബ്ദരായി സന്നാഹങ്ങള്‍ ഒരുക്കി.
ഇതിനിടെ നയതന്ത്ര ശ്രമങ്ങളും നടന്നു. ഒമാന്‍ മധ്യസ്ഥരായി. ഫെബ്രുവരി ആറിന് ആദ്യ ചര്‍ച്ച. അത് പരാജയം. ആണവ ഇന്ധനം ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി ഇറാന്‍ പൂര്‍ണ്ണമായും ഒഴിവാക്കണം, അതായിരുന്നു യുഎസ് ഡിമാന്‍ഡ്. അത് തങ്ങളുടെ അവകാശമാണെന്ന് ഇറാന്‍ വാദിച്ചു. അതായിരുന്നു ചര്‍ച്ചയുടെ പരാജയകാരണം. എങ്കിലും വാഷിംഗ്ടണ്‍ സമാധാനചര്‍ച്ചകളെക്കുറിച്ച് വാചാലരായി.
അതു കഴിഞ്ഞ് നാലാംനാള്‍ ട്രംപിനെ കാണാന്‍ ഒരാള്‍ ഓവല്‍ ഓഫീസിലെത്തി, നെതന്യാഹു. ചര്‍ച്ച വിജയിച്ചാല്‍ പണി പാളും, അതിനാല്‍, ട്രംപിനെ യുദ്ധത്തിലേക്ക് ഇറക്കാനായിരുന്നു ആ വരവ്. മൂന്ന് മണിക്കൂര്‍ ചര്‍ച്ച. അതുകഴിഞ്ഞ് അഞ്ചാം ദിവസം ട്രംപ് മലക്കം മറിഞ്ഞു. ചര്‍ച്ച വിജയിക്കില്ല, എല്ലാവരും ഡയലോഗടി മാത്രം, ട്രംപ് പരസ്യമായി പറഞ്ഞു. 17-ന് നടന്ന സമാധാന ചര്‍ച്ചയും പൊളിഞ്ഞു.
പിറ്റേന്ന്, സിറ്റുവേഷന്‍ റൂമില്‍ ട്രംപും യുഎസ് ഉന്നതരും യുദ്ധസാദ്ധ്യത ചര്‍ച്ചചെയ്യാന്‍ യോഗം ചേര്‍ന്നു. ആദ്യം ഒരു ചെറിയ ആക്രമണം, വഴങ്ങിയില്ലെങ്കില്‍ വലിയ ആക്രമണം, അതായിരുന്നു ട്രംപിന്റെ ഐഡിയ. എന്നാല്‍, ചെറിയ ആക്രമണം എന്ന ആശയത്തെ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് നിരാകരിച്ചു. യുദ്ധമെങ്കില്‍ വമ്പന്‍ യുദ്ധം നടക്കണം, അതും എത്രയും വേഗം.. അതായിരുന്നു വാന്‍സിന്റെ അഭിപ്രായം. ട്രംപിന് അതങ്ങ് പിടിച്ചു.
ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ കെയ്ന്‍ പല ആക്രമണ സാധ്യതകള്‍ അവതരിപ്പിച്ചു. ഒപ്പം, രണ്ട് കാര്യങ്ങളും അദ്ദേഹം പറഞ്ഞു. ഇറാനെ നേരിടുന്നത് എളുപ്പമല്ല, അമേരിക്കയ്ക്ക് പണി കിട്ടാനും സാധ്യതയുണ്ട്. എന്നാല്‍, ഇറാനെ വീഴ്ത്താന്‍ എളുപ്പമാണെന്ന് ജനറല്‍ കെയിന്‍ പറഞ്ഞെന്നായിരുന്നു ഇത് വാര്‍ത്തയായപ്പോള്‍ ട്രംപ് പുറത്തുപറഞ്ഞത്.
യുദ്ധം വേണം എന്ന വാദം തള്ളാന്‍ അധികമാരുണ്ടായിരുന്നില്ല. പക്ഷേ, വലതുപക്ഷ പോഡ്കാസ്റ്ററും ട്രമ്പിന്റെ അടുത്ത സുഹൃത്തുമായ ടക്കര്‍ കാള്‍സണ്‍ യുദ്ധത്തിനെതിരായിരുന്നു. യുദ്ധം വേണ്ടെന്ന് പറയാന്‍ അദ്ദേഹം ഫെബ്രുവരിയില്‍ മൂന്ന് തവണ ട്രംപിനെ കണ്ടു. ഇസ്രായേലിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങരുതെന്നും ഇറാനെ ആക്രമിക്കാനുള്ള അവരുടെ ആഗ്രഹം മാത്രമാണ് ഇത്തരമൊരു നീക്കത്തിനു പിന്നിലെന്നും കാള്‍സണ്‍ വാദിച്ചു. നെതന്യാഹുവിനെ നിയന്ത്രിക്കണമെന്ന് അദ്ദേഹം ട്രംപിനോട് പറഞ്ഞു. യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ തനിക്ക് അറിയാം, ട്രംപ് പറഞ്ഞു. എന്നാല്‍, ഇസ്രായേലിനൊപ്പം ചേരുകയല്ലാതെ മറ്റ് മാര്‍ഗമില്ല. 23-ന് വൈറ്റ് ഹൗസില്‍ നിന്ന് മടങ്ങുമ്പോള്‍, ട്രംപ് യുദ്ധത്തിലേക്ക് പോവുമെന്ന് തോന്നുന്നതായി കാള്‍സണ്‍ മറ്റുള്ളവരോട് പറഞ്ഞു.
നാലുദിവസങ്ങള്‍ക്കു ശേഷം ട്രംപിന്റെ സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍ പ്രസംഗം നടന്നു. അതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, 'ഗ്യാങ് ഓഫ് 8' എന്നറിയപ്പെടുന്ന യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുമായി വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, ആണവചര്‍ച്ചയില്‍ പങ്കെടുത്ത ജോണ്‍ റാറ്റ്ക്ലിഫ് എന്നിവര്‍ സംസാരിച്ചു. യുദ്ധം എന്ന ഓപ്ഷന്‍ അവര്‍ മുന്നോട്ടുവെച്ചു. ഡെമോക്രാറ്റുകളില്‍ ചിലര്‍ യോജിച്ചില്ല. അമേരിക്കന്‍ വിദേശനയം തീരുമാനിക്കാന്‍ ട്രംപ് നെതന്യാഹുവിനെ അനുവദിക്കുകയാണെന്ന് അവര്‍ വിമര്‍ശിച്ചു.
അതു കഴിഞ്ഞ് രണ്ടു ദിവസം. ഫെബ്രുവരി 26-ന് ജനീവയില്‍ വീണ്ടും ആണവചര്‍ച്ച. യുഎസ് പഴയ നിലപാടില്‍ ഉറച്ചുനിന്നു, ഇറാന്‍ വഴങ്ങിയില്ല, ചര്‍ച്ച തീര്‍ന്നു. ആണവകരാറിലെത്താന്‍ കഴിയില്ലെന്ന് പ്രതിനിധികള്‍ ട്രംപിനെ അറിയിച്ചു.
സത്യത്തില്‍, ഈ നയതന്ത്ര നീക്കങ്ങളെല്ലാം നാടകമായിരുന്നുവെന്നാണ് സൂചന. അവ പരാജയപ്പെടുമെന്ന് നേരത്തെ ഉറപ്പായിരുന്നു. ചര്‍ച്ച നടക്കുന്നതിന് തലേന്ന് തന്നെ അമേരിക്കയും ഇസ്രായേലും ഒരു തീരുമാനത്തില്‍ എത്തിയിരുന്നു. ചര്‍ച്ച പരാജയപ്പെട്ടാല്‍ അന്നു രാത്രി ആക്രമണം. എന്നാല്‍, അത് പിന്നീട് അടുത്ത ദിവസം അഥവാ വെള്ളിയാഴ്ച രാത്രിയിലേക്ക് മാറ്റി.
അന്നേരമാണ്, സിഐഎ ആ സുപ്രധാനവിവരം നല്‍കിയത്. ശനിയാഴ്ച രാവിലെ ഖമനേയി മധ്യ ടെഹ്‌റാനിലെ ഔദ്യോഗിക വസതിയിലുണ്ടാകും. തൊട്ടടുത്ത കെട്ടിടത്തില്‍ ഇറാന്റെ മുതിര്‍ന്ന സിവില്‍-സൈനിക നേതാക്കളുടെ യോഗം നടക്കും. സി.ഐ.എ ഈ വിവരം ഇസ്രായേലിന് കൈമാറി. അതോടെ ആക്രമണ തീയതിയും സമയവും മാറി. ശനിയാഴ്ച രാവിലെ ആക്രമണം.
വെള്ളിയാഴ്ച ടെക്സസിലേക്കു പോവാന്‍ എയര്‍ഫോഴ്സ് വണ്ണില്‍ കയറുന്നതിന് തൊട്ടുമുമ്പ് ട്രംപ് നെതന്യാഹുവുമായി സംസാരിച്ചു. തങ്ങള്‍ സജ്ജമാണെന്ന് നെതന്യാഹു അറിയിച്ചു. മണിക്കൂറുകള്‍ക്ക് ശേഷം, ട്രംപ് സൈനിക കമാന്‍ഡര്‍മാരുമായി അവസാനവട്ട ചര്‍ച്ച നടത്തി. 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിക്ക് അംഗീകാരം. ട്രംപ് തീരുമാനിച്ചു. 'ഇനി പിന്മാറ്റമില്ല. ആശംസകള്‍.' വിമാനമിറങ്ങിയ ശേഷം, ട്രംപ് മാധ്യമങ്ങളെ കണ്ടു. നയതന്ത്ര ചര്‍ച്ചകള്‍ പരാജയപ്പെട്ടു, ചര്‍ച്ചകളില്‍ തൃപ്തനല്ല, ട്രംപ് പറഞ്ഞു.
ഇറാനില്‍ വെള്ളിയാഴ്ചയാണ് അവധി. ശനിയാഴ്ച പ്രവൃത്തിദിവസം തുടങ്ങും. കുട്ടികള്‍ സ്‌കൂളുകളിലും മുതിര്‍ന്നവര്‍ ജോലിക്കും പോയിക്കൊണ്ടിരുന്ന ആ രാവിലെ, 9.45-ന് അത് സംഭവിച്ചു. കാലത്ത് ആറു മണിക്ക് ഇസ്രായേലി താവളത്തില്‍നിന്നും പറന്നെത്തിയ വിമാനങ്ങള്‍ മധ്യതെഹ്റാനിലെ ആ സുപ്രധാന കെട്ടിടത്തിനു മുകളില്‍ എത്തിയിരുന്നു.
ആ കെട്ടിടങ്ങളിലൊന്നില്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗം തുടങ്ങി. ഖമനേയി അടുത്ത കെട്ടിടത്തിലായിരുന്നു. യോഗം കഴിഞ്ഞാലുടന്‍ വിവരങ്ങള്‍ നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതൊന്നും വേണ്ടിവന്നില്ല. ഇസ്രായേലി വിമാനങ്ങളില്‍ അവസരം കാത്തിരുന്ന കൃത്യതയാര്‍ന്ന ആ മിസൈലുകള്‍ എല്ലാറ്റിനും എന്നേക്കുമായി ഫുള്‍സ്റ്റോപ്പിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

