
പാരിസ്: മകളെ കാണാൻ പിതാവിനെ പോലെയാണെന്ന് അധിക്ഷേപിച്ച് ഭക്ഷണം കൊടുക്കാതെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി അമ്മ. ഫ്രാൻസിലാണ് ദാരുണമായ സംഭവം നടന്നത്. സാൻഡ്രിൻ പിസ്സാര എന്ന 54കാരിയാണ് മകളെ കാണാൻ പിതാവിനെപോലെയുണ്ടെന്ന് അധിക്ഷേപിച്ച് പട്ടിണികിട്ട് കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിക്ക് ഫ്രഞ്ച് കോടതി 20 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. 2020 ഓഗസ്റ്റിലാണ് അമാൻഡിൻ എന്ന 13കാരിയെ അമ്മ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയത്.
ആഴ്ചകളോളമാണ് 13കാരിയായ മകളെ അമ്മ പിസ്സാര ജനാലകളില്ലാത്ത മുറിക്കുള്ളിൽ ഭക്ഷണം കൊടുക്കാതെ തളച്ചിട്ടത്. മരിക്കുന്ന സമയത്ത് അമാൻഡിന് വെറും 28 കിലോ മാത്രമായിരുന്നു ഭാരം ഉണ്ടായിരുന്നത്. കൊഴിഞ്ഞുപോയ പല്ലുകളോടൊപ്പം അവളുടെ മുഖവും വീർത്തിരുന്നു. അണുബാധയേറ്റ മുറിവുകൾ അവളുടെ ശരീരത്തിൽ കാണാമായിരുന്നു. ഭാരം, പേശി എന്നിവ കുറഞ്ഞ് ജീവൻ നഷ്ടമാകുന്ന അവസ്ഥയിലേക്ക് ആ 13കാരി എത്തപ്പെട്ടു. മകൾക്ക് ഈറ്റിംഗ് ഡിസോർഡർ ഉണ്ട്. ഒരു കഷ്ണം പഞ്ചസാരയെടുത്ത് വിഴുങ്ങുകയും, പഴവർഗ്ഗങ്ങളും, ഉയർന്ന തോതിൽ പ്രോട്ടീൻ അടങ്ങിയ പാനീയങ്ങളും കുടിക്കുകയും ചെയ്തതിന് പിന്നാലെ മകൾക്ക് ഛർദി വന്നു. തുടർന്ന് ശ്വാസം നിലക്കുകയായിരുന്നുവെന്നുമാണ് സംഭവത്തിൽ പിസ്സാര ആദ്യം നൽകിയ മൊഴി.
എന്നാൽ പിന്നീട് കോടതിയിൽ പിസ്സാര കുറ്റം സമ്മതിക്കുകയായിരുന്നു. അതേസമയം വർഷങ്ങളോളം അമ്മയുടെ ക്രൂരതക്ക് അമാൻഡിൻ വിധേയമാക്കപ്പെട്ടുവെന്ന് ഫ്രഞ്ച് കോടതി നിരീക്ഷിച്ചു. പലതരത്തിലും പിസ്സാര മകളെ ഉപദ്രവിച്ചു. ക്രൂരമായാണ് അമ്മ മകളോട് പെരുമാറിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. നെയിൽ സലൂൺ നടത്തുന്ന സാൻഡ്രിൻ പിസ്സാരക്ക് മൂന്ന് ബന്ധങ്ങളിലായി 8 കുട്ടികളാണുള്ളത്. സംഭവത്തിൽ 2021 മെയ് മുതൽ ഇവർ പൊലീസ് കസ്റ്റഡിയിലാണ്. 'ഞാനൊരു ക്രൂരയായ അമ്മയാണ്. എനിക്ക് എന്റെ കുട്ടികളോട് മാപ്പ് പറയണം' എന്ന് സാൻഡ്രിൻ പിസ്സാര അവസാനത്തെ പ്രസ്താവനയിൽ പറഞ്ഞു.