
കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്ഫോടനപരമ്പരയെത്തുടർന്ന് പ്രസിഡന്‍റ് മൈത്രിപാല സിരിസേന രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തീവ്രവാദപ്രവർത്തനങ്ങൾ തടയാനാണ് രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ തീരുമാനിച്ചതെന്ന് പ്രസിഡന്‍റിന്‍റെ മാധ്യമ യൂണിറ്റ് വ്യക്തമാക്കി.
ഇന്ന് അർദ്ധരാത്രി മുതൽ അടിയന്തരാവസ്ഥ നിലവിൽ വരും. എന്നാൽ അഭിപ്രായസ്വാതന്ത്ര്യം തടയുന്ന നടപടികളുണ്ടാകില്ലെന്നും പ്രസ്താവനയിൽ പറയുന്നു. എൽടിടിഇയുമായുള്ള ആഭ്യന്തരയുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ശ്രീലങ്കയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്.
അതേസമയം, ആശങ്ക ഒഴിഞ്ഞിട്ടില്ലെന്ന സൂചനകളാണ് ഇപ്പോഴും ശ്രീലങ്കയിൽ നിന്ന് വരുന്നത്. 87 ബോംബ് ഡിറ്റണേറ്ററുകളാണ് കൊളംബോയിൽ ബസ് സ്റ്റാൻഡിന് മുന്നിൽ നടത്തിയ തെരച്ചിലിലാണ് ഡിറ്റണേറ്ററുകൾ കണ്ടെത്തിയത്. പല സമയങ്ങളിലായാണ് ഈസ്റ്റർ ദിനത്തിൽ ആക്രമണങ്ങൾ നടന്നത്. ആദ്യ ഏഴ് സ്ഫോടനങ്ങൾ നടന്ന ശേഷം ഉച്ച തിരിഞ്ഞാണ് എട്ടാമത്തെ സ്ഫോടനം നടന്നത്. രാജ്യതലസ്ഥാനത്ത് വ്യാപകമായ ആക്രമണങ്ങളാണ് അക്രമികൾ ആസൂത്രണം ചെയ്തിരുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
തൗഹീത്ത് ജമാ അത്ത് എന്ന തീവ്ര ഇസ്ലാമിക സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആദ്യ സൂചന. ഇവരുടെ അന്താരാഷ്ട്ര ബന്ധങ്ങൾ അന്വേഷിക്കാൻ അമേരിക്കയുൾപ്പടെയുള്ള വിദേശരാജ്യങ്ങളുടെ സഹായം ശ്രീലങ്ക തേടിയിട്ടുണ്ട്. ആഗോള ജിഹാദി പ്രസ്ഥാനത്തിന്‍റെ വക്താക്കളാണ് ഇവരെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇതു വരെ സർക്കാർ ഔദ്യോഗികമായി ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആർക്കെന്ന് തിരിച്ചറിഞ്ഞതായി വ്യക്തമാക്കിയിട്ടില്ല.
എന്നാൽ, എട്ട് സ്ഫോടനങ്ങൾക്ക് പിന്നിലുള്ള എല്ലാ ചാവേറുകളും ശ്രീലങ്കൻ പൗരൻമാർ തന്നെയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രിയും സർക്കാർ വക്താവുമായ രജിത സേനാ രത്നെ വ്യക്തമാക്കിയത്. തദ്ദേശീയ തീവ്രവാദ സംഘടനയാണെങ്കിലും ആക്രമണത്തിന് പിന്നിൽ അന്താരാഷ്ട്ര ശക്തികളുണ്ടെന്നും അല്ലെങ്കിൽ ഇത്തരമൊരു ആക്രമണം നടപ്പാകില്ലെന്നും രജിത സേനാ രത്നെ വ്യക്തമാക്കുന്നു.
സ്ഫോടനങ്ങളിൽ 290 പേർ മരിച്ചെന്നാണ് ഇതുവരെ വന്ന കണക്ക്. ശ്രീലങ്കൻ പൗരത്വമുള്ള ഒരു മലയാളിയും ആറ് ഇന്ത്യക്കാരും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
കർണാടകയിൽ നിന്നുള്ള നാല് ജെഡിഎസ് പ്രവർത്തകർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി വ്യക്തമാക്കി. മൂന്ന് പേരെ കാണാനില്ലെന്നും കുമാരസ്വാമി അറിയിച്ചു.
അമേരിക്കയും കാനഡയുമടക്കമുള്ള രാജ്യങ്ങൾ ശ്രീലങ്കയിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്നും സുരക്ഷ പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. ഇന്‍റർപോളടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളും അന്വേഷണത്തിൽ ശ്രീലങ്കയെ സഹായിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam