
കൊളംബോ: ഈസ‍്റ്റര്‍ ദിനത്തില്‍ കൊളംബോയിലും കിഴക്കന്‍ നഗരത്തിലുമുണ്ടായ ചാവേര്‍ സ്ഫോടന പരമ്പരകള്‍ക്ക് പിന്നില്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന റാഡിക്കല്‍ ഇസ്ലാമിക സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് ആണെന്ന് സംശയിക്കുന്നതായി ശ്രീലങ്കന്‍ സര്‍ക്കാര്‍. തിങ്കളാഴ്ച നടന്ന വാര്‍ത്തസമ്മേളനത്തിലാണ് ആരോഗ്യമന്ത്രി രജിത സേനരത്നെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ആക്രമണത്തിന് വിദേശ സഹായം ലഭിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ പിടിയിലായവരെല്ലാം ശ്രീലങ്കന്‍ പൗരന്മാരാണെന്നും രജിത സേനരത്നെ അറിയിച്ചു. മുന്നറിയിപ്പ് ലഭിച്ചിട്ടും വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കഴിയാഞ്ഞത് ഗുരുതരമായ ഇന്‍റലിജന്‍റ്സ് വീഴ്ചയാണെന്നും സര്‍ക്കാര്‍ സമ്മതിച്ചു. അന്താരാഷ്ട്ര ഇന്‍റലിജന്‍റ്സ് ഏജന്‍സി രാജ്യത്തെ ക്രിസ്ത്യന്‍ പള്ളികളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആക്രമിക്കാന്‍ സാധ്യതയുള്ള സംഘടനകളുടെ പേര് സഹിതം ഐജിപിക്ക് ഏപ്രില്‍ ഒമ്പതിന് നല്‍കിയെന്നും സേനാരത്നെ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിനോടും പരിക്കേറ്റവരോടും നഷ്ടം സംഭവിച്ചവരോടും ക്ഷമ ചോദിക്കുന്നു. ഈ സാഹചര്യം മറികടക്കാനും രാജ്യത്തെ തീവ്രവാദം ഇല്ലാതാക്കാനും നടപടി സ്വീകരിക്കാന്‍ ഇന്ന് ചേര്‍ന്ന പ്രസിഡന്‍റ്, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരുടെ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് 24 പേര്‍ പിടിയിലായിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍, ആരോപണ വിധേയമായ സംഘടന ഇതുവരെ ഉത്തരവാദിത്തമേറ്റെടുത്തിട്ടില്ല.
ഒടുവിലത്തെ റിപ്പോര്‍ട്ട് അനുസരിച്ച് 290 പേര്‍ കൊല്ലപ്പെട്ടു. 500ലേറെപ്പേര്‍ക്കാണ് വിവിധ സ്ഫോടനങ്ങളില്‍ പരിക്കേറ്റത്. ഇവരില്‍ പലരുടെയും നില അതിഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ പറയുന്നു. നേരത്തെ, മുന്നറിയിപ്പ് ലഭിച്ചിട്ടും സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ കുറ്റപ്പെടുത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam