
കൊളംബോ: ശ്രീലങ്കയിൽ ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ. മുന്നറിയിപ്പ് ഗൗരവത്തിലെടുക്കുകയോ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയോ ചെയ്തില്ലെന്ന് അദ്ദേഹം സമ്മതിച്ചു. രാജ്യത്തിനകത്തുള്ളവര്‍ തന്നെയാണ് ആക്രമണത്തിന് പിന്നില്‍. ആക്രമികള്‍ക്ക് വിദേശ സഹായം ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ തുറന്നുപറച്ചില്‍ ശ്രീലങ്കയില്‍ രാഷ്ട്രീയ കോളിളക്കത്തിന് കാരണമാകും. പ്രസിഡന്‍റ് മൈത്രിപാല സിരിസേനയ്ക്കാണ്
രാജ്യത്തിന്‍റെ സുരക്ഷ ചുമതല.
ഇത്രയും വലിയ രീതിയിലുള്ള ഭീകരാക്രമണത്തിന്‍റെ മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെന്നത് പ്രസിഡന്‍റിന്‍റെ പിടിപ്പുകേടാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. അതേസമയം ഇരുവരും തമ്മിലുള്ള രാഷ്ട്രീയ വൈരമാണ് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നിലെന്നും ആരോപണമുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ വിക്രമസിംഗെയെ സിരിസേന പുറത്താക്കിയിരുന്നു. പിന്നീട് സുപ്രീം കോടതി പ്രസിഡന്‍റിന്‍റെ തീരുമാനം മരവിപ്പിക്കുകയായിരുന്നു.
ഒടുവില്‍ റിപ്പോര്‍ട്ട് അനുസരിച്ച് 290 പേര്‍ കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് 13 പേര്‍ പിടിയിലായിട്ടുണ്ടെന്ന് പൊലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. വിവരങ്ങള്‍ പുറത്തുവിട്ടാല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് രഹസ്യമാക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 500ലേറെപ്പേര്‍ക്കാണ് വിവിധ സ്ഫോടനങ്ങളില്‍ പരിക്കേറ്റത്. ഇവരില്‍ പലരുടെയും നില അതിഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam