പുടിനെതിരെ അറസ്റ്റ് വാറന്‍റ് പുറത്തിറക്കി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി

By Web TeamFirst Published Mar 19, 2023, 4:26 PM IST
Highlights

യുക്രൈനില്‍ നിന്ന് കുട്ടികളെ അടക്കം തട്ടിക്കൊണ്ടു പോയി എന്നതടക്കമുള്ള യുദ്ധക്കുറ്റകൃത്യങ്ങളുടെ പേരിലാണ് നടപടി. വെള്ളിയാഴ്ചയാണ് അന്താരാഷ്ട്ര കോടതി അറസ്റ്റ് വാറന്‍റ് പുറത്തിറക്കിയതായി വ്യക്തമാക്കുന്നത്

ഹേഗ്: റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനെതിരെ അറസ്റ്റ് വാറന്‍റ് പുറത്തിറക്കി അന്താരാഷ്ട്ര ക്രിമിനല്‍ കോടതി. യുക്രൈനില്‍ നിന്ന് കുട്ടികളെ അടക്കം തട്ടിക്കൊണ്ടു പോയി എന്നതടക്കമുള്ള യുദ്ധക്കുറ്റകൃത്യങ്ങളുടെ പേരിലാണ് നടപടി. വെള്ളിയാഴ്ചയാണ് അന്താരാഷ്ട്ര കോടതി അറസ്റ്റ് വാറന്‍റ് പുറത്തിറക്കിയതായി വ്യക്തമാക്കുന്നത്. നിയമ വിരുദ്ധമായി കുട്ടികളെ നാട് കടത്താനുള്ള ശ്രമങ്ങള്‍ക്കും കുട്ടികളെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമങ്ങള്‍ക്കും ഉത്തരവാദി പുടിനാണെന്നും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വിശദമാക്കി. റഷ്യയിലെ ബാലാവകാശ കമ്മീഷണര്‍ മരിയ അലക്സിയെവ്നയ്ക്കും അറസ്റ്റ് വാന്‍റ് പുറത്തിറക്കിയിട്ടുണ്ട്. സമാന കുറ്റകൃത്യങ്ങളിലാണ് ഈ അറസ്റ്റ് വാറന്റും.

യുക്രൈനിലെ കുട്ടികളെ ഇത്തരത്തില്‍ തട്ടിക്കൊണ്ട് പോയെന്ന് വിശ്വസിക്കാന്‍ തക്ക തെളിവുകള്‍ ഉണ്ടെന്നും കോടതി വിശദമാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തോളമായിപ്രോസിക്യൂഷനും യുക്രൈനിലെ പ്രോസിക്യുട്ടറുടെ ഓഫീസും തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമങ്ങളിലായിരുന്നു. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പ്രോസിക്യൂട്ടര്‍ കരിം ഖാനാണ് പുടിനെതിരെ അറസ്റ്റി വാറന്‍റ് ആവശ്യപ്പെട്ടത്. ഈ മാസം ആദ്യം കരിം ഖാന്‍ യുക്രൈന്‍ സന്ദര്‍ശിച്ചിരുന്നു. അന്താരാഷ്ട്ര കോടതിയുടെ നടപടി തങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് റഷ്യയുടെ വിദേശകാര്യ മന്ത്രി പറയുന്നത്.

നിയമപരമായി നോക്കിയാലും ഈ കോടതിയുടെ ഭാഗമല്ലാത്തതിനാല്‍ നടപടി തങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നും റഷ്യ പ്രതികരിക്കുന്നത്. കുട്ടികളെ കൊണ്ടുപോവുന്ന പദ്ധതിയുടെ മേധാവിയായ ലോവ ബെലോവ കോടതിയില്‍ തന്‍റെ ഭാഗം ന്യായീകരിച്ചെങ്കിലും കോടതി വാദങ്ങള്‍ അംഗീകരിച്ചില്ല. ഈ കുറ്റപത്രം റഷ്യന്‍ പ്രസിഡന്‍റിനെ രാജ്യാന്തര പിടികിട്ടാപ്പുള്ളിയായി മാറ്റുമെന്നാണ് നിരീക്ഷണം. യൂറോപ്യന്‍ രാജ്യങ്ങളിലും വടക്കേ അമേരിക്കന്‍ രാജ്യങ്ങളിലും കാല് കുത്തിയാല്‍ പുടിനെ അറസ്റ്റ് ചെയ്യുമെന്ന അവസ്ഥ രാഷ്ട്രത്തലവനെന്ന നിലയില്‍ പുടിന്  വെല്ലുവിളിയാകും. 

click me!