പോഷകാഹാരമില്ലാതെ കുട്ടികൾ, ഭക്ഷ്യക്ഷാമം; ഗാസയെ പൂർണ്ണ ക്ഷാമ ബാധിത പ്രദേശമായി പ്രഖ്യാപിക്കാൻ ഐപിസി

Published : Aug 22, 2025, 07:58 AM IST
food crisis in Gaza

Synopsis

2004ൽ ഐപിസി രൂപീകരിച്ചതിന് ശേഷം നാല് പ്രദേശങ്ങളെ മാത്രമാണ് പൂർണ്ണ ക്ഷാമ ബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ളൂ.

ജറുലസലേം: ഗാസയെ പൂർണ്ണ ക്ഷാമ ബാധിത പ്രദേശമായി പ്രഖ്യാപിക്കാൻ ഒരുങ്ങി ഐക്യരാഷ്ട്രസഭാ പിന്തുണയുള്ള ഇന്‍റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷൻ. പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു പ്രദേശത്ത് കുറഞ്ഞത് 20 ശതമാനം കുടുംബങ്ങളെങ്കിലും കടുത്ത ഭക്ഷ്യക്ഷാമം നേരിടുക, കുറഞ്ഞത് 30 ശതമാനം കുട്ടികളെങ്കിലും കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുക, ഓരോ 10,000 പേർക്കും രണ്ട് പേർ വീതം പൂർണ്ണമായ പട്ടിണി മൂലം ദിവസവും മരിക്കുക എന്നീ കാരണങ്ങൾ കൊണ്ട് മാത്രമേ ഒരു പ്രദേശത്തെ പൂർണ്ണ ക്ഷാമ ബാധിത പ്രദേശമായി പ്രഖ്യാപിക്കാൻ കഴിയൂ.

2004ൽ ഐപിസി രൂപീകരിച്ചതിന് ശേഷം നാല് പ്രദേശങ്ങളെ മാത്രമാണ് പൂർണ്ണ ക്ഷാമ ബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ളൂ. എന്നാൽ ഗാസയിലെ പട്ടിണി മരണങ്ങൾ ഉൾപ്പെടെ ഇസ്രയേൽ തുടർച്ചയായി നിഷേധിക്കുകയാണ്. അതേ സമയം ഗാസ നഗരം ഏറ്റെടുക്കുന്നതിന് ഇസ്രയേൽ സൈന്യത്തിന് അന്തിമ അനുമതി ഉടൻ നൽകുമെന്ന് ബെഞ്ചമിൻ നെതന്യാഹു ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഹമാസിന്‍റെ കസ്റ്റഡിയിലുള്ള മുഴുവൻ ഇസ്രയേൽ ബന്ദികളെയും ഒന്നിച്ച് മോചിപ്പിക്കുന്നതിനുള്ള ആവശ്യമായ ചർച്ചകൾ തുടങ്ങാനും ഇസ്രയേൽ പ്രധാനമന്ത്രി ഇന്നലെ നിർദേശം നൽകിയിരുന്നു.

ഇതിനിടെ, ഗാസയിലെ പട്ടിണി മരണം 271 ആയി. അതേസമയം ഗാസ സിറ്റിയുടെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള പദ്ധതിയുടെ ആദ്യ ഘട്ടം തുടങ്ങിയെന്ന് ഇസ്രയേൽ സൈന്യം. ഗാസ സിറ്റിയുടെ പല ഭാഗങ്ങളിലും ബോംബാക്രമണങ്ങൾ ശക്തമായതോടെ ജനങ്ങൾ തെക്കൻ ഗാസ ലക്ഷ്യമാക്കി പലായനം ആരംഭിച്ചു. അന്താരാഷ്ട്ര വിമർശനങ്ങൾ മറികടന്ന് ആക്രമണ പദ്ധതിക്ക് അന്തിമ അംഗീകാരം നൽകാനുള്ള നീക്കത്തിലാണ് ഇസ്രയേൽ. ഗാസയിൽ 60 ദിവസത്തെ വെടിനിറുത്തലിനും ബന്ദികളുടെ മോചനത്തിനുമായി ഖത്തറും ഈജിപ്റ്റും ആവിഷ്കരിച്ച നിർദ്ദേശം ഹമാസ് അംഗീകരിച്ചെങ്കിലും ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

പാക്കിസ്ഥാനിൽ ആദ്യ വനിതാ ചാവേർ ആക്രമണം നടത്തിയ ബലൂച് ലിബറേഷൻ ഫ്രണ്ട്, 'ഫിദായീൻ ഓപ്പറേഷൻ' തന്ത്രം; ലക്ഷ്യമിട്ടത് ചൈനീസ് കേന്ദ്രം
എണ്ണയിലും ആയുധത്തിലും അടുത്തപടി? പുടിന്റെ ഇന്ത്യാ ട്രിപ്പും അജണ്ടകളും