ട്രംപിന്റെ താരിഫ് ഭീഷണിക്ക് പിന്നാലെ ചൈന ഇന്ത്യയുമായി അടുക്കുന്നു?! യുഎസിന് ഭീഷണിയുടെ സ്വരം, ഇന്ത്യയോടൊപ്പം ഉറച്ചുനിൽക്കുമെന്ന് ചൈനീസ് അംബാസഡർ

Published : Aug 22, 2025, 01:42 AM IST
America President Donald Trump

Synopsis

യുഎസിന്റെ വ്യാപാര നയങ്ങൾ ലോക വ്യാപാര സംവിധാനത്തിന് ഭീഷണിയാണെന്ന് ചൈനീസ് അംബാസഡർ. ഇന്ത്യയ്‌ക്കൊപ്പം ചേർന്ന് ഈ ഭീഷണി നേരിടാൻ ചൈന തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി: യുഎസിന് ഭീഷണിയുടെ സ്വരത്തിലാണ് സംസാരിക്കുന്നതെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫെഹോങ്. സ്വതന്ത്ര വ്യാപാരത്തിൽ നിന്ന് എന്നും നേട്ടമുണ്ടാക്കിയിരുന്ന യുഎസ് ഇപ്പോൾ വിവിധ രാജ്യങ്ങളിൽ നിന്ന് അമിതമായ വില ആവശ്യപ്പെടാൻ താരിഫുകൾ വിലപേശൽ ഉപാധികളായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യക്ക് മേൽ യു.എസ്. 50 ശതമാനം വരെ താരിഫ് ഏർപ്പെടുത്തിയതിനെയും കൂടുതൽ താരിഫുകൾക്ക് ഭീഷണിപ്പെടുത്തിയതിനെയും ചൈന ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചിന്തൻ റിസർച്ച് ഫൗണ്ടേഷൻ (സി.ആർ.എഫ്.) സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ഇത്തരം നടപടികൾക്കെതിരെ മൗനം പാലിക്കുന്നത് ഭീഷണിപ്പെടുത്തുന്നവരെ കൂടുതൽ ധൈര്യശാലിയാക്കുകയേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക വ്യാപാര സംവിധാനം നിലനിർത്തുന്നതിനായി ചൈന ഇന്ത്യയോടൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാന വികസ്വര രാജ്യങ്ങളെന്ന നിലയിൽ ഇന്ത്യയും ചൈനയും ഒന്നിക്കുകയും പരസ്പരം സഹകരിക്കുകയും വേണം. ചൈന-ഇന്ത്യ സൗഹൃദം ഏഷ്യക്ക് ഗുണകരമാണെന്നും ഇരു രാജ്യങ്ങളും ഏഷ്യയുടെ സാമ്പത്തിക വളർച്ചയുടെ ഇരട്ട എഞ്ചിനുകളാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം ആഗോള സ്ഥിരത നിലനിർത്താൻ അത്യന്താപേക്ഷിതമാണെന്നും, തുല്യവും ക്രമബദ്ധവുമായ ഒരു ബഹുധ്രുവ ലോകം പ്രോത്സാഹിപ്പിക്കുന്നതിൽ ഇരു രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്നും അംബാസഡർ പറഞ്ഞു.

ഇന്ത്യൻ ഉൽപ്പന്നങ്ങളെ ചൈനീസ് വിപണിയിലേക്ക് സ്വാഗതം ചെയ്യുമെന്നും ഇരു രാജ്യങ്ങളും തന്ത്രപരമായ പരസ്പര വിശ്വാസം വർദ്ധിപ്പിക്കുകയും പരസ്പര സംശയം ഒഴിവാക്കുകയും വേണം. ഇന്ത്യക്ക് ഐ.ടി, സോഫ്റ്റ്‌വെയർ, ബയോമെഡിസിൻ എന്നീ മേഖലകളിൽ മികച്ച സാധ്യതകളുണ്ടെന്നും ഇലക്ട്രോണിക്സ് നിർമ്മാണം, അടിസ്ഥാന സൗകര്യ വികസനം, പുനരുപയോഗ ഊർജം തുടങ്ങിയ മേഖലകളിൽ ചൈനക്ക് വേഗത്തിൽ വികസനം സാധ്യമാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളെയും ബന്ധിപ്പിച്ചാൽ "ഒന്ന് പ്ലസ് ഒന്ന് രണ്ടിനേക്കാൾ വലുതായ" ഫലം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കും ഈ വർഷം അവസാനം ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ.) നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ചൈന സന്ദർശിക്കുമെന്ന വാർത്തകൾക്കും പിന്നാലെയാണ് ചൈനീസ് അംബാസഡറുടെ ഈ പരാമർശങ്ങൾ.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം
'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?