
ടെഹ്റാൻ: 1979 ന് ശേഷം ആദ്യമായി അമേരിക്കയുമായി നേരിട്ട് നടത്തിയ ഉന്നതതല വെടിനിർത്തൽ ചർച്ച പരാജയപ്പെടാനുള്ള കാരണം വെളിപ്പെടുത്തി ഇറാൻ. പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിലെ ചർച്ചകളിൽ അമേരിക്കക്ക് ഇറാന്‍റെ വിശ്വാസം നേടാനായില്ലെന്ന് ഇറാനെ പ്രതിനിധീകരിച്ച പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കി. അമേരിക്കയുമായുള്ള ചർച്ചകളിൽ തുടക്കം മുതൽ വിശ്വാസം ഉണ്ടായിരുന്നില്ല എന്നും ഇറാൻ സ്പീക്കർ വിവരിച്ചു. സൈനികമായി നേടിയെടുക്കാൻ കഴിയാത്തത് ചർച്ചകളിലൂടെ അടിച്ചേൽപ്പിക്കാനാണ് അമേരിക്ക ശ്രമിച്ചതെന്നും ഗാലിബാഫ് കുറ്റപ്പെടുത്തി. നാൽപ്പത് ദിവസം കൊണ്ട് ഇറാൻ നേടിയ നേട്ടങ്ങൾ അടിയറവെയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസായിരുന്നു അമേരിക്കൻ സംഘത്തെ നയിച്ചത്. ആറ് ആഴ്ചയായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന്റെ മധ്യസ്ഥതയിലാണ് ചർച്ച നടന്നത്. ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ ഇറാൻ - അമേരിക്ക ചർച്ചകൾക്ക് തുടർന്നും ശ്രമം നടത്തുമെന്നാണ് പാകിസ്ഥാൻ പ്രതികരിച്ചത്.
യുഎ സ് - ഇറാൻ ചർച്ചയിൽ ധാരണയിൽ എത്താൻ കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പാക്കിസ്ഥാനിൽ നിന്ന് മടങ്ങിയത്. 21 മണിക്കൂറിലേറെ മാരത്തണ്‍ ചർച്ച നടന്നു. ഇറാൻ ആണവ ആയുധം ഉണ്ടാക്കരുത് എന്നതാണ് പ്രധാനമെന്ന് യു എസ് വൈസ് പ്രസിഡന്‍റ് പറഞ്ഞു. 'അവർ ഞങ്ങളുടെ നിബന്ധനകൾ അംഗീകരിക്കില്ലെന്ന് തീരുമാനിച്ചു. പ്രസിഡന്റ് (ഡോണൾഡ് ട്രംപ്) പറഞ്ഞത് ഒരു കരാറിലെത്താൻ ശ്രമിക്കണമെന്നാണ്. നിർഭാഗ്യവശാൽ, ഒരു പുരോഗതിയും ഉണ്ടായില്ല' - എന്നാണ് ജെ ഡി വാൻസ് മാധ്യമങ്ങളോട് പറഞ്ഞത്. 40 ദിവസത്തിലേറെയായി തുടരുന്ന പശ്ചിമേഷ്യൻ യുദ്ധത്തിൽ ഒത്തുതീർപ്പിലെത്താൻ കഴിയാതെ ചർച്ചകൾ വഴിമുട്ടിയ സാഹചര്യമാണ്.
ചർച്ച പരാജയമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ തന്‍റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇറാനെതിരെ ശക്തമായ നീക്കം നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇറാൻ തോൽക്കുകയും വലിയ തോൽവി ഏറ്റുവാങ്ങുകയുമാണെന്നായിരുന്നു ട്രംപ് കുറിച്ചത്. ഇത് സംബന്ധിച്ച് നിരവധി കുറിപ്പുകൾ ട്രംപ് എഴുതി. വെടിനിർത്തൽ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങൾ ട്രംപ് പരിഹസിച്ചു. മാധ്യമങ്ങൾക്ക് വിശ്വാസ്യത നിഷ്ടപ്പെട്ടെന്നും ഇറാൻ ജയിക്കുന്നുവെന്ന് പറയാൻ അവർ ഇഷ്ടപ്പെടുന്നെന്നും എഴുതിയ ട്രംപ്, വാസ്തവത്തിൽ ഇറാൻ വലിയ പരാജയം നേരിടുകയാണെന്നും കൂട്ടിച്ചേർത്തു. യുദ്ധത്തെ തുടർന്ന് ഇറാൻ അടച്ച ലോകത്തെ എണ്ണവിതരണത്തിന്‍റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് തുറക്കാൻ യുഎസ് സൈന്യം ജോലി തുടങ്ങിയെന്ന് കുറിച്ച ട്രംപ് എതാനും ദിവസങ്ങൾക്കുള്ളിൽ ഹോർമൂസ് തുറക്കുമെന്നും അവകാശപ്പെട്ടു. ഇറാന്‍റെ നാവിക - വ്യോമസേനകളും വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈൽ-ഡ്രോൺ നിർമ്മാണ ശാലകളും യുഎസ് തകർത്തെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാൻ വൻ തോതിൽ പരാജയപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇറാന്‍റെ 28 പ്രധാന യുദ്ധ കപ്പലുകൾ കടലിൽ മുക്കിയെന്നും ട്രംപ് അവകാശപ്പെട്ടു. ചൈന, ജപ്പാൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾക്ക് ഹോർമൂസ് കടലിടുക്ക് വൃത്തിയാക്കാൻ ധൈര്യമില്ലാത്തത് കൊണ്ടാണ് യുഎസ് അവർക്ക് ഒരു ഉപകാരം ചെയ്തു കൊടുക്കുന്നതെന്നും ട്രംപ് പരിഹസിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam