പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് മേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തനം തടസ്സപ്പെട്ടതിനാൽ കുവൈത്ത് എയർവേസ് സർവീസുകൾ പുനഃക്രമീകരിച്ചു. മിസൈൽ-ഡ്രോൺ ഭീഷണികളുടെ പശ്ചാത്തലത്തിൽ കുവൈത്തിലും ബഹ്റൈനിലും അപായ സൈറണുകൾ മുഴങ്ങുകയും ചെയ്തു.

കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനെ തുടർന്ന് ഗൾഫ് മേഖലയിൽ അതീവ ജാഗ്രത. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതിനെ തുടർന്ന് കുവൈത്ത് എയർവേസ് തങ്ങളുടെ ഭൂരിഭാഗം സർവീസുകളും പുനഃക്രമീകരിച്ചു. ഈ സാഹചര്യത്തിൽ യാത്രക്കാർ തങ്ങളുടെ ബുക്കിംഗിനൊപ്പം രജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറുകളിലേക്ക് വരുന്ന അറിയിപ്പുകളും സന്ദേശങ്ങളും ശ്രദ്ധിക്കണമെന്നും കൃത്യമായ അപ്ഡേറ്റുകൾ മനസ്സിലാക്കണമെന്നും വിമാനക്കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. മേഖലയിൽ തുടരുന്ന മിസൈൽ-ഡ്രോൺ ആക്രമണ ഭീഷണികൾക്കിടയിലാണ് ഈ അടിയന്തര നടപടി.

കുവൈത്തിൽ നാലാം തവണയും അപായ സൈറൺ

കുവൈത്തിന് നേരെ തുടർച്ചയായുണ്ടാകുന്ന മിസൈൽ, ഡ്രോൺ ഭീഷണികളുടെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി വീണ്ടും അപായ സൈറണുകൾ മുഴങ്ങി. നാലാം തവണയാണ് കുവൈത്തിൽ ഇത്തരത്തിൽ സൈറൺ മുഴങ്ങുന്നതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഇടവിട്ടിടവിട്ട് ഉണ്ടാകുന്ന ഭീഷണികളെ പ്രതിരോധിക്കാൻ രാജ്യം സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുവൈത്ത് നാവികസേനയുടെ ഒരു കപ്പൽ ആക്രമണത്തിന് ഇരയായതിനെ തുടർന്ന് സായുധസേനയിലെ നാല് സൈനികർക്ക് പരിക്കേറ്റിരുന്നു. ഇവർക്ക് ആവശ്യമായ ചികിത്സ നൽകിയിട്ടുണ്ടെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരവും സ്ഥിരതയുള്ളതുമാണെന്നും അധികൃതർ അറിയിച്ചു.

ബഹ്റൈനിലും ജാഗ്രതാ നിർദ്ദേശം 

കുവൈത്തിന് പിന്നാലെ ബഹ്റൈനിലും അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. രാജ്യത്തുടനീളം വാണിംഗ് സൈറണുകൾ ആക്ടിവേറ്റ് ചെയ്തതായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങളും പ്രവാസികളും യാതൊരു കാരണവശാലും പരിഭ്രാന്തരാകരുതെന്നും മന്ത്രാലയം നിർദ്ദേശിച്ചു. സൈറൺ മുഴങ്ങുന്ന സാഹചര്യത്തിൽ എല്ലാവരും എത്രയും പെട്ടെന്ന് തങ്ങൾക്ക് തൊട്ടടുത്തുള്ള സുരക്ഷിതമായ കേന്ദ്രങ്ങളിലേക്ക് മാറണമെന്നും, ഔദ്യോഗിക ചാനലുകൾ വഴി പുറത്തുവരുന്ന നിർദ്ദേശങ്ങളും അപ്ഡേറ്റുകളും കൃത്യമായി പിന്തുടരണമെന്നും ബഹ്റൈൻ ഭരണകൂടം കർശനമായി ആവശ്യപ്പെട്ടിട്ടുണ്ട്.