
തെഹ്‌റാൻ: അമേരിക്കയുമായി ജനീവയിൽ നിർണ്ണായകമായ ആണവ ചർച്ചകൾ നടക്കുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ അപ്രതീക്ഷിത സൈനികാഭ്യാസം നടത്തി ഇറാൻ. ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാർഡ്‌സ് കടലിടുക്കിലേക്ക് മിസൈലുകൾ തൊടുത്തുവിട്ടതായും സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ജലപാതയുടെ ചില ഭാഗങ്ങൾ താൽക്കാലികമായി അടച്ചിട്ടതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാന്റെ തീരപ്രദേശങ്ങളിൽ നിന്നും കപ്പലുകളിൽ നിന്നും വിക്ഷേപിച്ച മിസൈലുകൾ ഹോർമുസ് കടലിടുക്കിലെ നിശ്ചിത ലക്ഷ്യങ്ങളിൽ കൃത്യമായി പതിച്ചുവെന്ന് ഇറാനിലെ തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച മണിക്കൂറുകളോളം ഹോർമുസ് കടലിടുക്കിൻ്റെ ചില ഭാഗങ്ങൾ ഷിപ്പിംഗ് സുരക്ഷ കണക്കിലെടുത്ത് അടച്ചിട്ടു. ലോകത്തിലെ എണ്ണ വിതരണത്തിൻ്റെ 20 ശതമാനവും കടന്നുപോകുന്ന പാതയാണിത്. ജനീവയിൽ ഒമാൻ്റെ മധ്യസ്ഥതയിൽ ഒമാനി അംബാസഡറുടെ വസതിയിലാണ് ചർച്ചകൾ നടക്കുന്നത്. ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്‌ചിയും അമേരിക്കയുടെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ എന്നിവരും തമ്മിൽ പരോക്ഷ ചർച്ചകളാണ് നടന്നത്.
ചർച്ചകൾ അല്പം കൂടി ക്രിയാത്മകമായിരുന്നെന്നും പൊതുവായ ചില തത്വങ്ങളിൽ ധാരണയായെന്നും അബ്ബാസ് അരഗ്‌ചി വ്യക്തമാക്കി. എങ്കിലും ഉടൻ ഒരു കരാറിലെത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടാൽ സൈനിക നീക്കം നടത്തുമെന്ന സൂചന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയിട്ടുണ്ട്. ഇതിനു മറുപടിയെന്നോണമാണ് ഹോർമുസിലെ സൈനികാഭ്യാസം. യുദ്ധക്കപ്പലുകൾ അപകടകാരികളാണ്, എന്നാൽ അവയെ കടലിന്റെ ആഴങ്ങളിലേക്ക് താഴ്ത്താൻ കഴിയുന്ന ആയുധങ്ങൾ അതിലും അപകടകാരികളാണ്" എന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി മുന്നറിയിപ്പ് നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam