ഇറാന്റെ ആക്രമണത്തിൽ ഒരു യുഎസ് സൈനികൻ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വടക്കൻ ഇറാഖിലാണ് സംഭവം. വെടിവെച്ചിട്ട ഡ്രോണിൽനിന്ന് സ്ഫോടകവസ്തുക്കൾ നീക്കംചെയ്യുന്നതിനിടെയാണ് യുഎസ് സൈനികന്റെ മരണം സംഭവിച്ചതെന്നാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ(സെന്റ്കോം) വിശദീകരണം.
ടെഹ്റാൻ/ ബാഗ്ദാദ്: ഇറാന്റെ ആക്രമണത്തിൽ ഒരു യുഎസ് സൈനികൻ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. വടക്കൻ ഇറാഖിലാണ് സംഭവം. വെടിവെച്ചിട്ട ഡ്രോണിൽനിന്ന് സ്ഫോടകവസ്തുക്കൾ നീക്കംചെയ്യുന്നതിനിടെയാണ് യുഎസ് സൈനികന്റെ മരണം സംഭവിച്ചതെന്നാണ് യുഎസ് സെൻട്രൽ കമാൻഡിന്റെ(സെന്റ്കോം) വിശദീകരണം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റതായും സെന്റ്കോം സ്ഥിരീകരിച്ചു. ഇതോടെ ഇറാനെതിരേ യുദ്ധം ആരംഭിച്ചശേഷം കൊല്ലപ്പെടുന്ന യുഎസ് സൈനികരുടെ എണ്ണം 17 ആയി.
കഴിഞ്ഞദിവസം ജോർദാനിലെ യുഎസ് സൈനികത്താവളങ്ങൾക്ക് നേരേ ഇറാൻ നടത്തിയ ആക്രമണത്തിൽ രണ്ട് യുഎസ് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇറാഖിലും ഒരു യുഎസ് സൈനികൻ കൂടി കൊല്ലപ്പെട്ടിരിക്കുന്നത്.
അതേസമയം, ഒരു യുഎസ് സൈനികൻ കൂടി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന് നേരേ യുഎസ് വ്യോമാക്രമണം ശക്തമാക്കി. ഇറാന് നേരേ ഞായറാഴ്ച രാത്രി ശക്തമായ ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ സൈനിക കേന്ദ്രങ്ങളെയും ഹോർമുസിലെ കപ്പലുകളെ ആക്രമിക്കാനുള്ള സംവിധാനങ്ങളെയും ലക്ഷ്യമിട്ടാണ് ഞായറാഴ്ച മുതൽ യുഎസ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.
തുറമുഖ നഗരമായ ചാബഹാറിൽ നിരവധി സ്ഫോടനശബ്ദങ്ങൾ കേട്ടതായി മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുഎസ് ആക്രമണങ്ങളെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം ഫലപ്രദമായി നേരിട്ടെന്നും ഇറാൻ മാധ്യമങ്ങളുടെ റിപ്പോർട്ടിലുണ്ട്. വടക്കുപടിഞ്ഞാറൻ നഗരമായ തബ്രിസിൽ യുഎസ് വ്യോമാക്രമണം നടത്തിയതായി ഇറാൻ പ്രസ് ടിവിയും റിപ്പോർട്ട് ചെയ്തു. എന്നാൽ, ആളപായമുണ്ടായതായി വിവരങ്ങളില്ല. അതിനിടെ, ഹോർമുസ് കടലിടുക്കിലെ തെക്കൻ പാതയിലൂടെ കടന്നുപോകാൻ ശ്രമിച്ച രണ്ട് കപ്പലുകൾ തകർത്തതായി ഇറാന്റെ ഐആർജിസി അവകാശപ്പെട്ടു. എന്നാൽ, ഏത് രാജ്യങ്ങളുടെ കപ്പലുകളാണ് ആക്രമിക്കപ്പെട്ടതെന്ന് വ്യക്തമല്ല. മേഖലയിൽ സംഘർഷം രൂക്ഷമായതോടെ ബഹ്റൈനിലെ യുഎസ് എംബസി പൗരന്മാർക്ക് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.


