
ടെഹ്റാൻ: രാജ്യത്തിന്‍റെ എണ്ണ, വാതക അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ അമേരിക്കൻ ഭീഷണികൾ പശ്ചിമേഷ്യയിലെ മുഴുവൻ ഊർജ്ജ കയറ്റുമതി മേഖലയെയും അപകടത്തിലാക്കുമെന്ന് ഇറാന്‍റെ പരമോന്നത സംയുക്ത സൈനിക കമാൻഡായ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് മുന്നറിയിപ്പ് നൽകി. ഇറാന്‍റെ ഔദ്യോഗിക മാധ്യമമായ ഐആർഐബിയിലൂടെയാണ് സൈനിക കമാൻഡിന്റെ പ്രതികരണം പുറത്തുവന്നത്. മേഖലയിലെ നിലവിലെ സാഹചര്യത്തിൽ എല്ലാവർക്കും എണ്ണയും വാതകവും കയറ്റുമതി ചെയ്യാൻ കഴിയുന്ന സാഹചര്യമുണ്ടാകണം, അല്ലെങ്കിൽ ആർക്കും അതിന് കഴിയില്ലെന്ന കടുത്ത നിലപാടാണ് ഇറാൻ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്.
മേഖലയിലെ ഊർജ്ജ വിപണികളുമായി ബന്ധപ്പെട്ട ഏത് ഏകപക്ഷീയ ഇടപെടലും വ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന മുന്നറിയിപ്പും പ്രസ്താവനയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇറാന്റെ എണ്ണ-വാതക വിപണികളിൽ അമേരിക്ക കൂടുതൽ നിയന്ത്രണം സ്ഥാപിക്കുമെന്ന തരത്തിലുള്ള യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ സമൂഹമാധ്യമ പരാമർശങ്ങൾക്ക് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. അമേരിക്കയുടെ ഇത്തരം നിലപാടുകൾ മേഖലയിലെ സുരക്ഷാ സാഹചര്യത്തെ കൂടുതൽ സങ്കീർണമാക്കുമെന്ന് ഇറാൻ ആരോപിച്ചു.
ഗൾഫ് മേഖലയിലെ ഊർജ്ജ വിതരണ ശൃംഖലകളെ ബാധിക്കുന്ന ഏതൊരു നടപടിയും പ്രാദേശിക തലത്തിൽ മാത്രമല്ല, ആഗോള വിപണിയിലും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ലോക എണ്ണവിപണിയുടെ നിർണായക കേന്ദ്രങ്ങളിലൊന്നായ പശ്ചിമേഷ്യയിൽ സംഘർഷം വർധിക്കുന്നത് അന്താരാഷ്ട്ര ഊർജ്ജ സുരക്ഷയെ നേരിട്ട് ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള വാക്‌പോരും നയതന്ത്ര സംഘർഷവും തുടരുന്നതിനിടെ, ഇറാന്‍റെ പുതിയ മുന്നറിയിപ്പ് മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളെ കൂടുതൽ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുകയാണ്. ട്രംപ് തന്‍റെ ഭീഷണി പിൻവലിച്ചതോടെ മേഖലയിൽ താത്കാലിക ആശ്വാസം ഉണ്ടായിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam