ഒരിക്കലും അവസാനിക്കാത്ത ലോകപര്യടനം ലക്ഷ്യമിട്ട് യാത്ര തിരിച്ച വില്ല വീ ഒഡീസി എന്ന ആഡംബര ക്രൂയിസ് കപ്പൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കംബോഡിയയിൽ യാത്ര അവസാനിപ്പിച്ചു. ഇന്ധനവില ഉയർന്നതാണ് കപ്പൽ കമ്പനിയെ പ്രതിസന്ധിയിലാക്കിയത്. ഇന്ത്യയിലുൾപ്പെടെ എത്തേണ്ടിയിരുന്ന കപ്പലിലെ 200 യാത്രക്കാരാണ് ഇതോടെ പാതിവഴിയിൽ കുടുങ്ങിയത്.
ഒരിക്കലും അവസാനിക്കാത്ത ലോകപര്യടനം ലക്ഷ്യമിട്ട് യാത്ര തിരിച്ച ആഡംബര ക്രൂയിസ് കപ്പൽ അപ്രതീക്ഷിതമായി യാത്ര അവസാനിപ്പിച്ചതോടെ 200 യാത്രക്കാർ കംബോഡിയയിൽ കുടുങ്ങി. ഇന്ധനവില കുത്തനെ ഉയർന്നതാണ് യാത്ര സാമ്പത്തികമായി മുന്നോട്ട് കൊണ്ടുപോകാനാകാത്ത സാഹചര്യം സൃഷ്ടിച്ചതെന്ന് കപ്പൽ നടത്തിപ്പുകാർ അറിയിച്ചു. ഇതേത്തുടർന്ന് ഒക്ടോബർ 27 ചൊവ്വാഴ്ച വില്ല വീ ഒഡീസി (Villa Vie Odyssey) കപ്പൽ യാത്ര നിർത്തിവെച്ചു.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വില്ല വീ റെസിഡൻസസ് (Villa Vie Residences) എന്ന കമ്പനിയാണ് കപ്പലിന്റെ നടത്തിപ്പുകാർ. മുന്നോട്ടുള്ള യാത്ര അനിശ്ചിതത്വത്തിലായതോടെ യാത്രക്കാരെ കപ്പലിൽനിന്ന് ഇറക്കുന്നതിനും താൽക്കാലിക താമസസൗകര്യം ഒരുക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് കമ്പനി അറിയിച്ചു. അതേസമയം, സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായുള്ള ശ്രമങ്ങളും തുടരുകയാണ്.
അവസാനിക്കാത്ത ലോക പര്യടനം!
650 യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ ശേഷിയുള്ള കപ്പൽ 2024 ഒക്ടോബറിലാണ് നോൺസ്റ്റോപ്പ് ലോകപര്യടനത്തിനായി വടക്കൻ അയർലൻഡിലെ ബെൽഫാസ്റ്റിൽനിന്ന് യാത്ര തിരിച്ചത്. ലോകമെമ്പാടുമുള്ള 400 -ലധികം തുറമുഖങ്ങളിൽ നിർത്തുന്ന തരത്തിലായിരുന്നു യാത്ര ആസൂത്രണം ചെയ്തിരുന്നത്. മൂന്നര വർഷത്തിലൊരിക്കൽ ലോകം ചുറ്റുന്ന രീതിയിലുള്ള പര്യടനവും കമ്പനി യാത്രക്കാർക്ക് വാഗ്ദാനം ചെയ്തിരുന്നു.
പാതിവഴിയിൽ നിലച്ച യാത്ര!
എന്നാൽ, ചൊവ്വാഴ്ച യാത്രക്കാരോട് കംബോഡിയയിലെ സിഹാനൂക്വിൽ തുറമുഖത്ത് വെച്ച് കപ്പലിൽനിന്ന് ഇറങ്ങണമെന്ന് അധികൃതർ നിർദേശിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിച്ച വില്ല വീ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ മൈക്കൽ പീറ്റേഴ്സൺ, പ്രതിസന്ധി പരിഹരിക്കാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കി. കമ്പനിയിൽ പുതിയ നിക്ഷേപം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും എന്നാൽ, നിക്ഷേപകരുമായുള്ള കരാർ പരാജയപ്പെട്ടതോടെ മുന്നോട്ടുള്ള വഴികൾ അടയുകയും പാപ്പരത്ത നടപടികൾ പരിഗണിക്കേണ്ട സാഹചര്യം ഉണ്ടാകുകയും ചെയ്തുവെന്നും പീറ്റേഴ്സൺ വ്യക്തമാക്കി.
വേണ്ടെന്ന് വച്ചത് ഇന്ത്യയിലേക്കുള്ള യാത്ര
വിയറ്റ്നാം, സിംഗപ്പൂർ, മലേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിൽ നിർത്തിയശേഷം കപ്പൽ ഇന്ത്യയിലെത്താനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്. നവംബർ 29 -ന് കൊൽക്കത്തയിൽ എത്തുന്ന കപ്പൽ തുടർന്ന് വിശാഖപട്ടണം, ചെന്നൈ എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യുമായിരുന്നു. ശ്രീലങ്കയിലേക്കുള്ള സന്ദർശനത്തിനുശേഷം ഡിസംബർ 24-ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി കൊച്ചി, ഗോവ, മംഗളൂരു, മുംബൈ, എന്നിവിടങ്ങളിൽ നങ്കൂരമിടാനും പദ്ധതിയുണ്ടായിരുന്നു.
കപ്പലിലെ സ്ഥിരതാമസത്തിനുള്ള ക്യാബിനുകൾക്ക് 1,19,999 ഡോളർ (ഏകദേശം 1,13,00,000 ഇന്ത്യൻ രൂപ) മുതൽ 4,39,999 ഡോളർ (ഏകദേശം 4,17,00,000 ഇന്ത്യൻ രൂപ) വരെയായിരുന്നു വില നിശ്ചയിച്ചിരുന്നത്. നീന്തൽക്കുളവും സ്പായും ഉൾപ്പെടെയുള്ള സൗകര്യങ്ങളുള്ള ആഡംബര ഫ്ലോട്ടിങ് ഹോട്ടലിൽ ജീവിതത്തിന്റെ ശേഷിക്കുന്ന കാലം ചെലവഴിക്കാമെന്ന പ്രതീക്ഷയിൽ ചിലർ കരയിലെ തങ്ങളുടെ വീടും സ്ഥിരജീവിതവും ഉപേക്ഷിച്ചാണ് കപ്പലിൽ താമസിക്കാൻ എത്തിയത്.






