മുൻപൊരിക്കലും ഇത്രയും അടുത്തെത്തിയിട്ടില്ലെന്ന് ഇറാൻ; അമേരിക്കയുമായുള്ള കരാറിന് തൊട്ടരികെയെന്ന അരഗ്ചിയുടെ പോസ്റ്റ് ഷെയർ ചെയ്ത് ട്രംപ്

Published : Jun 13, 2026, 12:06 AM IST
Aragchi Trump

Synopsis

പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള അമേരിക്ക - ഇറാൻ സമാധാന കരാർ അന്തിമ ഘട്ടത്തിലാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സ്ഥിരീകരിച്ചു. ഇസ്ലാമാബാദിലുണ്ടായ ധാരണ അതിന്‍റെ പൂർത്തീകരണത്തോട് എക്കാലത്തെക്കാളും ഏറെ അടുത്തുനിൽക്കുകയാണ് എന്നാണ് അരഗ്ചി വ്യക്തമാക്കിയത്.

ടെഹ്റാൻ: പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ അവസാന ഘട്ടത്തിലാണെന്ന് സ്ഥിരീകരിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. മുൻപൊരിക്കലും കരാറിന് ഇത്രയും തൊട്ടടുത്ത് എത്തിയിട്ടില്ലെന്ന് അരഗ്ചി സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു. ഇസ്ലാമാബാദിലുണ്ടായ ധാരണ അതിന്‍റെ പൂർത്തീകരണത്തോട് എക്കാലത്തെക്കാളും ഏറെ അടുത്തുനിൽക്കുകയാണ് എന്നാണ് അരഗ്ചി വ്യക്തമാക്കിയത്.

ഇറാനിയൻ മാധ്യമങ്ങളിൽ കരാറിന്റെ വിശദാംശങ്ങൾ എന്ന പേരിൽ ചില വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു വിദേശകാര്യ മന്ത്രിയുടെ ഈ പ്രതികരണം. കരാർ അന്തിമരൂപത്തിൽ ആകുന്നതുവരെ മാധ്യമങ്ങൾ ഇതിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഉത്തരവാദിത്തത്തോടെയുള്ള സുതാര്യമായ സമീപനമാണുള്ളതെന്നും കരാറിന്റെ എല്ലാ വിവരങ്ങളും യഥാസമയം പൊതുജനങ്ങളുമായി പങ്കുവെക്കുമെന്നും അരഗ്ചി കൂട്ടിച്ചേർത്തു.

അരഗ്ചിയുടെ പോസ്റ്റ് ഷെയർ ചെയ്ത് ട്രംപ്

ഇറാൻ വിദേശകാര്യ മന്ത്രിയുടെ എക്സ് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്നീട് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ചു. എന്നാൽ, ഇറാനിയൻ മാധ്യമങ്ങളിൽ വന്ന, ചോർന്ന വിവരങ്ങൾക്കെതിരെ ട്രംപ് ശക്തമായി ആഞ്ഞടിച്ചു. മാധ്യമങ്ങളിൽ വന്ന വാർത്തകൾക്ക് ഇരുരാജ്യങ്ങളും തമ്മിൽ ലിഖിതമായി അംഗീകരിച്ചിട്ടുള്ള വ്യവസ്ഥകളുമായി യാതൊരു ബന്ധവുമില്ലെന്ന് ട്രംപ് വ്യക്തമാക്കി. ചില വിഷയങ്ങളിൽ തർക്കവും അസ്വാരസ്യങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും ഇരുപക്ഷവും ഒരു ഒത്തുതീർപ്പിലേക്ക് ഉടൻ തന്നെ എത്തിയേക്കുമെന്ന പ്രതീക്ഷകൾ ശക്തമാണ്.

അമേരിക്കയും ഇറാനും തമ്മിൽ പതിനാലിന സമാധാന ധാരണയിലെത്തിയെന്ന ഇറാൻ മാധ്യമമായ മെഹർ ന്യൂസ് ഏജൻസിയുടെ വാർത്ത തള്ളി ട്രംപ് ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. താൻ ഇസ്രയേൽ പ്രധാനമന്ത്രിയായിരിക്കുന്ന കാലത്തോളം ഇറാനെ ആണവായുധം ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇത് താനും ട്രംപും തമ്മിലുള്ള കരാർ ആണെന്നും നെതന്യാഹു വിശദീകരിച്ചു. ഇറാന്റെ മിസൈൽ ശേഷി നിയന്ത്രിക്കുന്നതിനെക്കുറിച്ചോ പശ്ചിമേഷ്യയിലെ വിവിധ സംഘടനകൾക്ക് ഇറാൻ നൽകുന്ന പിന്തുണയെക്കുറിച്ചോ ഇറാൻ മാധ്യമമായ മെഹർ ന്യൂസ് ഏജൻസി പുറത്തുവിട്ട 14 ധാരണകളിൽ പരാമർശമില്ലാത്തതാണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്. പിടിച്ചെടുത്ത പ്രദേശങ്ങളിൽ നിന്നും പിന്മാറില്ലെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രിയും വ്യക്തമാക്കി. ലബനൻ, ഗാസ, സിറിയ സെക്യൂരിറ്റി സോണുകളിൽ നിന്ന് പിന്മാറില്ലെന്നാണ് ഇസ്രയേൽ വ്യക്തമാക്കിയത്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മധ്യസ്ഥ ശ്രമം നടത്തുന്ന പാകിസ്ഥാൻ സ്ഥിരീകരിച്ചു, ഇറാനും അമേരിക്കയും തമ്മിൽ കരട് ധാരണയായി; അന്തിമ കരാറിനുള്ള പരിശ്രമം തുടരുന്നു
ഇന്ത്യയിൽ രോഷം ഉയരുന്നതിനിടെ ഇറാനെ പഴിച്ച് ട്രംപ്; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയെന്ന് വാദം