
ടെഹ്‌റാന്‍: ഇസ്രയേലുമായുള്ള സംഘർഷത്തിൽ വെടിനിർത്തൽ യാഥാർത്ഥ്യമായതോടെ കടുത്ത നടപടികളിലേക്ക് കടന്ന് ഇറാൻ. സംഘർഷകാലത്ത് തങ്ങളെ സഹായിക്കാത്തതിന്‍റെ പേരിൽ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) യുമായുള്ള ബന്ധം വിച്ഛേദിക്കാനാണ് ഇറാന്‍റെ തീരുമാനം. ഇറാൻ പാർലമെന്‍റ് നേരത്തെ തന്നെ പാസാക്കിയ തീരുമാനം ഗാർഡിയൻ കൗൺസിൽ കൂടി അംഗീകരിച്ചതോടെ ഐ എ ഇ എയുമായുള്ള ബന്ധം പൂർണമായും വിച്ഛേദിക്കൽ യാഥാർത്ഥ്യമാകുമായാണ്. ആണവ കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെ ഇനി ഐ എ ഇ എയുമായി ഒരുതരത്തിലുമുള്ള സഹകരണവുമില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചു.
സഹകരണം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതോടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പ്രതിനിധികള്‍ക്ക് ഇനി ഇറാനിൽ പ്രവേശിക്കാനോ പരിശോധനകള്‍ നടത്താനോ കഴിയില്ല. ആണവോര്‍ജ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള മോണിറ്ററിംഗ് ക്യാമറകള്‍ നീക്കം ചെയ്യാനും ഇറാൻ തീരുമാനിച്ചതായാണ് വിവരം. ഇസ്രയേലുമായുള്ള വെടിനിര്‍ത്തലിന് തൊട്ടുമുമ്പാണ് ഐ എ ഇ എയുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ ഇറാന്‍ പാര്‍ലമെന്‍റ് തീരുമാനിച്ചത്. വെടിനിര്‍ത്തലിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട ശക്തമായ തീരുമാനവുമായി മുന്നോട്ടുപോകാന്‍ ഇറാന്‍ പാര്‍ലമെന്റ് ശുപാർശയും നൽകി. ഈ സാഹചര്യത്തിലാണ് ഗാര്‍ഡിയന്‍ കൗണ്‍സിലും തീരുമാനം ശരിവച്ചത്. ഗൗര്‍ഡിയന്‍ കൗണ്‍സില്‍ കൂടി തീരുമാനം അംഗീകരിച്ചതോടെ വൈകാതെ തന്നെ ഇത് നിയമമാകും.
അതേസമയം ഇസ്രായേലുമായുളള യുദ്ധം അവസാനിച്ച സാഹചര്യത്തില്‍ ഇറാനുമായി അമേരിക്ക അടുത്തയാഴ്ച ചര്‍ച്ച നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ ആണവകരാറില്‍ ഒപ്പുവെക്കാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ പറയുന്നു. അടുത്തയാഴ്ച ചര്‍ച്ച ഉണ്ടാകുമെന്ന വിവരം നെതര്‍ലന്‍ഡ്സില്‍ നടന്ന നാറ്റോ യോഗത്തിനിടെ ട്രംപ് തന്നെയാണ് സൂചന നൽകിയത്. ഇറാന്‍ ആണവായുധം നിര്‍മിക്കുന്നത് തടയാനുളള 2015 ലെ കരാറില്‍ നിന്ന് ട്രംപ് ആദ്യം പ്രസിഡന്‍റായ കാലത്ത് അമേരിക്ക പിന്മാറിയിരുന്നു. എന്നാല്‍ ട്രംപിന്‍റെ പ്രഖ്യാപനത്തോട് ഇറാന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതിനിടെ യു എസ് ആക്രമണത്തില്‍ ഫോര്‍ദോ അടക്കമുളള ആണവ കേന്ദ്രങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചെന്ന് ഇറാന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശകാര്യവക്താവ് ഇസ്മായില്‍ ബാഗെയി രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ നാശനഷ്ടത്തിന്‍റെ തോത് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
അതിനിടെ ഇസ്രയേലിനെതിരായ യുദ്ധത്തിൽ ഇറാൻ വിജയം നേടിയെന്ന് അവകാശപ്പെട്ട് ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയി രംഗത്തെത്തി. വെടിനിർത്തൽ നിലവിൽ വന്നശേഷം രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്യവെയാണ് ഖമനയി, യുദ്ധത്തിൽ ഇറാന്‍റെ വിജയം അവകാശപ്പെട്ടത്. ഇസ്രയേൽ തകർക്കപ്പെടുമെന്ന ഘട്ടത്തിലാണ് അമേരിക്ക സംഘർഷത്തിൽ ഇടപെട്ടതെന്നും അവർക്കും ഒന്നും നേടാൻ കഴിഞ്ഞില്ല. ഇസ്രയേലിനൊപ്പം അമേരിക്കയുടെയും മുഖത്തേറ്റ കനത്ത അടിയാണ് ഇറാൻ നൽകിയതെന്നും ഒരു വീഡിയോ സന്ദേശത്തിലൂടെ ഇറാൻ ജനതയെ അഭിസംബോധന ചെയ്ത ഖമനയി അവകാശപ്പെട്ടു.