ഹിജാബ് പ്രക്ഷോഭം: കൊല്ലപ്പെട്ട സഹോദരന്റെ ശവസംസ്കാരച്ചടങ്ങിൽ അലറിക്കരഞ്ഞ് മുടി മുറിക്കുന്ന യുവതി

By Web TeamFirst Published Sep 26, 2022, 10:50 AM IST
Highlights

ജാവേദ് ഹെയ്ദാരിയെന്ന യുവാവാണ് പൊലീസ് നടപടിയില്‍ കൊല്ലപ്പെട്ടത്. സംസ്‌കാരച്ചടങ്ങില്‍ നിരവധി സ്ത്രീകള്‍  പൂക്കള്‍ അര്‍പ്പിക്കുന്നത് വീഡിയോയിലുണ്ട്. ഇതിനിടെയാണ് ജാവേദിന്റെ സഹോദരി പൊട്ടിക്കരഞ്ഞുകൊണ്ട് സ്വയം മുടി മുറിച്ച് ശവമഞ്ചത്തിലിടുന്നത്.  

തെഹ്‌റാന്‍: ഇറാനിൽ ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. പ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടിയില്‍ മരിച്ച യുവാവിന്റെ ശവസംസ്കാരച്ചടങ്ങിൽ അലറിക്കരഞ്ഞുകൊണ്ട് സ്വന്തം  മുടി മുറിക്കുന്ന സഹോദരിയുടെ ദൃശ്യങ്ങളാണ് ഏറ്റവും പുതിയതായി സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.  ജാവേദ് ഹെയ്ദാരിയെന്ന യുവാവാണ് പൊലീസ് നടപടിയില്‍ കൊല്ലപ്പെട്ടത്. സംസ്‌കാരച്ചടങ്ങില്‍ നിരവധി സ്ത്രീകള്‍  പൂക്കള്‍ അര്‍പ്പിക്കുന്നത് വീഡിയോയിലുണ്ട്. ഇതിനിടെയാണ് ജാവേദിന്റെ സഹോദരി പൊട്ടിക്കരഞ്ഞുകൊണ്ട് സ്വയം മുടി മുറിച്ച് ശവമഞ്ചത്തിലിടുന്നത്.   ചുറ്റുമുള്ള സ്ത്രീകള്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. മുടിമുറിച്ചാണ് ഇറാന്‍ വനിതകള്‍  ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ തങ്ങളുടെ പ്രതിഷേധവും രോഷവും പ്രകടിപ്പിക്കുന്നത്.

ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുര്‍ദ് യുവതി മഹ്‌സ അമിനി (22) കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇറാനില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.  പ്രക്ഷോഭം രാജ്യത്തെ 31 പ്രവിശ്യകളിലേക്കും വ്യാപിച്ചു. 9 ദിവസം പിന്നിട്ട പ്രതിഷേധത്തില്‍ സുരക്ഷാസൈനികര്‍ അടക്കം 41 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോ​ഗിക കണക്ക്. പ്രതിഷേധം കനത്തതോടെ ഇറാനിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. വാട്സാപ്പ്, സ്കൈപ്പ്, ലിങ്ക്ഡ്ഇൻ, ഇൻസ്റ്റ​ഗ്രാം തുടങ്ങിയവയ്ക്കാണ് നിയന്ത്രണം. നൂറ് കണക്കിന് മാധ്യമപ്രവർത്തകരേയും സാമൂഹ്യപ്രവർത്തകരെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. 

Javad Heydari's sister, who is one of the victims of protests against the murder of , cuts her hair at her brother's funeral. pic.twitter.com/6PJ21FECWg

— 1500tasvir_en (@1500tasvir_en)

കുര്‍ദുകള്‍ക്കു ഭൂരിപക്ഷമുള്ള വടക്ക് പടിഞ്ഞാറന്‍ മേഖലകളിലാണു പ്രക്ഷോഭം ഏറ്റവും രൂക്ഷമായിരിക്കുന്നത്. മേഖലയിലെ ഓഷന്‍വീഹ് നഗരം പട്ടാളത്തിന്റെ നിയന്ത്രണത്തിലാണെന്നു റിപ്പോർട്ടുകളുണ്ട്.  അമിനിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിന് പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഉത്തരവിട്ടിട്ടുണ്ട്. നിലവില്‍ നടക്കുന്നതു ജനകീയ പ്രക്ഷോഭമല്ല, രാജ്യത്തിനെതിരെയുള്ള കലാപമാണെന്നാണ് പ്രസിഡന്റ് പറയുന്നത്.  ഇതിനിടെ സര്‍ക്കാര്‍ അനുകൂലികളും പ്രക്ഷോഭകര്‍ക്കെതിരെ തെരുവിലിറങ്ങിയിട്ടുണ്ട്.

പ്രതിഷേധക്കാർ പൊതു മുതലുകൾക്കടക്കം തീയിട്ടുവെന്നാണ് ഇറാനിയൻ സർക്കാർ പറയുന്നത്.  പ്രതിഷേധക്കാരായ സ്ത്രീകൾ പൊതു നിരത്തിൽ ഹിജാബ് ഊരി എറിയുകയും കത്തിക്കുകയും മുടി മുറിച്ച് കളയുകയും ചെയ്യുന്നതിന്റെ നിരവധി ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. ശരിയായ രീതിയില്‍ ശിരോവസ്‍ത്രം ധരിച്ചില്ലെന്ന് ആരോപിച്ചാണ് മഹ്‍സ അമിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയില്‍ വെച്ച് ഗുരുതരാവസ്ഥയിലായ അമിനിയെ ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ച് മസ്‍തിഷ്ക മരണം സംഭവിച്ച് കോമയിലാവുകയും പിന്നാലെ മരിക്കുകയുമായിരുന്നു.  

പൊലീസ് വാഹനത്തില്‍ വെച്ച് അമിനിക്ക് മര്‍ദമേറ്റെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എന്നാല്‍ ഈ ആരോപണം പൊലീസ് നിഷേധിക്കുകയാണ്. കസ്റ്റഡിയില്‍ മറ്റ് സ്‍ത്രീകള്‍ക്കൊപ്പം പാര്‍പ്പിച്ചിരിക്കുന്നതിനിടെ അമീനിക്ക് ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീണെന്നും അതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. യുവതി കുഴഞ്ഞുവീഴുന്ന ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. എന്നാല്‍ അമീനി പൂര്‍ണ ആരോഗ്യവതിയായിരുന്നുവെന്നും അവര്‍ക്ക് ഹൃദ്രോഗമുണ്ടായിരുന്നില്ലെന്നും പിതാവും ബന്ധുക്കളും പറയുന്നു. 

Read Also: ഇറാന്‍ തെരുവില്‍ ഹിജാബുകള്‍ക്ക് തീയിടുന്ന പെണ്ണുങ്ങള്‍

click me!