
മസ്ക്കറ്റ്: ആണവ വിഷയത്തിൽ ചർച്ചകൾ തുടരാൻ തീരുമാനിച്ച് അമേരിക്കയും ഇറാനും. ഒമാനിൽ ഇരുവിഭാഗവും ഇന്ന് നടത്തിയ ചർച്ച പൂർത്തിയായി. ഒമാൻ വിദേശകാര്യ മന്ത്രിയുടെ സാന്നിധ്യത്തിൽ ഇരു രാഷ്ട്രങ്ങളും ചർച്ചകളിൽ പങ്കെടുത്തു. അടുത്തയാഴ്ച ഏപ്രിൽ 19 ന് വീണ്ടും ചർച്ച നടത്തും എന്നാണ് സൂചന. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി ചർച്ചയ്ക്ക് നേരിട്ട് എത്തിയിരുന്നു. യു എസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അമേരിക്കൻ സംഘത്തെ നയിച്ചു.
ഇരുനേതാക്കളും നേരിട്ട് സംസാരിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. ചർച്ച മൂന്നു മണിക്കൂർ നീണ്ടു. ഇറാന്‍റെ ആണവ ആയുധ സംഭരണ നീക്കം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് അമേരിക്കയുടെ നീക്കം. തങ്ങൾക്ക് മേലുള്ള ഉപരോധങ്ങൾ നീക്കുകയാകും ഇറാന്‍റെ ലക്ഷ്യം. തങ്ങൾ ആണവായുധം ഉപേക്ഷിച്ചാൽ ഇസ്രായേൽ ഉൾപ്പടെ മേഖലയിൽ സമ്പൂർണ ആണവ നിരായുധീകരണം സമ്മതിക്കണം എന്ന സമ്മർദ്ദവും ഇറാൻ മുന്നോട്ട് വെയ്ക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
അതിനിടെ അമേരിക്കിയിൽ നിന്നുള്ള മറ്റൊരു വാർത്ത നാസയുടെ ബജറ്റ് വെട്ടി കുറയ്ക്കാൻ അമേരിക്കൻ പ്രസിഡന്‍റ് തീരുമാനിച്ചു എന്നതാണ്. നാസയുടെ ആകെ ബജറ്റിന്‍റെ 20 ശതമാനം കുറയ്ക്കാനുള്ള ശുപാർശ അമേരിക്കൻ പ്രസിഡന്‍റ് നൽകിക്കഴിഞ്ഞെന്നാണ് വിവരം. പ്രധാന നാസ കേന്ദ്രങ്ങൾ അടച്ചു പൂട്ടുമെന്നും റിപ്പോർട്ടുണ്ട്. അമേരിക്കയുടെ മൊത്തം ശാസ്ത്ര പദ്ധതികൾക്കുള്ള ബജറ്റിൽ കടുവെട്ടാണ് പ്രസിഡന്‍റ് ലക്ഷ്യമിടുന്നത്. ഈ ബജറ്റിൽ 49 ശതമാനത്തോളം വെട്ടിച്ചുരുക്കലുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. ലോകത്തെ ശാസ്ത്ര ഗവേഷണത്തെ മൊത്തത്തിൽ തന്നെ ബാധിക്കുന്നതാകും അമേരിക്കൻ പ്രസിഡന്‍റിന്‍റെ 49 ശതമാനം വെട്ടിച്ചുരുക്കൽ തീരുമാനമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. വൈറ്റ് ഹൗസിന്‍റെ കരട് പദ്ധതി 5 ബില്യൺ ഡോളർ വെട്ടികുറയ്ക്കൽ ശുപാർശ ചെയ്യുന്നതായാണ് റിപ്പോർട്ട്. സുപ്രധാന ശാസ്ത്ര ഗവേഷണ പദ്ധതികളെ നീക്കം പ്രതികൂലമായി ബാധിക്കും. നാസയുടെ ശാസ്ത്ര ഗവേഷണ പദ്ധതികളെയെല്ലാം പ്രതികൂലമായി ബാധിക്കുന്നതാണ് ട്രംപ് ഭരണകൂടത്തിന്‍റെ നീക്കം. സെപ്തംബറിലാണ് അമേരിക്കയിൽ സാമ്പത്തിക വർഷം അവസാനിക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റിന്‍റെ കരടിലാണ് വൈറ്റ് ഹൗസിന്‍റെ അസാധാരണ വെട്ടിച്ചുരുക്കൽ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം