ബ്രിട്ടീഷ് എണ്ണക്കപ്പലില്‍ പതാക ഉയര്‍ത്തി ഇറാന്‍; തെരേസ മേ മന്ത്രിസഭാ യോഗം വിളിച്ചു

By Web TeamFirst Published Jul 22, 2019, 6:31 AM IST
Highlights

അമേരിക്കയുടേയും യൂറോപ്യൻ രാജ്യങ്ങളുടേയും പിന്തുണയോടെ രാജ്യാന്തര തലത്തിൽ ഇറാനുമേൽ സമ്മര്‍ദ്ദം ചെലുത്തി കപ്പൽ ജീവനക്കാരെ തിരികെയെത്തിക്കാൻ ബ്രിട്ടന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. അതിനിടെ ബ്രിട്ടീഷ് കപ്പലിൽ സ്വന്തം പതാക നാട്ടി ഇറാൻ നിലപാട് കടുപ്പിച്ചു

ലണ്ടന്‍: ഇറാൻ പിടിച്ചെടുത്ത എണ്ണക്കപ്പലിന്‍റെ മോചനത്തിനായി നടപടികൾ വേഗത്തിലാക്കി ബ്രിട്ടീഷ് സര്‍ക്കാര്‍. പ്രശ്ന പരിഹാരത്തിന് കാവൽ പ്രധാനമന്ത്രി തെരേസ മേ ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു. അതേസമയം, പിടിച്ചെടുത്ത കപ്പലിൽ ഇറാൻ പതാക ഉയര്‍ത്തി. ഇതിനിടെ ഇന്ത്യക്കാരെ മോചിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ നേരത്തെ തുടങ്ങിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.

വെള്ളിയാഴ്ച അര്‍ദ്ധരാത്രി ഇറാൻ സേനാ വിഭാഗമായ റെവല്യൂഷനറി ഗാര്‍ഡ്‍സ് പിടിച്ചെടുത്ത കപ്പിലിലെ 23 ജീവനക്കാരെ മോചിപ്പിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നുവെന്ന പ്രതിപക്ഷ വിമര്‍ശനത്തിനിടെയാണ് തെരേസ മേയുടെ ഇടപെടൽ. ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

പാര്‍ലമെന്‍റിൽ തെരേസ മേ വിശദീകരണം നൽകിയേക്കും. അമേരിക്കയുടേയും യൂറോപ്യൻ രാജ്യങ്ങളുടേയും പിന്തുണയോടെ രാജ്യാന്തര തലത്തിൽ ഇറാനുമേൽ സമ്മര്‍ദ്ദം ചെലുത്തി കപ്പൽ ജീവനക്കാരെ തിരികെയെത്തിക്കാൻ ബ്രിട്ടന്‍ നീക്കം തുടങ്ങിയിട്ടുണ്ട്. അതിനിടെ ബ്രിട്ടീഷ് കപ്പലിൽ സ്വന്തം പതാക നാട്ടി ഇറാൻ നിലപാട് കടുപ്പിച്ചു.

Read In Detail: 'കപ്പൽപ്പോരി'ൽ കുടുങ്ങിയവരിൽ ആറ് മലയാളികളും, എല്ലാവരും സുരക്ഷിതരെന്ന് കേന്ദ്രം

ഇറാൻ സൈന്യത്തിന്‍റെ സാന്നിധ്യവും കപ്പലിലുണ്ട്.  ബൻഡര്‍ അബ്ബാസ് തുറുമുഖത്തിൽ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇറാൻ പുറത്തുവിട്ടത്. പുനരധിവാസത്തിനുള്ള ശ്രമങ്ങളും നേരത്തെ തന്നെ തുടങ്ങിയിട്ടുണ്ടെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി ഡോക്ടര്‍ എസ് ജയ്‍ശങ്കർ ട്വീറ്റ് ചെയ്തു.

ടെഹ്റാനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം നിരന്തരമായി ഇറാൻ അധികൃതരുമായി ബന്ധപ്പെട്ട് വരികയാണെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. നാല് മലയാളികൾ കപ്പലിലുണ്ടെന്ന മാധ്യമ വാര്‍ത്ത ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ അയച്ച സന്ദേശത്തിനാണ് കേന്ദ്ര വിദേശകാര്യ മന്ത്രി മറുപടി നൽകിയത്. 

click me!