'കപ്പൽപ്പോരി'ൽ കുടുങ്ങിയവരിൽ ആറ് മലയാളികളും, എല്ലാവരും സുരക്ഷിതരെന്ന് കേന്ദ്രം

Published : Jul 21, 2019, 11:26 PM ISTUpdated : Jul 21, 2019, 11:27 PM IST
'കപ്പൽപ്പോരി'ൽ കുടുങ്ങിയവരിൽ ആറ് മലയാളികളും, എല്ലാവരും സുരക്ഷിതരെന്ന് കേന്ദ്രം

Synopsis

ഇതുവരെ ആറ് മലയാളികൾ ഇറാനിയൻ, ബ്രിട്ടീഷ് കപ്പലുകളിലായി ഉണ്ടെന്നാണ് വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. കൃത്യമായി എത്ര മലയാളികളുണ്ടെന്നതിൽ ഇതു വരെ സ്ഥിരീകരണമില്ല. എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്നും, ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നുമാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. 

ടെറാൻ: ഇറാൻ - ബ്രിട്ടൺ 'കപ്പൽപ്പോരി'ൽ കുടുങ്ങിയ ഇന്ത്യക്കാരിൽ ആറ് മലയാളികളുമുണ്ടെന്ന് റിപ്പോർട്ടുകൾ. ബ്രിട്ടൻ പിടിച്ചെടുത്ത ഗ്രേസ് 1 എന്ന ഇറാനിയൻ എണ്ണക്കപ്പലിലും, പ്രതികാര നടപടിയെന്നോണം ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെനാ ഇംപറോയിലുമായി മൂന്ന് വീതം മലയാളികളുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ജൂലൈ 4-ന് ഗ്രേസ് 1 എന്ന ഇറാനിയൻ എണ്ണക്കപ്പൽ ബ്രിട്ടൻ പിടിച്ചെടുത്തിരുന്നു. ഈ കപ്പൽ 30 ദിവസം കൂടി തടങ്കലിൽ വയ്ക്കാൻ ജിബ്രാൾട്ടർ സുപ്രീം കോടതി ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പെന്നോണം, ഹോർമൂസ് കടലിടുക്കിൽ വച്ച് വെള്ളിയാഴ്ച ഇറാൻ സ്റ്റെനാ ഇംപറോ എന്ന എണ്ണക്കപ്പൽ പിടിച്ചെടുത്തത്. 

അതേസമയം, ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എറണാകുളം കളമശ്ശേരി സ്വദേശിയടക്കം 18 ഇന്ത്യക്കാർ കപ്പലിലുളളതായി സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പൽ അടുപ്പിച്ചിരിക്കുന്ന ബന്ദർ അബ്ബാസ് തുറമുഖവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് ഇന്ത്യയിലെ കപ്പൽ കമ്പനിയുടെ ഓഫീസും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Read More: കപ്പലും ജീവനക്കാരും സുരക്ഷിതര്‍; കപ്പൽ കമ്പനി ഏഷ്യാനെറ്റ് ന്യൂസിനോട്

കപ്പലുകളിൽ എത്ര മലയാളികൾ?

ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെനാ ഇംപറോയിൽ 18 ഇന്ത്യാക്കാരുൾപ്പെടെ 23 ജീവനക്കാരാണുളളത്. മെസ്‍മാനായ കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചൻ ഉൾപ്പെടെയുളളവ‍ർ കപ്പലിലുണ്ട്. എന്നാൽ കപ്പലിന്‍റെ ക്യാപ്റ്റൻ പളളുരുത്തി സ്വദേശിയാണെന്നും തൃപ്പൂണിത്തുറ സ്വദേശിയായ മറ്റൊരു ജീവനക്കാരൻ കൂടിയുണ്ടെന്നും ഡിജോ നേരത്തെ വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാൽ ഇവർ ഇപ്പോഴും കപ്പലിലുണ്ടോ അതോ ഇറാൻ പിടികൂടും മുമ്പ് മറ്റേതെങ്കിലും തുറമുഖത്ത് ഇറങ്ങിയിരുന്നോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

കളമശ്ശേരി സ്വദേശിയെക്കൂടാതെ കപ്പലിൽ മറ്റ് മലയാളികൾ ഉളളതായി ഔദ്യോഗിക വിവരമില്ലെന്നും അന്വേഷിച്ച് വരികയാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ഐജി വിജയ് സാഖറേയും വ്യക്തമാക്കി.

അതേസമയം, ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പൽ ഗ്രേസ് വണ്ണിലും മൂന്ന് മലയാളികളുണ്ടെന്ന് വ്യക്തമായി. മലപ്പുറം, കാസര്‍കോട്, ഗുരുവായൂര്‍ സ്വദേശികളാണ് ഇവര്‍. മൂന്ന് പേരും സുരക്ഷിതരാണെന്നും ഫോണില്‍ ബന്ധപ്പെടാനായെന്നും ബന്ധുക്കള്‍ പറഞ്ഞു.

28 പേരാണ് ഗ്രേസ് വണ്‍ കപ്പലിലുള്ളത്. അതില്‍ 24 പേരും ഇന്ത്യക്കാരാണ്. മലപ്പുറം വണ്ടൂര്‍ സ്വദേശി സാദിഖ് അജ്‍മൽ, കാസര്‍കോട് ബേക്കല്‍ സ്വദേശി പ്രജീഷ്, ഗുരുവായൂര്‍ സ്വദേശി റെജിൻ എന്നിവരാണ് മലയാളികള്‍.

ഇവരുടെ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്തിരുന്നെങ്കിലും ശനിയാഴ്ചയോടെ തിരികെ നല്‍കിയിരുന്നു. വീട്ടുകാരെ വിളിക്കാനും കഴിയുന്നുണ്ട്. ഒരു മാസത്തിനുള്ളില്‍ പ്രശ്നങ്ങള്‍ തീരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രജീഷ് പറഞ്ഞതായി അച്ഛൻ കെ പുരുഷോത്തമൻ വ്യക്തമാക്കുന്നു. എങ്കിലും കപ്പലിലെ മലയാളികളെ മോചിപ്പിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. 

ജീവനക്കാർ സുരക്ഷിതരെന്ന് വിദേശകാര്യമന്ത്രാലയം

കപ്പൽ പിടിച്ചെടുത്തതായി ഇറാൻ ഔദ്യോഗികമായി അറിയിച്ചെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. എന്നാൽ ജീവനക്കാർ സുരക്ഷിതരാണ്. ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. ഇൻഷൂറൻസ് കമ്പനി മുഖേന ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ജീവനക്കാരുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കപ്പൽ കമ്പനിയുടെ മുംബൈ ഓഫീസ് അറിയിച്ചു. 

ഇതിനിടെ ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലിലെ മലയാളികളെ രക്ഷിക്കാനുള്ള അടിയന്തര നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് അടിയന്തര സന്ദേശം നൽകി. സുരക്ഷിതരായി മലയാളികളടക്കമുള്ളവരെ നാട്ടിലെത്തിക്കണമെന്ന് കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെടുന്നു. 

ഇവരെ തിരികെയെത്തിക്കാനുള്ള നടപടികളെക്കുറിച്ചുള്ള വിവരങ്ങൾ സംസ്ഥാന സർക്കാരുമായിക്കൂടി പങ്കുവെയ്ക്കണമെന്നും, ഇവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാനസർക്കാർ എല്ലാ പിന്തുണയും നൽകുമെന്നും കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

Read More: ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളികളെ വിട്ടയക്കാൻ കേന്ദ്രം ഇടപെടണം: മുഖ്യമന്ത്രി

അന്താരാഷ്ട്ര തലത്തിൽ ഇതൊരു ചെറിയ വിഷയമല്ല!

ഏറെക്കാലമായി ഇറാനും അമേരിക്കയും മറ്റ് പാശ്ചാത്യരാജ്യങ്ങളും തമ്മിൽ നടക്കുന്ന നയതന്ത്ര സംഘർഷങ്ങളുടെ ബാക്കിപത്രമാണ് ഈ 'കപ്പൽപ്പോര്'. ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പൽ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ അന്താരാഷ്ട്ര തലത്തിൽ സജീവമാണ്. വിവിധ രാജ്യങ്ങൾ പ്രശ്നം തണുപ്പിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

ഏത് കടുത്ത നടപടിക്കും തയ്യാറെന്നാണ് ഇറാന്‍റെ നിലപാട് കപ്പൽ പിടിച്ചെടുത്തത് പ്രതികാര നടപടിയുടെ ഭാഗമായാണെന്ന് ഇറാൻ വ്യക്തമാക്കി. കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്ന് ബ്രിട്ടനിലെ ഇറാൻ സ്ഥാനപതിയും വ്യക്തമാക്കി. ഇറാൻ അപകടകരമായ പാതയിലെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പ് നൽകി. കപ്പൽ പിടിച്ചെടുക്കുന്നതിന് മുൻപ് ഇറാൻ സൈന്യവും ബ്രിട്ടീഷ് നാവികസേനയും തമ്മിൽ വാദപ്രതിവാദം നടന്നെന്ന് തെളിയിക്കുന്ന റേഡിയോ സംഭാഷണവും പുറത്തു വന്നു.

പരിശോധനക്കായി കപ്പലിൽ കയറുന്നെന്നും നിർദ്ദേശങ്ങൾ അനുസരിച്ചാൽ സുരക്ഷിതരായിരിക്കുമെന്നും ഇറാൻ സൈന്യം സ്റ്റെന ഇംപെറയിലെ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. 

എന്നാൽ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നത് ഇറാനാണെന്നും സ്റ്റെന ഇംപെറയ്ക്ക് യാത്ര തുടരുന്നതിൽ തടസ്സമില്ലെന്നും ബ്രിട്ടീഷ് നാവിക സേന ഉദ്യോഗസ്ഥർ വാദിക്കുന്നതും സംഭാഷണത്തിൽ കേൾക്കാം.

റേഡിയോ സംഭാഷണം കേൾക്കാം:

പശ്ചിമേഷ്യയിലെ സംഘർഷ സാധ്യതകൾ രൂക്ഷമാക്കിക്കൊണ്ടാണ് വെള്ളിയാഴ്ച ബ്രിട്ടന്‍റെ എണ്ണക്കപ്പൽ സ്റ്റെന ഇംപറോ ഇറാൻ പിടിച്ചെടുത്തത്. ഇറാനിൽ നിന്നുള്ള ബോട്ടുമായി കപ്പൽ കൂട്ടിയിടിച്ചെന്നാരോപിച്ചായിരുന്നു നടപടി. കപ്പൽ വിട്ടു നൽകണമെന്ന് ഇറാനോട് ബ്രിട്ടൻ വീണ്ടും ആവശ്യപ്പെട്ടു. കപ്പലിലുള്ള ജീവനക്കാർ സുരക്ഷിതരാണെന്ന് വ്യക്തമാക്കിയ ഇറാൻ, പക്ഷേ ഇവർ ബോട്ടപകടത്തിലെ അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു.

കപ്പലുമായി ബന്ധപ്പെട്ട പ്രശ്നത്തിനപ്പുറം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും ഇത് ബ്രിട്ടൻ നിയന്ത്രിക്കണമെന്നും ബ്രിട്ടനിലെ ഇറാൻ സ്ഥാനപതി ഹമീദ് ബെയ്‍ദി നജാദ് വ്യക്തമാക്കി. ഇറാൻ ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്നും ഹമീദ് ബെയ്‍ദി നജാദ് അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബോണ്ടി വെടിവയ്പ്, പരിക്കേറ്റ പ്രതിക്കെതിരെ 15 പേരുടെ കൊലപാതകം അടക്കം 59 കുറ്റങ്ങൾ
'ദരിദ്ര രാജ്യങ്ങളും പലസ്തീൻ നിലപാടും നിർണായകമായി', കൂടുതൽ രാജ്യങ്ങൾക്ക് അമേരിക്കയുടെ യാത്രാ വിലക്ക്