
ടെഹ്റാൻ: ഇസ്രയേലുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനിക കമാൻഡർമാരും ആണവ ശാസ്ത്രജ്ഞരും ഉൾപ്പെടെ ഏകദേശം 60 പേരുടെ ശവസംസ്കാര ചടങ്ങ് ഇറാനിൽ നടന്നു. ഇറാനിയൻ പതാകകളിൽ പൊതിഞ്ഞ മൃതദേഹ പേടകങ്ങളുമായി വിലാപയാത്ര നടത്തിയാണ് സംസ്കാര ചടങ്ങുകൾ തുടങ്ങിയത്. ആയിരങ്ങൾ ആണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്. ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണത്തിൽ 600 ലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഉന്നത സൈനിക ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും ഉൾപ്പെട്ടിരുന്നു. അത്രമേൽ വൈകാരിക നിമിഷങ്ങൾക്കാണ് കൂട്ട ശവസംസ്കാര ചടങ്ങ് സാക്ഷ്യം വഹിച്ചത്. സെൻട്രൽ ടെഹ്‌റാനിൽ ഒഴുകിയെത്തിയ ജനത, ഇറാനിയൻ പതാകകൾ കൊണ്ട് പൊതിഞ്ഞ ശവപ്പെട്ടികളും യൂണിഫോമിൽ മരിച്ച കമാൻഡർമാരുടെ ഛായാചിത്രങ്ങളും ഉയർത്തി തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു.
വൈകാരികമായ ശവസംസ്കാര ചടങ്ങ് ഇറാന്റെ ദേശീയ ഐക്യത്തിന്റെയും പ്രതിരോധ മനോഭാവത്തിന്റെയും പ്രതീകമായി മാറി. ജനങ്ങൾ ഇറാനിയൻ പതാകകൾ വീശി, രാജ്യത്തിന്റെ പരമാധികാരത്തിനായുള്ള പോരാട്ടത്തിൽ ജീവ ത്യാഗം ചെയ്തവർക്ക് വേണ്ടി ശബ്ദമുയർത്തി. ഇറാന്റെ ദുഃഖത്തോടൊപ്പം, യുദ്ധത്തിന്റെ ഭീകരതയ്ക്കെതിരെയുള്ള ജനങ്ങളുടെ ഒത്തൊരുമയുടെ പ്രകടനം കൂടിയായി ശവസംസ്കാര ചടങ്ങ് മാറി.
അതിനിടെ ഇസ്രയേലിന്‍റെയും അമേരിക്കയുടെയും ആക്രമണങ്ങൾക്കുള്ള ഇറാന്റെ തിരിച്ചടിയെ വാഴ്ത്തിയും ഇരു രാജ്യങ്ങളെയും പരിഹസിച്ചും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തി. ഇറാന്‍റെ ആക്രമണത്തിൽ നിന്ന് രക്ഷ തേടി ഇസ്രയേലും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഓടിപ്പോയി അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ സഹായം തേടുകയായിരുന്നുവെന്നാണ് പരിഹാസം. മറ്റ് വഴികളില്ലാതെ ഇസ്രയേൽ 'രക്ഷതേടി ഡാഡിയുടെ അടുത്തേക്ക് ഓടുകയായിരുന്നു'വെന്നും ഇസ്രായേലിന് വേറെ വഴിയില്ലായിരുന്നുവെന്നും അരാഗ്ചി പരിഹസിച്ചു. ഇസ്രയേൽ ഇനിയും പ്രകോപിപ്പിച്ചാല്‍ വെടിനിര്‍ത്തല്‍ തീരുമാനം മറന്ന് ഇറാന്‍ അതിന്റെ യഥാര്‍ഥ ശക്തി കാണിക്കാന്‍ മടിക്കില്ലെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. സമൂഹമാധ്യമമായ 'എക്‌സി'ലൂടെയായിരുന്നു അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം.
യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ ആരോപണങ്ങൾക്കും ഇറാൻ വിദേശകാര്യ മന്ത്രി മറുപടി നൽകി. ട്രംപ് വ്യാമോഹങ്ങൾ ഒഴിവാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയെ മരണത്തിൽനിന്ന് രക്ഷിച്ചുവെന്ന ട്രംപിന്റെ പരാമർശത്തെ അപലപിച്ച് അബ്ബാസ് അരഗ്ചി, യു എസ് പ്രസിഡന്‍റിന്‍റേത് അനാദരവ് നിറഞ്ഞതാണെന്നും അഭിപ്രായപ്പെട്ടു. ട്രംപിന്റെ ഭാഷയ്ക്ക് ബഹുമാനം വേണമെന്നും, ഇറാന്റെ യഥാർത്ഥ ശേഷി വെളിപ്പെടുത്താൻ മടിക്കില്ലെന്നും വ്യക്തമാക്കി. ഖമനയിയുടെ ദശലക്ഷക്കണക്കിന് അനുയായികളെ വേദനിപ്പിക്കുന്ന പരാമർശങ്ങൾ ട്രംപ് അവസാനിപ്പിക്കണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടു.
ഇറാന്‍ പരമോന്നത നേതാവായ ആയത്തുല്ല ഖമനയിയെ അങ്ങേയറ്റം നിന്ദ്യവും ദാരുണവുമായ മരണത്തില്‍ നിന്ന് രക്ഷിച്ചത് താനാണെന്ന് അവകാശപ്പെട്ടാണ് നേരത്തെ ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയത്. ഖമനയി ഒളിച്ചിരുന്ന സ്ഥലം തനിക്ക് കൃത്യമായി അറിയാമായിരുന്നുവെന്നും തന്‍റെ കാരുണ്യത്താലാണ് ഖമനയി ജീവനോടെ രക്ഷപെട്ടതെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രതികരിച്ചത്.