
ഗാസ: ഗാസയിൽ ഭക്ഷണം വാങ്ങാനെത്തുന്ന നിരായുധരായ സാധാരണക്കാർക്ക് നേരെ ബോധപൂർവം വെടിവെയ്ക്കാൻ ഇസ്രയേലി കമാണ്ടർമാർ സൈനികർക്ക് നിർദേശം നൽകിയതായി റിപ്പോർട്ട്. ഇസ്രയേലി ദിനപ്പത്രമായ ഹാരെറ്റ്സാണ് സൈനികരിൽ നിന്നു തന്നെ ലഭിച്ച റിപ്പോർട്ടുകൾ ആധാരമാക്കി ഈ വിവരം പുറത്തുവിട്ടത്. ഗാസയിൽ നിയോഗിക്കപ്പെട്ട ഇസ്രയേലി സൈന്യത്തിലെ ചില ഉദ്യോഗസ്ഥർ നടത്തിയ ഇത്തരം ഹീനകൃത്യങ്ങളെക്കുറിച്ച് അന്വേഷണം നടത്താൻ അധികൃതർ ഉത്തരവിട്ടിരിക്കുകയാണെന്നും ഹാരെറ്റ്സ് വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ട് വിശദീകരിക്കുന്നു.
ഇസ്രയേലിന്റെയും അമേരിക്കയുടെയും കീഴിൽ ഗാസയിൽ പ്രവർത്തിക്കുന്ന ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ജിഎച്ച്എഫ്) എന്ന സംഘടന നടത്തുന്ന സഹായ വിതരണ കേന്ദ്രങ്ങളിലാണ് ഇസ്രയേൽ സൈന്യം പലതവണ ആക്രമണം നടത്തിയത്. ഇവിടങ്ങളിൽ ഇതുവരെ 549 പലസ്തീനികൾ മരണപ്പെടുകയും 4,066 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു. ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങൾ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ഇക്കഴിഞ്ഞ മേയ് മാസത്തിൽ പ്രവർത്തനം തുടങ്ങിയതു മുതൽ തന്നെ ഉയർന്നുവരികയും ചെയ്തിട്ടുണ്ട്.
പേര് വെളിപ്പെടുത്താത്ത സൈനികരെ ഉദ്ധരിച്ചാണ് ഹാരെറ്റ്സിലെ റിപ്പോർട്ട്. ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും വാങ്ങാൻ എത്തുന്ന നിരായുധരായ പലസ്തീനികൾക്ക് നേരെ വെടിവെയ്ക്കാനും, യാതൊരു ഭീഷണിയും ഉയർത്താത്ത ആളുകൾക്ക് നേരെ അനാവശ്യ ബലപ്രയോഗം നടത്താനും മുതിർന്ന ഉദ്യോഗസ്ഥർ നിർദേശിച്ചതായി സൈനികർ പറയുന്നു. "ഞങ്ങൾ ടാങ്കുകളിൽ നിന്ന് മെഷീൻ ഗണ്ണുകൾ ഉപയോഗിച്ച് വെടിയുർത്തു, ആളുകൾക്ക് നേരെ ഗ്രനേഡ് എറിഞ്ഞു" - ഒരു പട്ടാളക്കാരൻ പറഞ്ഞു. നിരായുധരായ സാധാരണക്കാരെ കൊലപ്പെടുത്തിയ ഒന്നിലേറെ സന്ദർങ്ങൾ പട്ടാളക്കാർ വെളിപ്പെടുത്തുന്നത് റിപ്പോർട്ടിലുണ്ട്. എല്ലാം ദിവസും ഒന്ന് മുതൽ അഞ്ച് വരെ ആളുകളെ കൊന്നിട്ടുണ്ടെന്ന് ഒരു സൈനികൻ പറയുന്നതും ഇതിലുണ്ട്.
ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളിലെ ആക്രമണത്തിനെിരെ യുഎൻ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. ഇസ്രയേലിന്റെ സൈനിക കേന്ദ്രങ്ങൾക്ക് അകത്താണ് ജിഎച്ചഎഫിന്റെ സഹായ വിതരണ സെന്ററുകളും പ്രവർത്തിക്കുന്നത്. നിരാലംബരായ സാധാരണക്കാരെ സൈനിക സാന്നിദ്ധ്യമുള്ള പ്രദേശങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി നടത്തുന്ന ഏത് ശ്രമവും ഹീനമാണെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. ഭക്ഷണം തേടിയുള്ള അലച്ചിൽ വധശിക്ഷയായി മാറാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ദിവസമെന്നോണം ജിഎച്ച്എഫ് സഹായ കേന്ദ്രങ്ങളിൽ ഭക്ഷണം തേടിയെത്തുന്ന പലസ്തീനികൾ കൊല്ലപ്പെടുന്നതിൽ അന്താരാഷ്ട്രതലത്തിൽ തന്നെ വിമർശനം ഉയർന്നിരുന്നു. ഇതിനിടെയാണ് സൈനികർക്ക് മേലുദ്യോഗസ്ഥരിൽ നിന്ന് കൃത്യമായ നിർദേശം ലഭിച്ച് നടത്തിയ കൂട്ടക്കൊലകളായിരുന്നു അരങ്ങേറയിയതെന്ന തരത്തിൽ ഇസ്രയേലി ദിനപ്പത്രം തന്നെ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
അതേസമയം റിപ്പോർട്ടിനെ ശക്തമായി എതിർത്ത് ഇസ്രയേൽ സൈന്യവും ഭരണകൂടവും രംഗത്തെത്തി. സൈന്യം കർശനമായ നിർദേശങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അതല്ലാത്ത ആരോപണങ്ങൾ പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ നടപടിയെടുക്കുമെന്നും സൈന്യം വ്യക്തമാക്കി. റിപ്പോർട്ടിൽ പറയുന്നത് പോലെ സാധാരണക്കാർക്ക് നേരെ വെടിയുതിർത്ത സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും സൈന്യം വിശദീകരിക്കുന്നു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും റിപ്പോർട്ട് തള്ളിക്കളഞ്ഞു. പ്രതികൂല സാഹചര്യത്തിൽ ഗാസയിൽ പ്രവർത്തിക്കുന്ന സൈനികർ സാധാരണക്കാരുടെ ഇടയിലുള്ള തീവ്രവാദികളോടാണ് ഏറ്റുമുട്ടുന്നതെന്നാണ് സർക്കാർ വിശദീകരണം. നിരപരാധികളെ ഉപദ്രവിക്കരുതെന്ന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനും റിപ്പോർട്ട് നിഷേധിച്ചു.