ടെൽഅവീവ്: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം കടുക്കുന്നു. ഇറാന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേധാവിയെയും ഉപ മേധാവിയെയും ഇസ്രയേൽ വധിച്ചു. ഇറാൻ റവലൂഷനറി ഗാർഡിന്റെ ഇന്റലിജൻസ് തലവൻ മുഹമ്മദ് കാസിമിയെയും ഉപമേധാവി ഹസൻ മോഹഖിയെയുമാണ് ഇറാൻ വ്യോമാക്രമണത്തിൽ കൊലപ്പെടുത്തിയത്. കഴിഞ്ഞ നാല് ദിവസങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 224 ആയി. ഇസ്രയേലി നഗരങ്ങളിൽ ഇന്നലെ രാത്രി ഇറാൻ നടത്തിയ ആക്രമണങ്ങളിൽ അഞ്ച് പേർ കൂടി കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്. എൺപത് പേർക്ക് ഇന്നലെ മാത്രം പരിക്കേറ്റു. ഇതുവരെ ഇസ്രയേലി നഗരങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുപതായി. അഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റു.
ഇറാന്റെ ആണവോർജ കേന്ദ്രങ്ങൾ, മിസൈൽ കേന്ദ്രങ്ങൾ എന്നിവയാണ് കഴിഞ്ഞ രാത്രി ഇസ്രായേൽ പ്രധാനമായും ലക്ഷ്യമിട്ടത്. തെഹ്റാനിൽ ഇറാന്റെ സൈനിക കേന്ദ്രം തകർക്കുന്ന ദൃശ്യം ഇസ്രായേൽ പുറത്തുവിട്ടിട്ടുണ്ട്. പാർച്ചിൻ, ഫോർദോ ആണവോർജ കേന്ദ്രങ്ങളിൽ ഇസ്രായേൽ ബോംബിട്ടു. ഇറാന്റെ പ്രതിരോധ, വിദേശകാര്യ മന്ത്രാലയം ആസ്ഥാനങ്ങളും ആക്രമിക്കപ്പെട്ടു. ഇറാന്റെ യുദ്ധവിമാനങ്ങൾ ഇന്ധനം നിറയ്ക്കുന്ന വടക്കൻ ഇറാനിലെ മാഷാദ് വിമാനത്താവളവും ഇസ്രയേൽ ആക്രമിച്ചു. ഇറാന്റെ നൂറുകണക്കിന് കിലോ മീറ്റർ ഉള്ളിലേക്ക് കടന്നുകയറി കനത്ത ആക്രമണം നടത്തി മടങ്ങാൻ ഇസ്രയേലി വ്യോമസേനയ്ക്ക് കഴിഞ്ഞു.
അതേസമയം, തുടർച്ചയായ നാലാം ദിവസവും ഇസ്രായേലിലെ ഹൈഫ, ടെൽ അവീവ്, ജെറുസലേം നഗരങ്ങളിൽ ഇറാൻ കനത്ത ആക്രമണം നടത്തി. ഹൈഫയിലെ ഇസ്രായേലി റിഫൈനറിയിൽ ഇറാന്റെ ആക്രമണത്തിൽ തീ പടർന്നു. ആക്രമണത്തില്‍ ടെൽ അവീവിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. അതിനിടെ, ഇറാന്റെ മിസൈൽ പതിച്ച സ്ഥലങ്ങൾ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സന്ദർശിച്ചു. കഴിഞ്ഞ ദിവസം ഇറാൻ മിസൈൽ ആക്രമണത്തിൽ തകർത്ത ബാത് യാമിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തി.
ഇരുപക്ഷവും സമാധാന നിർദേശങ്ങൾ തള്ളുകയാണ്. ഇറാന്റെ ആണവായുധ ഭീഷണി ഒഴിയുംവരെ ആക്രമണം തുടരുമെന്നും ഈ ഓപ്പറേഷൻ അവസാനിക്കുമ്പോൾ ഇറാനിലെ ഭരണമാറ്റം പോലും പ്രതീക്ഷിക്കാമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു. ഡോണൾഡ് ട്രംപും താനും തമ്മിൽ ഭിന്നത ഇല്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, ഇറാനും ഇസ്രയേലും സമാധാന കരാറിൽ എത്തണമെന്ന് ഡോണൾഡ് ട്രംപ് ആവർത്തിച്ചു. ഇസ്രയേലിനുള്ള പ്രതിരോധ പിന്തുണ തുടരും. ഇപ്പോഴത്തെ സൈനിക നടപടിയിൽ അമേരിക്ക പങ്കാളി അല്ലെങ്കിലും ഭാവിയിൽ പങ്കുചേരാനുള്ള സാധ്യത തള്ളാൻ ആവില്ലെന്നും ട്രംപ് പറഞ്ഞു. ആക്രമണം നേരിടുമ്പോൾ തങ്ങൾ സമാധാന ചർച്ചയ്ക്ക് തയാറല്ലെന്ന് ഇറാൻ അറബ് രാജ്യങ്ങളെ അറിയിച്ചു. ശത്രു പിൻവാങ്ങുംവരെ ആക്രമണം തുടരുമെന്നും ഇറാൻ അറിയിച്ചു.