ഇറാൻ - ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ ഇറാന്‍റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രമായ ഫോര്‍ഡോയ്ക്ക് സമീപം ഭൂചലനം

Published : Jun 16, 2025, 12:17 PM IST
earth quake

Synopsis

സ്ഫോടനങ്ങളാണോ ഭൂചലനത്തിന് കാരണമായിട്ടുള്ളതെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. 2.5 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്

ടെഹ്‌റാന്‍: ഇറാനിലെ ആണവ സമ്പുഷ്‌ടീകരണ കേന്ദ്രമായ ഫോര്‍ഡോ സ്ഥിതി ചെയ്യുന്ന മേഖലയിൽ നേരിയ ഭൂചലനം. തിങ്കളാഴ്ച പുലർച്ചെയാണ് ഇറാന്‍റെ ഏറ്റവും നിഗൂഢവും സുരക്ഷിതവുമായ ആണവ സമ്പുഷ്ടീകരണ കേന്ദ്രമായ ഫോര്‍ഡോയ്ക്ക് സമീപം നേരിയ ഭൂചലനം അനുഭവപ്പെട്ടത്. മേഖലയിൽ വലിയ രീതിയിലുള്ള സ്ഫോടനം നടന്നതായാണ് അന്ത‍ർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഈ സ്ഫോടനങ്ങളാണോ ഭൂചലനത്തിന് കാരണമായിട്ടുള്ളതെന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല. 2.5 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടത്.

ജൂൺ 13നുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ തന്നെ ഫോർഡോയ്ക്ക് സമീപം സ്ഫോടനമുണ്ടായതായി ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി വിശദമാക്കിയിരുന്നു. ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളായ നാഥൻസ്, ഇസ്ഫഹാൻ, ഫോ‍ർഡോ എന്നിവയ്ക്കെതിരെയായിരുന്നു ഇസ്രയേൽ ജൂൺ 13ന് ആക്രമണം നടത്തിയത്.

വെള്ളിയാഴ്‌ച പുലര്‍ച്ചെ ഇറാനില്‍ ഇസ്രയേല്‍ നടത്തിയ ആദ്യ വ്യോമാക്രമണത്തില്‍ നഥാന്‍സ് ആണവ കേന്ദ്രത്തിന്‍റെ ഭൂമിക്ക് മുകളിലുള്ള നിലയാനുബന്ധ സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തിരുന്നു. അതേസമയം ഭൂഗര്‍ഭ അറകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ധന സമ്പുഷ്ടീകരണ സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി യുഎന്നിനെ അറിയിച്ചിരുന്നു. നഥാൻസ് ആണവ സമ്പുഷ്‌ടീകരണ കേന്ദ്രത്തിലുണ്ടായ നാശനഷ്ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ മാക്‌സർ ടെക്‌നോളജീസ് പുറത്തുവിട്ടിട്ടുണ്ട്. നഥാൻസ് ആണവ കേന്ദ്രത്തിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തിന് മുമ്പും ശേഷവും പകര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവന്നത്.

'ഇറാന്‍ ആണവ പദ്ധതികളുടെ തുടിക്കുന്ന ഹൃദയം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന യുറേനിയം സമ്പുഷ്‌ടീകരണ കേന്ദ്രമാണ് നഥാന്‍സ്. ഇറാന്‍ ആണവായുധം നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ട് വലിയ അളവില്‍ ഇന്ധനം നിര്‍മ്മിച്ചത് നഥാന്‍സിലാണ്. ആറ്റംബോബ് നിര്‍മ്മാണത്തിന്‍റെ തൊട്ടുപടിക്കലെ ഘട്ടത്തിലെത്തിനില്‍ക്കുന്ന ന്യൂക്ലിയര്‍ ഇന്ധനമാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നഥാന്‍സില്‍ ഇറാന്‍ തയ്യാറാക്കിയത്.

ഇറാന്‍റെ ഏറ്റവും നിഗൂഢവും സുരക്ഷിതവുമായ ആണവ സമ്പുഷ്ടീകരണ കേന്ദ്രമാണ് ഫോര്‍ഡോ. ഇറാനിയന്‍ നഗരമായ ക്വോമിന് 32 കിലോമീറ്റര്‍ അകലെയുള്ള ഫോര്‍ഡോ ഗ്രാമത്തിലെ ഒരു മലയ്ക്കടിയിലാണ് ഈ ഭൂഗര്‍ഭ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. അറ്റോമിക് എനര്‍ജി ഓര്‍ഗനൈസേഷന്‍ ഓഫ് ഇറാന്‍റെ നിയന്ത്രണത്തിലുള്ള ഫോര്‍ഡോ ഇസ്രയേലിന് അത്രയെളുപ്പം കടന്നാക്രമിക്കാന്‍ കഴിയുന്നയിടമല്ല എന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.

ഭൂനിരപ്പില്‍ നിന്ന് അര മൈലോളം ആഴത്തില്‍ പണിതുണ്ടാക്കിയ കട്ടിയേറിയ കോണ്‍ക്രീറ്റ് അറയിലാണ് ഫോര്‍ഡോ സ്ഥിതിചെയ്യുന്നത്. ഭൂമിക്കടിയിലുള്ള യുറേനിയം സമ്പുഷ്‌ടീകരണ നിലയമായ ഫോര്‍ഡോ ആക്രമിക്കാന്‍ ഇസ്രയേലിന് അമേരിക്കന്‍ ബോംബുകള്‍ അനിവാര്യമാണ് എന്ന് വിലയിരുത്തലുകളുണ്ട്. യുഎന്‍ സംഘത്തിന്‍റെ നിരീക്ഷണമുള്ളതിനാല്‍ മനപ്പൂര്‍വം ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ കനത്ത നാശം വിതയ്ക്കാത്തതാണെന്ന പക്ഷവും സജീവം. ഇറാനിലെ യുറേനിയം ശേഖരം ആക്രമിക്കുന്നത് മനുഷ്യരാശിക്ക് കനത്ത പ്രത്യാഘാതങ്ങളുണ്ടാക്കും എന്ന ആശങ്കയും ലോകത്തുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

വിഴുങ്ങിയത് 17 ലക്ഷത്തിന്റെ വജ്രം പതിപ്പിച്ച പെൻഡന്റ്, 6 ദിവസത്തെ കാത്തിരിപ്പ് ടാഗോടെ പുറത്ത് വന്ന് 'തൊണ്ടിമുതൽ'
25 ലക്ഷം പൂച്ചകളെ കൊന്നൊടുക്കാൻ ന്യൂസിലാൻഡ്, ജൈവ വൈവിധ്യം തകർന്നതോടെ അറ്റകൈ പ്രയോഗം