കൊറോണ ഇറാനിലെ ജനങ്ങളെ ലക്ഷ്യമിട്ടുള്ള അമേരിക്കയുടെ ജൈവായുധം; വൈദ്യസഹായത്തിനുള്ള യുഎസ് വാഗ്ദാനം തള്ളി ഇറാന്‍

By Web TeamFirst Published Mar 24, 2020, 10:50 AM IST
Highlights

ഇറാനിലെ ആളുകളുടെ ജനിതക വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വൈറസ് നിര്‍മിതമായിട്ടുള്ളത്. വൈറസിനെതിരായി യുഎസ് വാഗ്ദാനം ചെയ്യുന്ന സഹായം കൊവിഡ് 19 വ്യാപനം വര്‍ധിപ്പിക്കുന്നതാവുമെന്നാണ് ആയത്തുല്ല അലി ഖമനയി ആരോപിക്കുന്നത്. 

ടെഹ്റാന്‍: കൊറോണ വൈറസിനെതിരെ പോരാടാന്‍ വൈദ്യസഹായം നല്‍കാമെന്ന യുഎസ് വാഗ്ദാനം തള്ളി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. കൊറോണ വൈറസ് യുഎസിന്റെ ജൈവായുധ പ്രയോഗമാണെന്നും ഇറാനിലുള്ളവർക്കായി പ്രത്യേകം സൃഷ്ടിച്ചതാണന്നുമാണ് ആയത്തുല്ല അലി ഖമനയിയുടെ ആരോപണം. കൊറോണ വൈറസ് ഭീതി വ്യാപകമാവുന്നതിന് ഇടയിലും അമേരിക്കന്‍ ഉപരോധം തുടരുന്നത് ചൂണ്ടിക്കാണിച്ചാണ് ആരോപണം. 

വൈറസിനെതിരായി യുഎസ് വാഗ്ദാനം ചെയ്യുന്ന സഹായം കൊവിഡ് 19 വ്യാപനം വര്‍ധിപ്പിക്കുന്നതാവുമെന്നാണ് ആയത്തുല്ല അലി ഖമനയി ആരോപിക്കുന്നത്. ഇറാനിലെ ആളുകളുടെ ജനിതക വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വൈറസ് നിര്‍മിതമായിട്ടുള്ളത്. അവര്‍ വ്യാപിപ്പിച്ചിട്ടുള്ള വൈറസിന്‍റെ  ജനങ്ങളിലെ എഫക്ട് പരിശോധിക്കാനാണ് വൈദ്യ സഹായവുമായി ഡോക്ടര്‍മാരെയും തെറാപ്പിസ്റ്റുകളേയും അയക്കാമെന്ന് യുഎസ് വാഗ്ദാനം ചെയ്യുന്നതെന്നും ഖമനയി ആരോപിക്കുന്നു. അമേരിക്കയ്ക്ക് സഹായിക്കണമെന്നുണ്ടെങ്കില്‍ അത് മറ്റ് രാജ്യങ്ങളെ സഹായിക്കട്ടെയെന്നും ഖമനയി പറയുന്നു. പ്രതിരോധ മരുന്നുകളും മരുന്നുകള്‍ക്കും നിങ്ങള്‍ക്ക് ക്ഷാമമുണ്ടെന്നാണ് അറിയാന്‍ കഴിയുന്നതെന്നും ഖമനയി കൂട്ടിച്ചേര്‍ത്തു. 

ഉപരോധത്തിൽ നിരവധി സാധാരണക്കാർക്ക് ഇറാനിൽ ജീവനും ആരോഗ്യവും തൊഴിലും വരുമാനവും നഷ്‌ടപ്പെട്ടു. യുഎസ് ജനത തന്നെ ഈ അനീതിക്കെതിരെ അവരുടെ സർക്കാരിനോട് മറുപടി ചോദിക്കണം. ഇനിയും ഇറാനികളെ മരണത്തിലേക്കു തള്ളി വിടരുതെന്നും ഇറാന്‍ പ്രസിഡന്‍റ് ഹസൻ റൂഹാനി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തിലാണ് ഖമനയി നുണ പറയുന്നുവെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഖമനയിയുടെ ആരോപണങ്ങളെക്കുറിച്ച് പ്രതികരിച്ചത്. ഇറാനിലും മറ്റ് രാജ്യങ്ങളിലുമുള്ള ആളുകളെ വലിയ ആശങ്കയിലേക്ക് തള്ളി വിടാന്‍ മാത്രമാണ് ഇത്തരം ആരോപണങ്ങള്‍ സഹായകരമാവൂവെന്നും ഖമനയി പറഞ്ഞു. ആരോഗ്യ വകുപ്പ് അധികൃതരുടെ മുന്നറിയിപ്പ് കണക്കിലെടുക്കാതെ ഫെബ്രുവരിയില്‍ ടെഹ്റാനില്‍ നിന്നും ചൈനയിലേക്ക് നടത്തിയ വിമാന സര്‍വ്വീസുകളാണ് ഇറാനെ ഈ അവസ്ഥയിലെത്തിച്ചതെന്നും പോംപിയോ പറയുന്നു. 

ഇറാനിൽ 1812 പേരാണ് ഇത് വരെ കൊറോണ വൈറസ് ബാധ മൂലം മരിച്ചതെന്നാണ് കണക്കുകള്‍. തിങ്കളാഴ്ച മാത്രം ഇറാനില്‍ മരിച്ചവർ 127. തിങ്കളാഴ്ച 1,411 പേർ കൂടി രോഗബാധിതരായതോടെ ആകെ രോഗബാധിതരുടെ എണ്ണം 23,049 ആയി.

click me!