'ഇസ്രയേലിനെ ഉന്മൂലനം ചെയ്യാനുള്ള ലക്ഷ്യം ഇറാൻ ഉപേക്ഷിക്കണം'; യുഎന്നിൽ 'ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ' ന്യായീകരിച്ച് യുഎസ്; വിമർശിച്ച് റഷ്യ, ചൈന, പാകിസ്ഥാൻ

Published : Jun 23, 2025, 09:07 AM IST
un usa

Synopsis

അമേരിക്കയുടെ സൈനിക നടപടി ഇറാന്‍റെ ഭീഷണി തടയാനായിരുന്നുവെന്നും യു എൻ രക്ഷാ സമിതിയിൽ അമേരിക്ക വിശദീകരിച്ചു

ന്യൂയോർക്ക്: ഇസ്രയേലിനൊപ്പം ചേർന്നുകൊണ്ട് ഇറാനിൽ നടത്തിയ ആക്രമണമായ ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമറിനെ ഐക്യരാഷ്ട്ര സഭയിൽ ന്യായീകരിച്ച് അമേരിക്ക. ഇസ്രയേലിനെ ഉന്മൂലനം ചെയ്യാനുള്ള ലക്ഷ്യം ഉപേക്ഷിക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ടുകൊണ്ടാണ് അമേരിക്ക 'ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ' ന്യായീകരിച്ചത്. ഇറാൻ പശ്ചിമേഷ്യയിൽ പതിറ്റാണ്ടുകളായി നാശമുണ്ടാക്കുന്നുവെന്ന് യു എന്നിൽ യു എസ് പ്രതിനിധി അഭിപ്രായപ്പെട്ടു. അമേരിക്കയുടെ സൈനിക നടപടി ഇറാന്‍റെ ഭീഷണി തടയാനായിരുന്നുവെന്നും യു എൻ രക്ഷാ സമിതിയിൽ അമേരിക്ക വിശദീകരിച്ചു.

അതേസമയം യു എൻ യോഗത്തിൽ അമേരിക്കൻ നടപടിക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്. അമേരിക്കന്‍ ആക്രമണത്തിനെതിരെ യു എന്നില്‍ റഷ്യയും ചൈനയും പാക്കിസ്ഥാനുമടക്കമുള്ള രാജ്യങ്ങൾ വിമർശിച്ചു. ഇറാനെ പിന്തുണച്ച രാജ്യങ്ങൾ, അമേരിക്കയുടേത് നിരുത്തരവാദപരവും അപകടകരവുമായ നടപടിയെന്നാണ് അപലപിച്ചത്. രാജ്യാന്തര നിയമങ്ങള്‍ ലംഘിക്കുകന്നതായിരുന്നു യു എസിന്‍റെ നടപടിയെന്നാണ് ചൈന വിശേഷിപ്പിച്ചത്. മേഖലയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും റഷ്യയും ചൈനയും പാകിസ്ഥാനും ആവശ്യപ്പെട്ടു.

അതിനിടെ ഇറാന്‍റെ ആണവ കേന്ദ്രങ്ങളിലെ യു എസ് ആക്രമണങ്ങളെ ശക്തമായി അപലപിച്ച് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി രംഗത്തെത്തി. ഇസ്രയേലിനും അമേരിക്കയ്ക്കും കടുത്തതും നിർണ്ണായകവുമായ തിരിച്ചടി നൽകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ശത്രുക്കൾക്ക് അവരുടെ സാഹസിക പ്രകോപനത്തിന് കഠിനമായ ശിക്ഷ ലഭിക്കുമെന്ന് അദ്ദേഹം ശപഥം ചെയ്തു. മൂന്ന് ആണവ കേന്ദ്രങ്ങളിൽ നടന്ന യു എസ് ആക്രമണങ്ങളിൽ ഖമേനിയുടെ ആദ്യ പ്രതികരണമാണിത്. "ശിക്ഷ തുടരുന്നു. സയണിസ്റ്റ് ശത്രു ഒരു വലിയ തെറ്റ് ചെയ്തു, ഒരു വലിയ കുറ്റം ചെയ്തു. അവർക്ക് ശിക്ഷ ലഭിക്കണം, അത് ലഭിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോൾത്തന്നെ അവർക്ക് ശിക്ഷ ലഭിച്ചുകൊണ്ടിരിക്കുകയാണ്" - ഇങ്ങനെയായിരുന്നു ഖമേനിയുടെ പ്രതികരണം.

അതേസമയം അമേരിക്കൻ ആക്രമണത്തിൽ ഇറാനിലെ ഇസ്ഫഹൻ ആണവ നിലയത്തിൽ കനത്ത നാശനഷ്ടം ഉണ്ടായെന്നാണ് അന്താരാഷ്ട്ര ആണവോര്‍ജ്ജസമിതി പറയുന്നത്. ആണവ കേന്ദ്രത്തിലെ ടണലിലേക്കുള്ള കവാടങ്ങൾ തകർന്നെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജസമിതി അറിയിച്ചു. ഇറാൻ യുറേനിയത്തിന്റെ ഭൂരിഭാഗവും ഇസ്ഫഹാനിൽ ഭൂമിക്കടിയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് നേരത്തെ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. തകർന്ന തുരങ്കങ്ങൾ സ്റ്റോക്ക്പൈലിന്റെ ഭാഗമാണെന്ന് യു‌ എൻ സുരക്ഷാ കൗൺസിലിന് നൽകിയ പ്രസ്താവനയിൽ ഐ‌ എ‌ ഇ‌ എ മേധാവി റാഫേൽ ഗ്രോസി സ്ഥിരീകരിച്ചു. അന്താരാഷ്ട്ര ആണവോര്‍ജ്ജസമിതിയെ അറിയിക്കാതെ തന്നെ രാജ്യത്തിന്റെ ആണവകേന്ദ്രങ്ങൾ സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയതായും അവർ അറിയിച്ചു. ആണവ നിർവ്യാപന ഉടമ്പടി പ്രകാരം ഇറാന് അത് ചെയ്യാൻ കഴിയുമെന്നും റാഫേൽ ഗ്രോസി യു എൻ സെക്യൂരിറ്റി കൗൺസിലിനെ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം