
ഇറാൻ: ഇറാനെതിരായ അമേരിക്കൻ - ഇസ്രായേൽ ആക്രമണ സാധ്യതകൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇസ്രായേലുമായുണ്ടായ യുദ്ധസമയത്തേക്കാൾ ശക്തമായ നിലയിലാണ് ആയുധങ്ങളും സേനയും എന്നാണ് ഇറാൻ പ്രസിഡൻ്റ് അവകാശപ്പെടുന്നത്. ഇറാനെ ആക്രമിച്ചാൽ തിരിച്ചടി ശക്തമായിരിക്കുമെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. രാജ്യത്ത് ലിംഗപരമായതുൾപ്പെടെ ഒരു വിവേചനവും ഇല്ലെന്നും, ജനങ്ങളോടുള്ള ഐക്യ ആഹ്വാനത്തോടൊപ്പം പ്രസിഡൻ്റ് പറഞ്ഞത് ശ്രദ്ധേയമാണ്.
അമേരിക്കയും ഇസ്രായേലും ചേർന്ന് തുടർന്നും ആക്രമിക്കാനുള്ള സാധ്യത ഇറാൻ മുന്നിൽ കാണുന്നുണ്ടെന്നത് വ്യക്തമാണ്. ഔദ്യോഗിക ഏജൻസിക്ക് നൽകിയ അഭിമുഖത്തിലും ഇറാൻ പ്രസിഡൻ്റ് വ്യക്തമാക്കുന്നത് ആക്രമിച്ചാൽ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് തന്നെയാണ്. ഇസ്രായേലുമായി 12 ദിവസം നീണ്ടുനിന്ന യുദ്ധ സമയത്തേക്കാൾ ശക്തമായ നിലയിലാണ് ഇറാൻ ഇപ്പോഴെന്ന് പ്രസിഡൻ്റ് പറയുന്നതും വെറുതെയല്ല. ആയുധങ്ങളുടെയും സേനാബലത്തിന്റെയും കാര്യത്തിൽ മുൻപത്തേക്കാൾ ശക്തമാണെന്നാണ് മുന്നറിയിപ്പ്. രാജ്യത്തിനകത്ത് എന്തെങ്കിലും സംഭവിച്ചു കാണാൻ ശത്രുക്കൾ കാത്തിരിപ്പുണ്ടെന്നും ഒരുമിച്ച് നിൽക്കണമെന്നും അഭിമുഖത്തിൽ ഇറാൻ പ്രസിഡൻ്റ് പറയുന്നുണ്ട്. രാജ്യത്ത് ലിംഗപരമോ മത-വംശീയ - വിശ്വാസപരമോ ആയ ഒരു വിവേചനവും ഇല്ലെന്നു മസൂദ് പെസഷ്കിയാൻ പറഞ്ഞതും ശ്രദ്ധേയമാണ്. ഇസ്രായേലുൾപ്പടെ നേരത്തെ ഇത് വിഷയമാക്കി ഉയർത്തിയിരുന്നു. ഉപരോധങ്ങൾ കാരണം നേരിടുന്ന പ്രതിസന്ധികളും ഇറാൻ പ്രസിഡൻ്റ് വിവരിച്ചു. ബാരലിന് 75 ഡോളറിന് വിറ്റിരുന്ന എണ്ണ ഇപ്പോൾ 50 ഡോളറിനാണ് വിൽക്കുന്നത്. എങ്കിലും പുതുവർഷത്തിൽ 2.5 ബില്യൺ ഡോളർ സബ്സിഡിയായി നൽകുമെന്ന് മസൂദ് പെസഷ്കിയാൻ പ്രഖ്യാപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam