
ടെഹ്റാന്‍: സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ രാജ്യത്തുടനീളം ശക്തമാകുന്നതിനിടെ ടെഹ്‌റാനിലെ ഷരീഫ് ടെക്‌നോളജി സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെ ഇറാൻ പൊലീസിന്‍റെ അതിക്രമം. സെപ്തംബര്‍ 17 ന് മതപൊലീസ് ശരിയായി ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് പിടികൂടിയ മഹ്സ അമിനയെ മത പൊലീസ് ക്രൂരമായ മര്‍ദ്ദനത്തിന് വിധേയയാക്കി തുടര്‍ന്ന് കോമയിലായ മഹ്സ അമിന മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ വച്ച് മരിച്ചു. ഇതിന് പിന്നാലെയാണ് ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായത്. രാജ്യത്തെ സ്ത്രീകളും വിദ്യാര്‍ത്ഥികളും ആരംഭിച്ച പ്രക്ഷോഭം മൂന്നാമത്തെ ആഴ്ചയും ശക്തമായി തുടരുകയാണ്.
മഹ്സി അമിനിയുടെ മരണത്തിന് പിന്നാലെ നടന്ന പ്രതിഷേധങ്ങളില്‍ സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഇതുവരെയായി 133 പേരെങ്കിലും കൊല്ലപ്പെട്ടതായി നോർവേ ആസ്ഥാനമായുള്ള ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച തെക്ക്-കിഴക്കൻ നഗരമായ സഹെദാനിൽ നടന്ന ഏറ്റുമുട്ടലിൽ 41 പേര്‍ കൊല്ലപ്പെട്ടതായി ബലൂച്ചില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചതിരിഞ്ഞ് 200 ഓളം വിദ്യാർത്ഥികൾ ഷരീഫ് ടെക്‌നോളജി സർവകലാശാല ക്യാമ്പസിൽ പ്രതിഷേധവുമായി ഒത്തുകൂടി "സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം", "വിദ്യാർത്ഥികൾ അപമാനത്തേക്കാൾ മരണത്തെ ഇഷ്ടപ്പെടുന്നു" എന്നിങ്ങനെ വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം ഉയര്‍ത്തിയതായി അർദ്ധ-ഔദ്യോഗിക മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പ്രകടനം ശക്തമായതോടെ മതസ്ഥാപനങ്ങള്‍ക്ക് നേരെയും മുദ്രാവാക്യം വിളിയുയര്‍ന്നു. തുടര്‍ന്ന് ഉച്ച കഴിഞ്ഞ് സുരക്ഷാ സേന ക്യാമ്പസിലെത്തിയതിന് പിന്നാലെയാണ് അക്രമ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ പ്രകടനത്തിനിടെ ആസാദി മുദ്രാവാക്യവും മുഴക്കി.
സുരക്ഷാ ഉദ്യോഗസ്ഥർ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കണ്ണീർ വാതകവും പെയിന്‍റ് ബോളുകളും പ്രയോഗിച്ചതായി മെഹർ റിപ്പോർട്ട് ചെയ്തു. ഇതോടെ വിദ്യാര്‍ത്ഥികള്‍ ചിതറിയോടി. സാമൂഹ്യമാധ്യമങ്ങളിലെ വീഡിയോകളില്‍ ഓടുന്ന വിദ്യാര്‍ത്ഥികളെ മോട്ടോര്‍ ബൈക്കുകളില്‍ സുരക്ഷാ സേന പിന്തുടരുന്നത് കാണാം. ഇതിനിടെ വിദ്യാര്‍ത്ഥികള്‍ കാര്‍ പാര്‍ക്കിങ്ങ് വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ഇതിനിടെ വെടിയൊച്ചകളും കേള്‍ക്കാം. നിരവധി വിദ്യാർത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റു. സുരക്ഷാ സേന റബര്‍ ബുള്ളറ്റ് തോക്കുകൾ ഉപയോഗിച്ച് വെടിവച്ചതായും സംഭവത്തെ തുടര്‍ന്ന് 30 മുതൽ 40 വരെ അറസ്റ്റ് ചെയ്യപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.
സയൻസ് മന്ത്രി മുഹമ്മദ് അലി സുൾഫിഗോൾ വിദ്യാർത്ഥികളുമായും സുരക്ഷാ സേനയുമായും സംസാരിക്കാൻ ക്യാമ്പസിലെത്തിയെന്നും പിന്നാലെ സ്ഥിതി ശാന്തമായതായും വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. സര്‍വ്വകലാശാല താത്ക്കാലികമായി അടച്ചു. 'തന്‍റെ ഹൃദയം ആഴത്തില്‍ വേദനിച്ചു' എന്നായിരുന്നു 22 കാരിയായ കുര്‍ദിഷ് യുവതി മഹ്സ അമിനിയുടെ മരണത്തില്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ആദ്യം പ്രതികരിച്ചത്. പിന്നാലെ പ്രതിഷേധം ശക്തമായപ്പോള്‍ പ്രതിഷേധക്കാരെ 'കലാപകാരികള്‍' എന്ന് വിശേഷിപ്പിച്ച ഖമേനി, പ്രതിഷേധത്തെ എന്ത് വിധേനയും അടിച്ചമര്‍ത്തുമെന്നും പ്രതിഷേധം വിദേശത്തുള്ള ചില രാജ്യദ്രോഹികളായ ഇറാനികളുടെ സഹായത്തോടെ" ആസൂത്രണം ചെയ്തതാണെന്നും ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam