ഇറാൻ ആണവായുധം ഉണ്ടാക്കുന്നില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ തയാർ, ഉറപ്പ് പറഞ്ഞ് പ്രസിഡന്‍റ് പെസെഷ്കിയാൻ; അമേരിക്കയുമായി ചർച്ചകൾക്ക് വഴി തുറക്കുന്നു?

Published : May 25, 2026, 12:10 AM IST
Iran President Masoud Pezeshkian

Synopsis

ഇറാൻ ആണവായുധം നിർമ്മിക്കുന്നില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ തയ്യാറാണെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ വ്യക്തമാക്കി. അമേരിക്കയുമായുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കാനുള്ള സാധ്യതകൾക്കിടെയാണ് ഈ പ്രസ്താവന. ഇറാന്റെ ആണവ പദ്ധതി സമാധാന ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്നും അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ തയ്യാറാണെന്നും അദ്ദേഹം ഉറപ്പുനൽകി

ടെഹ്റാൻ: ഇറാൻ ആണവായുധം നിർമ്മിക്കുന്നില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താൻ പൂർണ്ണമായും തയ്യാറാണെന്ന് വ്യക്തമാക്കി പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ രംഗത്ത്. അമേരിക്കയുമായി നേരിട്ടുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള സൂചനകൾ പുറത്തുവരുന്നതിനിടെയാണ് ഇറാന്റെ ഭാഗത്തുനിന്നുള്ള ഈ സുപ്രധാന പ്രതികരണം. തങ്ങളുടെ ആണവ പദ്ധതികൾ പൂർണ്ണമായും സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്ന് ഉറപ്പുനൽകിയ പ്രസിഡന്റ്, അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ തയ്യാറാണെന്നും അറിയിച്ചു. നിലവിലുള്ള തർക്കങ്ങൾ പരിഹരിക്കാനും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള നയതന്ത്ര ചർച്ചകൾക്ക് ഈ ഉറപ്പ് പുതിയൊരു ഊർജ്ജം നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ അമേരിക്കയുമായുള്ള സമാധാന ചർച്ചകളിലേക്ക് വീണ്ടും നീങ്ങുന്നുവെന്ന സൂചന നൽകിയും പെസെഷ്കിയാൻ രംഗത്തെത്തിയിരുന്നു. നയതന്ത്ര ചർച്ചകളിലെ തീരുമാനങ്ങൾ അംഗീകരിക്കണം എന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ജനങ്ങളോടും മാധ്യമങ്ങളോടും ആഹ്വാനം ചെയ്‌തിരുന്നു. എല്ലാ തീരുമാനവും സുപ്രീം കൗൺസിലും പരമോന്നത നേതാവും അംഗീകരിച്ചത് മാത്രമാണ് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ശുഭ സൂചനയോ?

നയതന്ത്ര ചർച്ചകളിലെ തീരുമാനങ്ങൾ അംഗീകരിക്കണം എന്ന ഇറാൻ മാധ്യമങ്ങളോടും പൊതു ജനങ്ങളോടും ഉള്ള ഇറാൻ പ്രസിഡന്റിന്റെ ആഹ്വാനം ശ്രദ്ധേയമാണ്. വിയോജിപ്പുകൾക്ക് എതിരെയുള്ള മുന്നറിയിപ്പെന്നാണ് സൂചന. എടുക്കുന്ന എല്ലാ തീരുമാനവും സുപ്രീം കൗൺസിലും പരമോന്നത നേതാവും അംഗീകരിച്ചത് മാത്രമാണ് എന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്ക - ഇറാൻ ധാരണയുടെ വിവരങ്ങൾ പുറത്തു വന്നതിന് പിന്നാലെ വിവിധ വിവരങ്ങൾ നിഷേധിച്ച് ഇറാൻ മാധ്യമങ്ങൾ രംഗത്തു വന്നിരുന്നു. ഇറാൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം 60 ദിവസം വെടി നിർത്തൽ എന്നത് കരാറിൽ ഇല്ല. ഹോർമുസിൽ കടന്നു പോകുന്ന കപ്പൽ എണ്ണം സാധാരണനിലയിലാകും എങ്കിലും നിയന്ത്രണം ഇറാന് തന്നെയായിരിക്കും. അമേരിക്ക - ഇറാൻ ധാരണകൾ ഇസ്രയേലിനും ബാധകമാണ്. എല്ലാ മേഖലയിലും യുദ്ധം നിർത്തുന്ന ധാരണ ലബനനിൽ ഉൾപ്പടെ ബാധകമാകും. യുറേനിയം ശേഖരം മാറ്റാനും ആണവ പദ്ധതി നിർത്തിവെക്കാനും കരാറിൽ പറഞ്ഞിട്ടില്ല. ഇതോടൊപ്പം നാവിക ഉപരോധം മുപ്പത് ദിവസത്തിനകം നീക്കണം. സ്വത്തുക്കൾ ഘട്ടം ഘട്ടമായി വിട്ടുനൽകണം. ഇവയാണ് ഇറാന്‍റെ അവകാശ വാദങ്ങൾ. അതേസമയം ചർച്ചകൾ ധാരണയിലേക്കെത്തുന്നു എന്ന വാദങ്ങൾ തള്ളുന്നില്ല എന്നത് ശ്രദ്ധേയമായി. വലിയ വിട്ടുവീഴ്ച്ചകൾക്ക് തയാറായിട്ടില്ലെന്ന് സ്ഥാപിക്കാനാണ് ഇറാൻ മാധ്യമങ്ങളുടെ ശ്രമം. ചർച്ചകൾ ധാരണയിലെത്തുന്നതായി അമേരിക്കയും പറഞ്ഞിരുന്നു. അതേസമയം പരസ്യ പ്രസ്താവനകളും പരസ്പര വിരുദ്ധ നിലപാടുകളും ധാരണയെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. ഇന്നലെ നടന്ന ടെലിഫോൺ ചർച്ചകളിൽ അമേരിക്ക - ഇറാൻ - പാകിസ്ഥാൻ എന്നിവർക്ക് പുറമെ നേരിട്ടല്ലെങ്കിലും സൗദി, ഖത്തർ, യു എ ഇ, ജോർദാൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളും പങ്കെടുത്തു. ടെലിഫോണിൽ ആണെങ്കിലും മിനി ഉച്ചകോടി തന്നെ നടന്നെന്ന് ചുരുക്കം. എന്തായാലും ലോകം കാത്തിരിക്കുന്ന സമാധാന വാർത്ത അധികം വൈകാതെ പുറത്തുവരുമെന്നാണ് സൂചന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'തിരക്കിട്ട് ഒരു കരാർ ആഗ്രഹിക്കുന്നില്ല', കരാറിലെത്തുന്നതുവരെ ഹോർമുസ് ഉപരോധം തുടരുമെന്നും ഡോണൾഡ് ട്രംപ്
ലോകം നിർണായക പ്രഖ്യാപനത്തിനായി കാത്തിരിക്കവേ കടുത്ത നിലപാടിൽ ഇറാൻ എംപി; 'ഇറാന്‍റെ ആവശ്യങ്ങൾ അംഗീകരിക്കപ്പെടാത്ത കരാർ എങ്കിൽ ഇറാന്‍റെ പരാജയം'